കേരളത്തിൽ ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്കെതിരെ പോലും നോക്കുകൂലി ചുമത്തും. സി.പി.എമ്മുകാരാണ് നോക്കുകൂലിക്ക് പിന്നിൽ. അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളത്. അവിടെ വ്യവസായം തകർത്ത് തരിപ്പണമാക്കികൊണ്ടിരിക്കുന്നതും ഇടതുപക്ഷ സർക്കാരാണെന്നാണ് നിർമ്മല സീതാരാമൻ പറഞ്ഞത്.
സബാഷ്...! ദിനംതോറും എന്തെല്ലാം മറിമായങ്ങളാണ് അരങ്ങേറുന്നതെന്ന് യാതൊരു പിടിയും കിട്ടുന്നില്ല. ഏറ്റവും ഒടുവിലത്തെ അവതാരം നമ്മുടെ ധനമന്ത്രി നിർമ്മല സീതാരാമൻ ആണ്. അവർ രാജ്യസഭയിൽ സരസമായൊരു ചവിട്ടുനാടകം ആടിതിമിർത്തിരിക്കുന്നു.
കേരളത്തിൽ ബസിൽ നിന്നിറങ്ങി ലഗേജുമായി പോകുന്നവർക്കെതിരെ പോലും നോക്കുകൂലി ചുമത്തും. സി.പി.എമ്മുകാരാണ് നോക്കുകൂലിക്ക് പിന്നിൽ. അങ്ങനെയുള്ള കമ്യൂണിസമാണ് കേരളത്തിലുള്ളത്. ആ കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം തകർത്ത് തരിപ്പണമാക്കിക്കൊണ്ടിരിക്കുന്നത്. തീർന്നില്ല, ബംഗാളിലും തൃപുരയിലും പണ്ടേ പൊടിപോലും കണ്ടുപിടിക്കാനാകാത്ത പരുവത്തിലാക്കിയില്ലേ സി.പി.എംമ്മിനെ. അവിടെ ഏറ്റവും വലിയ കലാപം നടന്നത് സി.പി.എം ഭരിച്ചുകൊണ്ടിരിക്കുമ്പോഴാണെന്നും നർമ്മത്തിന്റെ മേമ്പൊടിയിൽ ചാലിച്ച് ചവിട്ടുനാടകത്തിൽ നിന്നും നേരെ ശിതങ്കൻ തുള്ളലിലേക്കു കടന്നു. ചുരുക്കിപ്പറഞ്ഞാൽ അർമാദിക്കുകയായിരുന്നു ആയമ്മ.
ജോൺ ബ്രിട്ടാസ് തന്നെക്കൊണ്ടാവും വിധം നോക്കൂകൂലിയെ ന്യായീകരിക്കാൻ പഠിച്ചപണി പതിനെട്ടും അതിന്റെ കൂടെ ചില കണ്ണൂർ പ്രയോഗവും രാജ്യസഭയിൽ നടത്തി നോക്കിയെങ്കിലും അതൊന്നും ഏറ്റമട്ടില്ല. എളമരം കരീമാണെങ്കിൽ കേരളത്തിലെ തൊഴിലാളികളെ അച്ചാലും മുച്ചാലും പരിഹസിക്കുകയാണ് ധനമന്ത്രി ചെയ്തതെന്നു പറഞ്ഞതിനെ തിരുവനന്തപുരത്ത് കുത്തിയിരിക്കുന്ന ആശാ വർക്കർമാർ കണ്ണിൽ കോൽ കൊണ്ടുനടക്കുന്ന എളമരമിപ്പോൾ എന്തിനിങ്ങനെ കഷ്ടപ്പെട്ട് കണ്ണിലെ കരടെടുക്കാൻ ശ്രമിക്കുന്നെന്നാണ് ചോദിക്കുന്നത്.
രണ്ടുദിവസം മുമ്പുവരെ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ അടുക്കുന്നതായൊരു തോന്നൽ കേരളക്കരയിൽ അലയടിച്ചുയരുകയായിരുന്നു.
ഇതിനൊക്കെ തുടക്കമിട്ടത് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറായിരുന്നു. മുൻ ഗവർണറെപ്പോലൊന്നുമായിരുന്നില്ല ടിയാൻ. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി പുതിയ ഗവർണർ കേരള ഹൗസിൽ നടത്തിയ നയതന്ത്ര ചാതുര്യമുള്ള ഒത്തുചേരലുകൾ രാജ്യം മുഴുവൻ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. കേരള രാഷ്ട്രീയ ചരിത്രത്തിൽ സർക്കാരുകളും ഗവർണർമാരും തമ്മിൽ വളരെ സംഘർഷാത്മകമായി കടന്നു പോയ വർഷങ്ങളാണ് നാം ഇതുവരെ കണ്ടതും കേട്ടതും.
കേരള ഗവർണറായി ആറു വർഷക്കാലം സേവനമനുഷ്ഠിച്ച ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ എന്നും ഏറ്റുമുട്ടലുകളായിരുന്നു. കാരണം രണ്ടുപേരും ഒട്ടും വിട്ടുകൊടുക്കുന്നവരല്ല. തനിക്കെതിരേ കരിങ്കൊടി ഉയർത്തിയ എസ്.എഫ്.ഐക്കാരെ നേരിടാൻ അദ്ദേഹം തന്നെ രണ്ടും കല്പിച്ചിറങ്ങിയതും ആ ഒരു ശൗര്യവും നാം കണ്ടതാണ്. എന്നാൽ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തനായി പുതിയ ഗവർണർ അർലേക്കർ.
മാത്രമല്ല, കേരളത്തിന്റെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി മുഖ്യമന്ത്രിയ്ക്കും എംപിമാർക്കും ഒപ്പം താനും ഉണ്ടാവുമെന്ന് ഗവർണർ പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. ഗവർണറുടെ വാക്കുകൾക്ക് മുഖ്യമന്ത്രി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി അദ്ദേഹം ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒരു സൽക്കാരം കേരള എംപിമാർക്ക് നൽകി.
പിറ്റേ ദിവസം വളരെ അസാധാരണമായ കൂടിക്കാഴ്ചയാണ് ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര ധനകാര്യമന്ത്രി എന്നിവർ കേരള ഹൗസിലെ പ്രഭാത ഭക്ഷണ വേളയിൽ നടത്തിയത്. കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസും ഒപ്പമുണ്ടായിരുന്നു. കേരളത്തിന്റെ രുചികരമായ അപ്പം, സ്റ്റ്യൂ, പുട്ട്, കടലക്കറി, പ്രസിദ്ധമായ തൃശൂർ ഏത്തപ്പഴം പുഴുങ്ങിയത് എന്നിവയെല്ലാം പ്രഭാത ഭക്ഷണത്തിലുണ്ടായിരുന്നു. രഹസ്യമായി തിരുതയും കരിമീനും മറ്റും വിശിഷ്ടാതിഥികൾക്കെത്തിച്ചുകൊടുത്തു എന്നൊരു കിവദന്തിയും അന്തരീക്ഷത്തിലൂടെ അലയടിച്ചെത്തിയിരുന്നു. തീർന്നില്ല, ഭക്ഷണത്തോടൊപ്പം മനം കുളിർപ്പിക്കുന്ന സംഭാഷണങ്ങളും നടന്നു. കേരളത്തിന്റെ വികസന മേഖലകൾക്ക് കേന്ദ്രം സഹായം നൽകുമെന്ന് ധനകാര്യമന്ത്രി നിർമല സീതാരാമൻ കുറുപ്പിന്റേതല്ലാത്തൊരു ഉറപ്പും കൊടുത്തുവത്രെ..!
50 മിനിട്ട് നീണ്ട സംസാരത്തിനുശേഷം പൊട്ടിച്ചിരിച്ചുകൊണ്ടാണ് പിണറായി വിജയൻ പുറത്തിറങ്ങിയത്. തുടർന്ന് 5,990 കോടി രൂപ കൂടി അധികം കടമെടുക്കാനുള്ള അനുമതി കേന്ദ്രം നൽകി. വയനാട് പ്രകൃതി ദുരന്തത്തിനുള്ള സഹായം, ദേശീയ പാതകൾക്ക് സ്ഥലമെടുക്കാനുള്ള കേന്ദ്ര വിഹിതം, ഇ. ശ്രീധരൻ രൂപം നൽകി മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ച ഹൈസ്പീഡ് റെയ്‌ലിനുള്ള അനുവാദം തുടങ്ങി ഇത്രയും നാൾ കേരളം സമർപ്പിച്ചിട്ടുള്ള എല്ലാ കാര്യങ്ങളിലും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന ഉറച്ചിച്ചതായി മാലോകർ വിശ്വസിച്ചു. അല്ലെങ്കിൽ വിശ്വസിപ്പിച്ചു.
ഇതിനൊക്കെ ചൂട്ടുപിടിച്ച സാക്ഷാൽ പ്രൊഫ. കെ.വി. തോമസിനെ പ്രത്യേകം അനുമോദിക്കേണ്ടതാണെന്നൊക്കെ ചിലർ പുരപ്പുറത്തുകയറി കൊട്ടിഘോഷിക്കുകയും ചെയതു.
കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയ്ക്ക് എങ്ങിനെ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയും എന്ന് കെ.വി. തോമസ് തെളിയിച്ചിരിക്കുന്നു. എന്നൊക്കെയായിരുന്നില്ലെ തട്ട്.
ഗവർണർക്കൊപ്പം ഡൽഹിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ടതിൽ പ്രതിപക്ഷം ഉയർത്തിയ വിമർശനത്തിനു നിയമസഭയിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ഇട്ട പാലത്തിൽ കൂടി അങ്ങോട്ട് പോയതല്ലെന്നും രാഷ്ട്രീയമുള്ള രണ്ടു പേർ കണ്ടാൽ രാഷ്ട്രീയം ഉരുകി പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞ് സഖാക്കളുടെ കയ്യടി വാങ്ങിക്കൊണ്ടിരിക്കെയാണ് ധനമന്ത്രി നിർമ്മല സീതാരാമന്റെ അമിട്ടുപൊട്ടുമാതിരിയുള്ള തട്ട്..! പിണറായി നൽകിയ ബ്രേക്ക് ഫാസ്റ്റിന്റെ നന്ദിപോലും ധനമന്ത്രി കാണിച്ചില്ലെന്നാണിപ്പോൽ രഹസ്യമായി സഖാക്കൾ തന്നെ പറയുന്നത്.
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്