ചെന്നൈ: ബിജെപിയും എഐഎഡിഎംകെയും തമ്മിലുള്ള പുതുക്കിയ സൗഹൃദം 'പരാജയത്തിന്റെ അഴിമതി നിറഞ്ഞ സഖ്യം' ആണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. അധികാരം നേടിയെടുക്കുന്നതിനായി ഇരു പാര്‍ട്ടികളും സംസ്ഥാനത്തിന്റെ സ്വയംഭരണാവകാശം പണയപ്പെടുത്തിയെന്ന് സ്റ്റാലിന്‍ ആരോപിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈ സന്ദര്‍ശിച്ച് 2026 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനായി ബിജെപി-എഐഎഡിഎംകെ സഖ്യം പുനഃസംഘടിപ്പിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് സ്റ്റാലിന്റെ പരാമര്‍ശം.
'എഐഎഡിഎംകെ-ബിജെപി സഖ്യം പരാജയപ്പെടാന്‍ വിധിക്കപ്പെട്ട ഒരു സഖ്യമാണ്. ഈ സഖ്യത്തിന് ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍ സമ്മാനിച്ചത് തമിഴ്നാട്ടിലെ ജനങ്ങളാണ്. ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അതേ പരാജയപ്പെട്ട സഖ്യത്തെ പുനഃസ്ഥാപിച്ചു,' സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബിജെപി-എഐഎഡിഎംകെ കരാറിന്റെ പ്രത്യയശാസ്ത്ര വ്യക്തതയില്ലായ്മയെ സ്റ്റാലിന്‍ ചോദ്യം ചെയ്തു, സഖ്യം നിലനില്‍ക്കുന്ന അടിസ്ഥാന തത്വങ്ങള്‍ വ്യക്തമാക്കുന്നതില്‍ ഷാ പരാജയപ്പെട്ടുവെന്ന് അദ്ദേഹം വാദിച്ചു.
'നീറ്റ്, ഹിന്ദി അടിച്ചേല്‍പ്പിക്കല്‍, ത്രിഭാഷാ നയം, വഖഫ് നിയമം എന്നിവയെ എഐഎഡിഎംകെ എതിര്‍ക്കുന്നു. മണ്ഡലപരിധി നിര്‍ണ്ണയ സമയത്ത് തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയ്ക്കരുതെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഇതെല്ലാം 'പൊതു മിനിമം പരിപാടിയുടെ' ഭാഗമാണോ? കേന്ദ്ര ആഭ്യന്തര മന്ത്രി ഇവയിലൊന്നും സംസാരിച്ചില്ല. എഐഎഡിഎംകെ നേതൃത്വത്തെ സംസാരിക്കാന്‍ അനുവദിച്ചില്ല. പകരം, ഡിഎംകെയെയും ഡിഎംകെ സര്‍ക്കാരിനെയും എന്നെയും വ്യക്തിപരമായി വിമര്‍ശിക്കാന്‍ മാത്രമാണ് അദ്ദേഹം പത്രസമ്മേളനം നടത്തിയത്,' സ്റ്റാലിന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്