പാളയത്തില്‍ പട; ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക്?

JUNE 7, 2026, 10:07 PM

പശ്ചിമ ബംഗാളില്‍ ദീര്‍ഘകാലം ഭരണം കൈയാളിയ തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി) ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, ക്രിമിനല്‍ കേസുകള്‍ എന്നിവയില്‍ പാര്‍ട്ടി നേതാക്കള്‍ കൂട്ടത്തോടെ അഴിക്കുള്ളിലാകുമ്പോള്‍, തെരുവില്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കുന്ന കാഴ്ചയാണ് ബംഗാളില്‍ ഉടനീളം കാണുന്നത്. ഭൂരിഭാഗം ജനപ്രതിനിധികളും മുഖ്യമന്ത്രി മമത ബാനര്‍ജിയെ കൈയൊഴിയുന്നു എന്ന സൂചനകളാണ് ഒടുവിലത്തെ സംഭവ വികാസങ്ങള്‍ വ്യക്തമാക്കുന്നത്.

ഒളിച്ചോടുന്ന നേതാക്കളും തെരുവിലെ മുട്ടയേറും

അറസ്റ്റിലാകുന്ന തൃണമൂല്‍ നേതാക്കള്‍ക്ക് നേരെ ജനങ്ങള്‍ പരസ്യമായി രംഗത്തിറങ്ങുന്നത് പാര്‍ട്ടിയുടെ അടിത്തറ ഇളകിയതിന്റെ തെളിവാണ്. കൊല്‍ക്കത്തയിലെയും ഹൗറയിലെയും പുതിയ സംഭവങ്ങള്‍ ഇതിന് അടിവരയിടുന്നു. 2021-ലെ തിരഞ്ഞെടുപ്പാനന്തര അക്രമ സംഭവങ്ങളില്‍ പ്രതിയായ ഹൗറയിലെ തൃണമൂല്‍ പ്രവര്‍ത്തകന്‍ ബ്രഹ്മാനന്ദ ചക്രവര്‍ത്തിയെ പിടികൂടാന്‍ പൊലീസ് എത്തിയപ്പോള്‍ കണ്ടത് നാടകീയ രംഗങ്ങളാണ്. വീടിനുള്ളില്‍ സാരികള്‍ കൂട്ടിയിട്ടിരിക്കുന്നതിനിടയില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മുഹമ്മദ് ജസിമുദീന്‍ ഗേറ്റുകള്‍ പൂട്ടി വീടിനകത്ത് ഒളിച്ചിരുന്നു. ഒടുവില്‍ 6 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പൊലീസ് പൂട്ടുതകര്‍ത്താണ് ഇയാളെ വലയിലാക്കിയത്. അഴിമതിക്കേസില്‍ അറസ്റ്റിലായ കൗണ്‍സിലര്‍ ബാപ്പാദിത്യ ദാസ്ഗുപ്തയെ കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ജനക്കൂട്ടം 'കള്ളന്‍' എന്ന് വിളിച്ച് മുട്ടയെറിഞ്ഞു. ഹൗറയില്‍ തൃണമൂല്‍ നേതാക്കള്‍ക്ക് വേണ്ടി പിരിവ് നടത്തിയിരുന്ന സന്നാശി മന്ന എന്നയാളെ ജനങ്ങള്‍ പിടികൂടി തലമൊട്ടയടിച്ച് ചെരിപ്പുമാല അണിയിച്ച് റോഡിലൂടെ നടത്തിച്ച സംഭവം പാര്‍ട്ടിയോടുള്ള ജനരോഷം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.

മമതയെ കൈവിട്ട് ജനപ്രതിനിധികള്‍

അഴിമതി ആരോപണങ്ങളില്‍ പാര്‍ട്ടി പ്രതിരോധത്തിലായതോടെ മമത ബാനര്‍ജിയുടെ നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയ അസംതൃപ്തി പുകയുകയാണ്. എം.എല്‍.എമാരും എം.പിമാരും കൗണ്‍സിലര്‍മാരും മമതയെ പരസ്യമായി അവഗണിക്കാന്‍ തുടങ്ങിയിരിക്കുന്നു.

പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര തകര്‍ച്ചയും മമത ബാനര്‍ജിക്കെതിരെയുള്ള ജനപ്രതിനിധികളുടെ പ്രതിഷേധവും വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടിയന്തരമായി വിളിച്ചുചേര്‍ത്ത എം.എല്‍.എമാരുടെ യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന 80 പേരില്‍ വെറും 8 പേര്‍ മാത്രമാണ് എത്തിയത്. കൊല്‍ക്കത്ത കോര്‍പറേഷനിലെ 136 കൗണ്‍സിലര്‍മാരുടെ യോഗമാകട്ടെ, ഭൂരിപക്ഷം പേരും എത്തില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് അവസാന നിമിഷം റദ്ദാക്കേണ്ടി വരികയും ചെയ്തു. ഇതിനുപുറമെ, പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ നിന്ന് ജനപ്രതിനിധികള്‍ കൂട്ടത്തോടെ വിട്ടുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയുടെ 28 ലോക്‌സഭാംഗങ്ങളില്‍ നാല് പേരും, 13 രാജ്യസഭാംഗങ്ങളില്‍ രണ്ട് പേരും മമത വിളിച്ച യോഗങ്ങളില്‍ പങ്കെടുക്കാതെ മാറിനിന്നു.

കൊല്‍ക്കത്ത കോര്‍പറേഷന്‍ മേയര്‍ ഫിര്‍ഹാദ് ഹക്കിം രാജിവച്ചതോടെ പുതിയ മേയറെ കണ്ടെത്താന്‍ മമത ബാനര്‍ജി സ്വന്തം വസതിയില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത കൗണ്‍സിലര്‍മാരുടെ യോഗം ഭൂരിപക്ഷം പേരും എത്തില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് അവസാന നിമിഷം റദ്ദാക്കേണ്ടി വന്നത് മമതയ്ക്ക് ഏറ്റ കനത്ത തിരിച്ചടിയാണ്.

കൊല്‍ക്കത്ത കോര്‍പറേഷനിലെ 136 തൃണമൂല്‍ കൗണ്‍സിലര്‍മാരില്‍ എട്ട് പേര്‍ ഇതിനകം ജയിലിലാണ്. ഭരണം പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ കോര്‍പറേഷന്‍ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്താനാണ് പുതിയ സര്‍ക്കാരിന്റെ നീക്കം. പതിറ്റാണ്ടുകളായി ബംഗാള്‍ രാഷ്ട്രീയത്തില്‍ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായിരുന്ന മമത ബാനര്‍ജിയുടെ അപ്രമാദിത്വത്തിന് അന്ത്യം കുറിക്കുന്നതാണോ ഈ ജനരോഷവും ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങളും എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam
vachakam