ബെലഗാവി: കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം അവസാനിച്ചാലുടന്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകുമെന്ന് രാമനഗരയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ഇഖ്ബാല്‍ ഹുസൈന്‍. ശിവകുമാറിന്റെ കഠിനാദ്ധ്വാനത്തിനുള്ള പ്രതിഫലം അദ്ദേഹത്തിന് കിട്ടണം. എല്ലാം എത്രയും പെട്ടെന്ന് തന്നെ നടക്കും. സമ്മേളനം അവസാനിച്ചാലുടന്‍ ആ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഖ്യകള്‍ക്ക് വലിയ പ്രാധാന്യമില്ല. ഹൈകമ്മാന്‍ഡിന്റെ നിര്‍ദ്ദേശമാണ് പ്രധാനം. എല്ലാം അവിടെ നിന്ന് തീരുമാനിക്കും. ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ ആര്‍ക്കും അനുസരിക്കാതിരിക്കാനാകില്ല. ശിവകുമാര്‍ മുഖ്യമന്ത്രിയാകുന്നതിന് സംക്രാന്തി വരെ കാത്തു നില്‍ക്കേണ്ടതില്ലെന്നും ബെലഗാവി സുവര്‍ണ സൗധയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
തന്റെ തലയിലെഴുത്ത് കൊണ്ടാണ് താന്‍ നിയമസഭാംഗമായത്. അതുപോലെ തന്നെ ഡി.കെ ശിവകുമാറിന്റെയും തലയില്‍ മുഖ്യമന്ത്രിയാകണമെന്ന് എഴുതിയിട്ടുണ്ടെങ്കില്‍ അത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം തങ്ങള്‍ 55 സമാജികര്‍ അത്താഴവിരുന്നില്‍ പങ്കെടുത്തിരുന്നു. തങ്ങള്‍ എല്ലാവരും ശിവകുമാര്‍ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.
അത്താഴവിരുന്നില്‍ രാഷ്ട്രീയ ചര്‍ച്ചകളൊന്നും ഉണ്ടായില്ല. 224 എംഎല്‍എമാരെയും ക്ഷണിച്ചിരുന്നെങ്കില്‍ അത്താഴവിരുന്നില്‍ പങ്കെടുത്തേനെ. അത് കോണ്‍ഗ്രസോ ജെഡിഎസോ ബിജെപിയോ ആയത് കൊണ്ടല്ല. മറിച്ച് അത് വിശ്വാസവും സ്നേഹവും ബന്ധങ്ങളും കൊണ്ടാണ്. എല്ലാവരും ഡി.കെ ശിവകുമാറുമായി അടുപ്പമുള്ളവരാണ്. എല്ലാവരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്. എന്നാല്‍ അവര്‍ക്കെല്ലാം അവരുടേതായ കക്ഷികളുമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ഏറെ അച്ചടക്കമുള്ള കക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആരോഗ്യവകുപ്പ് മന്ത്രി ദിനേശ് ഗുണ്ടറാവു മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് വേണ്ടി രംഗത്ത് എത്തി. സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ ആശയക്കുഴപ്പങ്ങളും സംബന്ധിച്ച് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മില്‍ ഇതിനകം തന്നെ ചര്‍ച്ച നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവാദിത്തമുള്ള പ്രസ്താവനയും നടത്തിയിട്ടുണ്ട്. മറ്റ് യാതൊരു വിശദീകരണങ്ങളും ഇക്കാര്യത്തില്‍ ആവശ്യമില്ല. തികഞ്ഞ ആദരവോടെയാണ് മുഖ്യമന്ത്രി പെരുമാറിയത്. അതാണ് തങ്ങളുടെ അന്തിമ വാക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അത്താഴവിരുന്നില്‍ നേതൃമാറ്റം സംബന്ധിച്ച എന്തെങ്കിലും ചര്‍ച്ച ഉണ്ടായോ എന്ന ചോദ്യത്തോട് തനിക്കറിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താന്‍ അത്താഴവിരുന്നില്‍ പങ്കെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭായോഗമുള്ളതിനാലാണ് പോകാതിരുന്നത്. മിക്കപ്പോഴും ഇവിടെ അത്താഴവിരുന്നുകള്‍ നടക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
