ആറു വർഷം മുൻപ് ഒരു മാർച്ചിലാണ് തിയറ്ററുകളിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന മോഹൻലാൽ കഥാപാത്രം ആ ഹിറ്റ് ഡയലോഗ് പറഞ്ഞത്. അത് ഇങ്ങനെയായിരുന്നു: 'എന്നെ അറിയാവുന്നവരോട് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്. നർകോട്ടിക്‌സ് ഈസ് എ ഡർട്ടി ബിസിനസ്..' 'ഐ.യു.എഫ് നർകോട്ടിക് ഫണ്ടിംഗ് എടുത്താൽ അതിനെ പിൻപറ്റി കേരളത്തിലെ യുവാക്കളുടെ ഞരമ്പുകളിലൂടെ ഒഴുകാൻ പോകുന്നത് കേട്ടുകേൾവി പോലുമില്ലാത്ത ലഹരി മരുന്നുകളായിരിക്കും.
ഇന്ന് കാമ്പസുകളിലും സ്‌പോർട്ട്‌സ് അക്കാദമികളിലും സിനിമാ സെറ്റുകളിലും രഹസ്യമായി കൈമാറുന്നത് നാളെ പരസ്യമായ കച്ചവടമാകും...' മുരളി ഗോപി അന്ന് ഈ ഡയലോഗ് എഴുതുമ്പോൾ അതിന് അത്രമേൽ പ്രവചന സ്വഭാവമുണ്ടെന്ന് അദ്ദേഹം പോലും ഓർത്തിട്ടുണ്ടാവില്ല. ആറു വർഷം മുൻപത്തെ കേരളമല്ല ഇന്നത്തെ കേരളം. ക്യാമ്പസുകളിൽ ഇത്രമേൽ രാസലഹരി എത്തിയിരുന്നില്ല.
സിനിമാ സെറ്റുകളിലെ കഞ്ചാവ് കൈമാറ്റം പോലും വലിയ വാർത്തയായിരുന്നു. നടന്മാർ പലരും കുറ്റവാളികളെപ്പോലെ പോലീസ് സ്റ്റേഷന്റെ ബഞ്ചിലിരിക്കുന്നത് കേരളം കണ്ടു. യുവാക്കളിലേക്ക് 'സാധനം' എത്തുന്നതിന്റെ രാജ്യാന്തര റൂട്ട് ഇത്രത്തോളം വഴി തുറന്നിരുന്നില്ല.
ലഹരി ബോട്ട്
അന്താരാഷ്ട്ര വിപണിയിൽ 25000 കോടിയെങ്കിലും വില വരുന്ന ലഹരിയുമായി വന്ന ബോട്ട് കേരളതീരത്ത് പിടികൂടി എന്ന വാർത്ത ആഗോള മയക്കുമരുന്ന് ശൃംഖലയുമായി കേരളം എത്രമാത്രം ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ ഏറ്റവും ഭീതിയുണർത്തേണ്ട ഉദാഹരണമായിരുന്നു. അന്താരാഷ്ട്ര ലഹരി മാഫിയകൾ പോലും ഇന്ന് കേരളത്തെ നോട്ടമിടുന്നു എന്ന ഞെട്ടിപ്പിക്കുന്ന വസ്തുത. ലഹരിയുടെ ഒഴുക്ക് ക്രമാതീതമായി കേരളത്തിലേക്ക് വർദ്ധിച്ചു വരുന്ന സ്ഥിതി.
മറ്റ് പല കച്ചവടങ്ങളെയും പോലെ ചെറിയതോതിൽ ആരംഭിച്ച് അനുകൂല പരിസ്ഥിതി സംജാതമാകുന്നു എന്ന് കണ്ടതോടെ മയക്കുമരുന്നിന്റെ വരവും വ്യാപാരവും വ്യാപിക്കുകയായിരുന്നുവെന്നാണ് സാമൂഹിക നിരീക്ഷകരുടെ വിലയിരുത്തൽ. സാമൂഹ്യവും രാഷ്ട്രീയവുമായ പിന്തുണ ലഭിക്കുന്ന സുരക്ഷിതമായ ഒരിടം, കേരളം! സൗഹൃദങ്ങളുടെ വ്യാപ്തി എല്ലാ തലങ്ങളിലും വ്യാപിച്ചതോടെ ഇവിടെ കച്ചവടം കൊഴുത്തു.
ഓടിത്തളർന്ന് എക്‌സൈസും
കാലം മാറി. എക്‌സൈസിന് രാവെന്നോ പകലെന്നോ ഇല്ലാതെ ഒാടേണ്ട സ്ഥിതി കൊച്ചു കേരളത്തിലുണ്ടായി. ആറു വർഷം മുൻ പിറങ്ങിയ ലൂസിഫർ സിനിമയിലെ ഡയലോഗ് മെല്ലെ യാഥാർത്ഥ്യമാവുകയായിരുന്നു. പുറത്തുവന്ന കണക്കുകൾ അതാണ് സൂചിപ്പിക്കുന്നത്. ഇക്കാലയളവിൽ പരിശോധനകൾ കർശനമാക്കുമ്പോഴും സംസ്ഥാനത്ത് ലഹരി ഇടപാടുകളിൽ വർധനയാണ് രേഖപ്പെടുത്തപ്പെട്ടത്.
2016 മുതൽ 2022 വരെയുള്ള കണക്കുകളിൽ ലഹരിക്കേസുകളിൽ 360 ശതമാനം വർധനയാണ് കേരളത്തിൽ ഉണ്ടായത്. 2021ൽ 25,000ത്തോളം പേരാണ് ലഹരിക്കേസിൽ അറസ്റ്റിലായതെങ്കിൽ 2022ൽ അത് 27,545 ആയി. 2022ൽ രാജ്യത്തെ മൊത്തം എൻ.ഡി.പി.എസ്. അറസ്റ്റുകളുടെ 29.4 ശതമാനവും കേരളത്തിലായിരുന്നു. 2023ൽ അറസ്റ്റിലായവരുടെ എണ്ണം 30,000 കടക്കുകയും ചെയ്തിട്ടുണ്ട്.
അതിർത്തി കടന്നുള്ള ലഹരിക്കടത്ത് കൂടിയതോടെയാണ് കേരളം ലഹരിമാഫിയയുടെ പിടിയിലമർന്നത്. കോളേജ് വിദ്യാർഥികൾ, യുവതീ യുവാക്കൾ, സിനിമ, ഐ.ടി. മേഖലകളിലുള്ളവർ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് ലഹരിമാഫിയയുടെ പ്രവർത്തനം.
വിദേശത്തുനിന്ന് അതിർത്തി കടത്തിയാണ് നേരത്തേ രാസലഹരി രാജ്യത്തേക്ക് എത്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഗോവ, ഹൈദരാബാദ്, ബംഗ്‌ളൂരു എന്നിവിടങ്ങളിൽ ലഹരിനിർമാണ കേന്ദ്രങ്ങൾ ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തുതന്നെ ആദ്യമായി ഹൈദരാബാദിൽ രാസലഹരി നിർമാണ കേന്ദ്രം കണ്ടെത്തി ഉടമയെ അറസ്റ്റ് ചെയ്തത് കേരളത്തിൽ നിന്നുള്ള പോലീസ് സംഘമായിരുന്നു. തൃശ്ശൂരിൽ എം.ഡി.എം.എ. പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ മയക്കുമരുന്ന് നിർമാണ കേന്ദ്രം കഴിഞ്ഞ മാസം പോലീസ് കണ്ടെത്തിയത്.
ലഹരിക്കേസുകൾ സംസ്ഥാനമൊട്ടുക്ക് കൂടുമ്പോൾ അതിൽ മുന്നിൽ കൊച്ചിയാണ്. ഇക്കഴിഞ്ഞ സെപ്തംബറിൽ മാത്രം കൊച്ചിയിൽ 137 കേസുകളിലായി 153 പേരാണ് അറസ്റ്റിലായത്. കൊച്ചി മയക്കുമരുന്നിന്റെ ഹബ്ബാണെന്ന ആക്ഷേപം ശരിവയ്ക്കുന്ന കണക്കാണ് ഇക്കാലയളവിൽ പുറത്തുവന്നത്. മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും നിയമവിരുദ്ധ ഉല്പാദനവും വിതരണവും വിൽപ്പനയും തടയുന്നതിന് ജില്ലാ, താലൂക്ക് തലങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ദൗത്യസംഘം രൂപീകരിച്ചിരിക്കുന്നു എന്ന് എറണാകുളം സിറ്റി പൊലീസ് അറിയിച്ചത് 2018 മാർച്ചിലാണ്. പക്ഷേ, എറണാകുളം ഇപ്പോഴും മയക്കുമരുന്നു സംഘങ്ങളുടെ ഇഷ്ടകേന്ദ്രമായിത്തന്നെ തുടരുന്നു.
ഡാർക് വെബ്
അത്യാധുനിക കാലത്തെ അധോലോകമാണ് ഡാർക് വെബ്. അവിടെ ലഹരി വിൽപ്പന സജീവമാണ്. ബംഗ്‌ളൂരു, മുംബൈ, കൊച്ചി, ചെന്നൈ കേന്ദ്രീകരിച്ചുള്ള പ്രമുഖ ഹോട്ടലുകളിലെയും ക്ലബുകളിലേക്ക് രാത്രി പാർട്ടികളിലേക്ക് വേണ്ട ലഹരിയും മറ്റും എത്തുന്നത് ഡാർക് വെബ് വഴിയെന്ന് റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ കാണുന്നത് അധോലോകത്തിന്റെ വികൃത മുഖം തന്നെ. താരങ്ങൾക്ക് ലഹരി എത്തിക്കാൻ ഡാർക് വെബിൽ പ്രത്യേകം ഇടം തന്നെയുണ്ടെന്നാണ് പൊലീസ് റിപ്പോർട്ടുകൾ. സ്വർണക്കടത്തിനും ലഹരി ഇടപാടുകൾക്കും നിരവധി പേർ ഡാർക് വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നത് സാധാരണമായി.
സൈബർ തട്ടിപ്പ് സംഘങ്ങൾ സ്വരൂപിക്കുന്ന പണമുൾപ്പെടെ ക്രിപ്‌റ്റോ കറൻസി വഴി ലഹരി വാങ്ങാൻ ഉപയോഗിക്കുന്നതായാണ് കണ്ടെത്തൽ. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇടപാടുകാർ ആവശ്യക്കാരെ സമീപിക്കുന്നത്. പിന്നീട് ക്രിപ്‌റ്റോ കറൻസി വഴി പണം സ്വീകരിക്കും. പിന്നാലെ വിദേശത്തുനിന്ന് കൊറിയർ വഴി ഉപഭോക്താക്കൾക്ക് ലഹരി എത്തിച്ചുനൽകും.
സങ്കേതികവിദ്യയുടെ പിൻബലത്തോടെ പ്രവർത്തിക്കുന്ന ലഹരിസംഘങ്ങൾ കൂടിയ സാഹചര്യത്തിൽ നിരീക്ഷണം ശക്തമാണെങ്കിലും പഴുതുകൾ കണ്ടെത്തി ലക്ഷ്യം നേടാൻ അധോലോകവും സജ്ജമാണ്. ഷോപ്പിങ് സൈറ്റുകൾപോലുള്ള ആയിരക്കണക്കിന് ലഹരിവിൽപ്പന സൈറ്റുകൾ. ഏത് ലഹരിമരുന്നും ബിറ്റ്‌കോയിൻ ഉപയോഗിച്ച് വാങ്ങാം. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായി നേരിട്ട് ഇടപാടുകൾ നടത്താമെന്നിരിക്കേ, ഇത്തരം ലഹരിവസ്തുക്കൾ കൊറിയർ വഴിയെത്തിക്കുകയാണ് ചെയ്യുന്നത്.
ലഹരി വേട്ടയുടെ നാൾവഴികൾ ഓർക്കുന്ന എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നത് സർവീസ് കാലത്തെ കൊച്ചു കൊച്ചു റെയ്ഡുകളുടെയും ഗോതുരുത്തിലെ കള്ളവാറ്റ് കേന്ദ്രങ്ങൾ തകർത്തതിന്റെയും മറ്റും കഥകളാണ്. വഴിപാടുപോലെ നടന്നിരുന്ന പരിശോധനകൾ. മദ്യത്തിന്റെ വ്യവഹാരങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതിയെന്ന കാലം. അക്കാലം എന്നേയ്ക്കുമായി മാഞ്ഞു പോയിരിക്കുന്നു. മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് എല്ലാ വർഷവും ജൂൺ 26ന് ലോകമെമ്പാടും ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.
1987 ഡിസംബറിലാണ് ഐക്യരാഷ്ട്ര സഭ ലഹരി വിരുദ്ധ ദിനത്തിന് അംഗീകാരം നൽകുന്നത്. ചൈനയിലെ കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ നടത്തിയ ശ്രമങ്ങളെ അനുസ്മരിക്കുക കൂടി ചെയ്യുന്നുണ്ട് ഈ ദിനം. ചൈനയിൽ നടന്ന ഒന്നാം കറുപ്പ് യുദ്ധത്തിന് മുന്നോടിയായി അവിടെ വ്യാപകമായിരുന്ന കറുപ്പ് വ്യാപാരത്തെ ചെറുക്കാൻ ലീൻ സെക്‌സു ധീരമായ ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാവുന്നു നാം മറക്കാതെ ആചരിക്കുന്ന ആ ദിനം.
ഇനി അറിയേണ്ടത് ഒന്നു മാത്രം :
സിനിമയിൽ സ്റ്റീഫൻ നെടുമ്പള്ളി പറയുമ്പോലെ എന്തെങ്കിലും അരുതാത്തത് സംഭവിക്കുമോ എന്നു മാത്രം. 'ഇവിടെ നിന്ന് കൊയ്യുന്ന കോടിക്കണക്കിന് രൂപയുടെ ഡ്രഗ് മണി ചെന്നെത്തുന്നത് ടെററിസ്റ്റ് ഗ്രൂപ്പുകളുടെ പോക്കറ്റിലാണ്.' അപ്പോൾ ഇനി അതിന്റെ വില കൂടി ജീവൻ കൊടുത്ത് മലയാളി വീട്ടേണ്ടി വരുമോ എന്നും കാത്തിരുന്ന് കാണേണ്ടി വരും.
പ്രജിത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്