ആശാവർക്കർമാരുടെ സമരം തീർക്കാൻ ബുധനാഴ്ച നടന്ന രണ്ട് ചർച്ചകളും പരാജയമായി, നേരത്തെ ചർച്ചയിൽ ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞത് കേന്ദ്രം പണം തരുന്നില്ലെന്നായിരുന്നു. മാർച്ച് 19 ലെ ചർച്ചയിൽ സർക്കാരിന്റെ സാമ്പത്തിക ഞെരുക്കമാണ് ആശമാരുടെ മുമ്പിൽ മന്ത്രി നിരത്തിയത്.
പാവങ്ങളുടെ കണ്ണീർക്കടലിലേക്ക് നോക്കി അവജ്ഞയോടെ കാർക്കിച്ചു തുപ്പുന്ന മന്ത്രിയുടെ മനോഭാവം പ്രതിഷേധാർഹമാണെന്ന് പൊതുസമൂഹം ചിന്തിക്കുന്നുണ്ട്. ഇന്ന് നടന്ന ആദ്യത്തെ ചർച്ച നാഷണൽ ഹെൽത്ത് മിഷൻ അധികൃതരുമായിട്ടായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി നിയമസഭാ മന്ദിരത്തിലെ തന്റെ ഓഫീസ് മന്ദിരത്തിൽ വച്ചാണ് ആശാവർക്കർമാരുടെ നേതാക്കളെ കണ്ടത്.
കൈമലർത്തിക്കാണിക്കാനും, ദാരിദ്ര്യം പറയാനുമായിരുന്നു ഈ കൂടിക്കാഴ്ച്ച. കൊല്ലം സമ്മേളനത്തിൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഇപ്പോൾ മെച്ചമായെന്ന് പാർട്ടിയണികളെ അറിയിച്ച ധനമന്ത്രി ഇതോടെ, പച്ചക്കള്ളമാണ് പറഞ്ഞതെന്ന കാര്യം ഉറപ്പായിട്ടുണ്ട്.
കണ്ണകിമാരുടെ ശപഥം, ശാപം .........
ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്ത സ്ത്രീകളത്രയും ഹൃദയത്തിൽ തൊഴുന്ന രൂപംകണ്ണകിയുടേതാണ്. രാജാധികാരത്തിനെതിരെ അതികുപിതയായി മാറുന്ന ഒരു ദേവീ പ്രതിഷ്ഠയുള്ള ആറ്റുകാൽ പൊങ്കാലയിൽ ഈ വർഷം പങ്കെടുത്തത് ലക്ഷക്കണക്കിനു സ്ത്രീകളാണ്. അവരോടൊപ്പം 'പൊങ്കാല' യിടാൻ ആശാ സമരക്കാർക്ക് കിറ്റുകൾ എത്തിച്ചുകൊടുത്തത് കേന്ദ്രമന്ത്രിയും ചലച്ചിത്ര നടനുമായ സുരേഷ് ഗോപിയും.
വീട് പോറ്റാൻ കഴിയാത്ത അഭിനവ 'കണ്ണകി' മാരുടെ കലിപ്പ് ഇടതുഭരണത്തെ അൽപ്പമൊന്ന് ഉലച്ചിട്ടുണ്ട്. മൂന്നു മാസത്തെ കുടിശ്ശികയായ ഓണറേറിയം അനുവദിച്ചതും, ഉള്ള പിച്ചക്കാശ് കൊടുക്കാതിരിക്കാൻ ഉദ്യോഗസ്ഥ നിരയിലെ ചില കുത്തിത്തിരുപ്പുകാർ എഴുതിവച്ച 10 മാനദണ്ഡങ്ങൾ പിൻവലിച്ചതുമെല്ലാം ആശമാരുടെ സമരം തണുപ്പിക്കാനുള്ള സർക്കാർ നടപടികളായിരുന്നു. എന്നാൽ, ഓണറേറിയം 21,000 രൂപയാക്കണമെന്നും റിട്ടയർമെന്റ് ആനുകൂല്യമായി 5 ലക്ഷമെങ്കിലും നൽകണമെന്നുമുള്ള പ്രധാന ആവശ്യങ്ങൾ അനുവദിച്ചാൽ മാത്രമേ അനന്തപുരി വിട്ടുപോകൂ എന്ന് 'കണ്ണകീ ശപഥം' പോലെ അവർ ഉരുവിട്ടുകൊണ്ടേയിരിക്കുന്നു.
എളമരം കരീമിനെ പോലെയുള്ള ട്രേഡ് യൂണിയൻ തമ്പ്രാക്കളടക്കം സമരം ചെയ്യുന്നവരെ അവഹേളിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പാളിപ്പോയതായി സി.പി.എംലെ തന്നെ ഒരു പറ്റം നേതാക്കൾ ചിന്തിക്കുന്നുണ്ട്. പൊതുവേ കർക്കിടക മാസത്തിലാണ് ഭരണത്തിനെതിരെയുള്ള രാഷ്ട്രീയ സമരങ്ങൾ അരങ്ങേറുന്നത്. എന്നാൽ ഇത്തവണ ജനകീയ പ്രശ്‌നങ്ങളുടെ മീനച്ചൂടേറ്റ് തളർന്നു തകർന്നുപോയ വീട്ടമ്മമാർ സെക്രട്ടറിയേറ്റ് നടയിലേക്ക് സമരവുമായി തള്ളിക്കയറി വരികയാണ്. 'ആശ'മാരുടെ സമരം മനോരമ ദിനപത്രത്തിന്റെ സൃഷ്ടിയാണെന്ന ഇടതുപക്ഷത്തിന്റെ പ്രചാരണത്തോടെ ആ മാധ്യമം സമരക്കാരെ കൈവിട്ടു കളഞ്ഞു. എന്നാൽ വാശിയോടെ ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ആശമാരുടെ സമരം ഏറ്റെടുത്തിട്ടുണ്ട്.
നാളെ (വ്യാഴം) മുതൽ 'ആശ'മാർ പ്രഖ്യാപിച്ചിട്ടുള്ള നിരാഹാര സമരം സി.പി.എം. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത രാഷ്ട്രീയ സമ്മർദ്ദത്തിലേക്ക് അവരെ കൊണ്ടുചെന്നെത്തിച്ചു കഴിഞ്ഞു. ആശമാരുടെ സെക്രട്ടറിയേറ്റ് വളയൽ സമരം പൊളിക്കാൻ 10 മിനിറ്റ് നേരത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചുവെങ്കിലും അതൊരു തരം 'ബുദ്ധിശൂന്യമായ' നടപടിയായി മാറി. കഴിഞ്ഞ ദിവസം ഉച്ചവരെ പൊരിഞ്ഞ വെയിലിലായിരുന്നു സമരപ്പന്തലിൽ, ഉച്ച കഴിഞ്ഞ് അതേ സമരപ്പന്തലിൽ തകർപ്പൻ മഴ. മദ്ധ്യവയസ്‌ക്കരായ 'ആശ' മാരുടെ സങ്കടങ്ങൾ മൂന്നാഴ്ചയ്ക്കുള്ളിൽ രണ്ടു തവണ 'നേർക്കു നേർ' എന്ന ഞായറാഴ്ച പരിപാടിയിൽ പി.ജി. സുരേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിൽ അവതരിപ്പിച്ചത് പലപ്പോഴും 'ആശ' മാരുടെ ജീവിത കഥകളുടെ കണ്ണീരേടുകളായി.
കോവിഡ് ഡ്യൂട്ടിക്കു പോയ ഒരു ആശാവർക്കറുടെ മാതാപിതാക്കൾ കോവിഡ് ബാധിച്ച് മരിച്ചതും, ദേശീയ ഹോക്കി താരമായിരുന്ന ഏക മകൻ അപകടത്തിൽപെട്ട് കിടപ്പിലായിട്ടും മുടങ്ങാതെ സമരത്തിനെത്തുന്നതും, സമരപ്പന്തലിലേക്ക് വരാൻ യാത്രക്കൂലി ഇല്ലാതിരുന്നപ്പോൾ കൂട്ടുകാരിയായ ആശാവർക്കർ സഹായിച്ചതുമെല്ലാം ഓരോ സമരക്കാരും വിവരിച്ചതു കേട്ടപ്പോൾ നമ്മുടെ ഭരണകൂടത്തിന്റെ ധാർഷ്ട്യവും നിസ്സംഗതയും എത്ര കഠിനമാണെന്ന് തോന്നിപ്പോയി.
അങ്കണവാടിക്കാർക്കുമുണ്ട് സങ്കടങ്ങൾ...
അങ്കണവാടി ഹെൽപ്പർമാരും അധ്യാപകരും സമരത്തിനെത്തിക്കഴിഞ്ഞു. ഐ.എൻ.ടി.യു.സി. നേതൃത്വം നൽകുന്ന യൂണിയനിൽ പെട്ടവരാണ് ആശാവർക്കർമാരുടെ സമരപ്പന്തലിനരികെ ഇതിനകം സമരമാരംഭിച്ചിട്ടുള്ളത്. 2 മാസത്തെ ശമ്പളക്കുടിശ്ശികയാണ് അവർക്കുള്ളത്. 31115 അങ്കണവാടി ജോലിക്കാരാണ് സംസ്ഥാനത്തുള്ളത്. ഇവരിൽ നിന്ന് പ്രതിമാസം 500 രൂപ വച്ച് ക്ഷേമനിധിയിലേക്ക് അംശാദായമായി പിരിച്ചെടുക്കുന്നുണ്ട്. റിട്ടയർമെന്റ് ആനുകൂല്യമായി ഈ തുക പലിശ സഹിതം സർക്കാർ നൽകുമെന്നാണ് ധാരണ. പക്ഷെ, 2021 മുതൽ പിരിഞ്ഞുപോയ ഒരൊറ്റ അങ്കണവാടി ജോലിക്കാർക്കും സർക്കാർ ഈ ആനുകൂല്യം നൽകിയിട്ടില്ല.
ഇല്ലാപ്പാവങ്ങളുടെ സമരങ്ങൾ പലതും സെക്രട്ടറിയേറ്റിനു മുമ്പിൽ അരങ്ങേറുന്നുണ്ട്.ഭിന്നശേഷിക്കാരായ മക്കളെയും കൂട്ടി രക്ഷിതാക്കൾ നടത്തിയ സമരമെല്ലാം മിക്ക മാധ്യമങ്ങളും അവഗണിച്ചു. ആകെക്കൂടി 'മറുനാടൻ മലയാളി' മാത്രമാണ് ഈ വാർത്ത വിശദമായി റിപ്പോർട്ട് ചെയ്തത്. ഭിന്നശേഷിക്കാരുടെ കാര്യത്തിൽ സർക്കാരിന്റെ ഇരട്ടത്താപ്പ് പ്രകടമാക്കുന്ന ഒരു പശ്ചാത്തലം ഈ സമരത്തിനുണ്ട്. സ്‌കൂളുകളിൽ ഭിന്നശേഷിക്കാർക്കായുള്ള നിയമനങ്ങൾ പൂർത്തിയാക്കാത്തതിന്റെ പേരിൽ ആ സ്‌കൂളിൽ ജോലി ചെയ്യുന്ന ദിവസവേതനക്കാരുടെ ശമ്പളം പോലും പിടിച്ചുവയ്ക്കുന്നുണ്ട് സർക്കാർ. എന്നാൽ ഭിന്നശേഷിക്കാരായവർക്കുവേണ്ടി സന്നദ്ധസംഘടനകൾ നടത്തിവരുന്ന സ്‌കൂളുകൾക്ക് സർക്കാർ പലവിധ കാരണങ്ങൾ പറഞ്ഞ് ഗ്രാന്റ് നൽകുന്നില്ല.
അയ്യായിരത്തോളം പരിശീലകരാണ് ഈ മേഖലയിലുള്ളത്. സർക്കാർ ഭിശേഷിക്കാർക്കായി ഒരൊറ്റ സ്‌കൂൾ മാത്രമാണ് സംസ്ഥാനത്ത് നടത്തുന്നത് ശേഷിച്ച ഭിന്നശേഷിക്കാർക്കായുള്ള 29000 സ്ഥാപനങ്ങളും സ്വകാര്യമേഖലയിലാണ്. ഇവിടെയുള്ള മൊത്തം പഠിതാക്കൾ 25000ൽ ഏറെയും. വിദ്യാർത്ഥികളുടെ പ്രായപരിധി സർക്കാർ 4 വയസ് മുതൽ 18 വയസ് വരെയാക്കിയതോടെ, പല സ്ഥാപനങ്ങളും പ്രതിസന്ധിയിലാണ്. ദേശീയ തലത്തിലാകട്ടെ 23 വയസ്സാണ് പ്രായപരിധി. ആശ്വാസ കിരണമെന്നാണ് ഈ പദ്ധതിയുടെ പേര്. പേരൊക്കെ സൂപ്പർ. പക്ഷെ 25 കുട്ടികളെങ്കിലും ഇല്ലെങ്കിൽ ഗ്രാന്റ് തടയുമെന്ന വിചിത്ര നിബന്ധനയും സർക്കാരിന്റെതായി ഇപ്പോൾ എഴുതിച്ചേർത്തു കഴിഞ്ഞു.
തൊഴിലുറപ്പുകാരും ദുരിതത്തിൽ
കേരളത്തിൽ 14 ലക്ഷത്തിൽ ഏറെ തൊഴിലുറപ്പു തൊഴിലാളികളുണ്ട്. അവർക്കുള്ള വേതനം രണ്ടു മാസമായി കുടിശ്ശികയാണ്. തൊഴിലുറപ്പ് തൊഴിലാളികളിൽ 90 ശതമാനവും സ്ത്രീകൾ. അതുകൊണ്ടു തന്നെ വേതനം മുടങ്ങിയാൽ പല കുടുംബങ്ങളും പട്ടിണിയാകും. 450 കോടി രൂപയാണ് കുടിശ്ശിക. 6 ലക്ഷം തൊഴിൽ ദിനങ്ങൾ കേരളം 2024 ഡിസംബറിൽ തന്നെ പൂർത്തീകരിക്കുകയുണ്ടായി. പ്രതിദിനം 340 രൂപയാണ് കൂലി. ഈ ഇനത്തിൽ കേന്ദ്രം 6434 കോടി രൂപ നൽകാനുണ്ടെന്ന് സംസ്ഥാന സർക്കാർ പറയുന്നു.
പുട്ടും കടലയും പ്രേമചന്ദ്രനും...
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് പാർലിമെന്റിലെ കാന്റീനിൽവച്ച്, ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലിമെന്റംഗമായ എൻ.കെ. പ്രേമചന്ദ്രനെ ക്ഷണിച്ചത്. പ്രേമചന്ദ്രൻ പോയി ഭക്ഷണം കഴിച്ചു പിരിഞ്ഞു. അന്ന് പ്രേമചന്ദ്രനെ ഇടതുമുന്നണി നേതാക്കൾ വലിച്ച് ഭിത്തിയിലൊട്ടിക്കുകയായിരുന്നു. മാന്യനായ രാഷ്ട്രീയക്കാരനായ സി.പി.ഐയുടെ ബിനോയ് വിശ്വം പോലും പ്രേമചന്ദ്രന്റെ നടപടിയെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. എം.വി.ഗോവിന്ദൻ, ഇ.പി.ജയരാജൻ, എളമരം കരീം തുടങ്ങിയവരടക്കമുള്ള ഇടതു നേതാക്കൾ, പ്രേമചന്ദ്രൻ ബി.ജെ.പി.യിൽ ചേർന്ന് കേന്ദ്രമന്ത്രിവരെയാകുമെന്നുവരെ ആരോപിക്കുകയുണ്ടായി.
പ്രേമചന്ദ്രനെ 'പരനാറി'യെന്നു വരെ വിളിച്ച മുഖ്യമന്ത്രിയാകട്ടെ, തികഞ്ഞ അവസരവാദിയായി പ്രേമചന്ദ്രനെ അന്ന് മാധ്യമങ്ങൾക്കു മുമ്പിൽ ചിത്രീകരിച്ചതും നമ്മുടെ ഓർമ്മയിലുണ്ട്. ഇപ്പോൾ, കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമനെ കേരളാ ഹൗസ് വളപ്പിലുള്ള കൊച്ചിൻ ഹൗസിൽ വിളിച്ചുവരുത്തി 'പുട്ടും കടല' യും വിളമ്പിയതിന്റെ രാഷ്ട്രീയ ഗുട്ടൻസ് എന്താണെന്നാണ് കേരളത്തിലെ പൊതുസമൂഹം ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരത്തുള്ള ഇ.പി.ജയരാജന്റെ വീട്ടിൽ ബി.ജെ.പി.യുടെ ഒരു ദേശീയ നേതാവ് ചായ കുടിക്കാൻ കയറിയത് അന്ന് ചർച്ചയായപ്പോൾ, പാർട്ടി സെക്രട്ടറി പറഞ്ഞത് ഇ.പി.ക്ക് ജാഗ്രതക്കുറവുണ്ടായെന്നാണ്.
അകത്ത് 'ഭായീ ഭായ് ' പുറത്ത് ....?
പഴയ സി.പി.എം. അല്ല ഇപ്പോൾ കേരളം ഭരിക്കുന്നത്. പഴയ പിണറായിയുടെ മാറ്റവും അദ്ഭുതകരമാണ്. സി.പി.എം. ഒരുപാട് മാറ്റിപ്പോയെന്നുള്ളതിന്റെ തെളിവായിരുന്നു കൊല്ലംസമ്മേളനം. അന്താരാഷ്ട്ര വനിതാ ദിനത്തിൽ കൊല്ലത്തെ സംസ്ഥാന സമ്മേളനത്തിൽ അണിനിരഞ്ഞ ഇടതു വനിതാ നേതാക്കളുടെ കണ്ണഞ്ചിപ്പിക്കുന്ന 'മേക്കപ്പ്' സ്വാഭാവികമെല്ലേ പറയാനാവൂ. ചാനൽ ക്യാമറകളിൽ പതിയേണ്ടത് കേരളത്തിന്റെ 'മുതലാളിത്ത മുഖ' മായിരിക്കണമെന്ന് അവർ നേരത്തെ തീരുമാനിച്ചുറപ്പിച്ചിരുന്നുവെന്ന സൂചനയാണ് ആ ദൃശ്യങ്ങൾ നമുക്ക് സമ്മാനിച്ചത്.
കടുത്ത സാമ്പത്തിക പരാധീനതകളുള്ള ഒരു സംസ്ഥാനമെന്നു 'കൊല്ലം സമ്മേളനം' നേരിൽ കണ്ട ആരെങ്കിലും പറയുമോ? ലക്ഷങ്ങൾ പിഴയടച്ചാലും കൊല്ലം ടൗണിൽ കൊടിതോരണങ്ങളും ബാനറുകളും ഫ്‌ളെക്‌സുകളുമെല്ലാം വയ്ക്കുമെന്ന പിടിവാശിയിലായിരുന്നു പാർട്ടി. വെട്ടി വിഴുങ്ങാനും, മിന്നിത്തിളങ്ങാനും പറ്റിയ വിധം ക്രമീകരിച്ച ആ സമ്മേളനം പാർട്ടിയണികളുടെ കണ്ണ് തള്ളിച്ചുവെന്നും പറയാൻ. കട്ടൻ ചായയും പരിപ്പുവടയ്ക്കുമെല്ലാം പകരം അണികൾക്കായി തയ്യാറാക്കിയ വിഭവങ്ങളുടെ പട്ടിക എന്തുകൊണ്ടോ മാധ്യമങ്ങൾ അന്വേഷിച്ചതുമില്ല. 'പുട്ടടി' എന്നത് ഒരു പൊതുവികാരമായതിനാൽ എന്തിന് വെറുതെ വിഭവസമൃദ്ധമായ ഒരു സദ്യ കിട്ടുന്നതിനെ നിരുത്സാഹപ്പെടുത്തണമെന്ന് 'മാധ്യമമഹാന്മാരും' ചിന്തിച്ചിട്ടുണ്ടാകാം.
സമരങ്ങൾ ഇനിയും വരുന്നുണ്ട് കേട്ടോ...
ഐക്യജനാധിപത്യ മുന്നണി എന്ന യു.ഡി.എഫ്. ഇനിയുള്ള നാളുകളിൽ സർക്കാരിനെതിരെയുള്ള സമരങ്ങൾ കടുപ്പിക്കും. എന്നാൽ സർക്കാരിന്റെ ജനവിരുദ്ധ നടപടികൾ അക്കമിട്ടു നിരത്തുന്ന ഒരു 'ജനകീയ ധവളപത്രം' തയ്യാറാക്കാൻ അവർക്ക് കഴിയാത്തത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പോരായ്മ തന്നെയാണ്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു മുമ്പിലും ഏപ്രിൽ 4ന് യു.ഡി.എഫ്. സമരം നടത്തുന്നുണ്ട്. ഏപ്രിൽ 21ന് മലയോര ജനങ്ങളെ ഏകോപിപ്പിച്ചുള്ള ഫോറസ്റ്റ് ഓഫീസുകൾക്കു മുമ്പിലുള്ള സമരവും അരങ്ങേറും. ഏപ്രിൽ 30 നാണ് കാസർകോട് നെല്ലിക്കുന്നിൽ നിന്ന് തീരദേശയാത്ര തുടങ്ങുക. വിഴിഞ്ഞത്തായിരിക്കും ഈ യാത്ര സമാപിക്കുക. സമരങ്ങൾ രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം ജനക്ഷേമത്തിനു മുൻതൂക്കം നൽകുന്നതാകണമെന്ന് ചിന്തിക്കണേ.
ജനങ്ങൾക്കു നൽകേണ്ട ആനുകൂല്യങ്ങൾ നൽകാതിരിക്കുകയും വിഭവ സമാഹരണത്തിൽ ഊർജ്ജസ്വലത കാണിക്കാതിരിക്കുകയും ചെയ്യുന്ന രീതി ഭരിക്കുന്നവർ ഉപേക്ഷിക്കണം. ബജറ്റിൽ പോലും ധനമന്ത്രി പച്ചക്കള്ളങ്ങൾ തട്ടിവിട്ടിട്ടുണ്ട്. നികുതി, നികുതിയേതര വരുമാന സമാഹരണത്തിൽ വൻകുതിപ്പ് ഉണ്ടായെന്ന അവകാശവാദം അതേ കണക്കുകൾ പിന്നാലെ ബജറ്റിൽ ഉദ്ധരിക്കുമ്പോൾ, പൊട്ടിപ്പാളീസാകുന്നുണ്ട്.
ഉദ്യോഗസ്ഥതലത്തിൽ ഒന്നും നടക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ പരാതിയും മുഖവിലയ്‌ക്കെടുക്കണം. പട്ടികജാതി/വർഗ വിദ്യാർത്ഥികൾക്കുള്ള ധനസഹായം നൽകാൻ കഴിയാത്തത് അത് സംബന്ധിച്ച എഴുത്തുകുത്തുകൾ പൂർത്തിയാകാത്തതുകൊണ്ടാണെന്ന് പരാതികളുണ്ട്. കിട്ടിയ കേന്ദ്രവിഹിതങ്ങളുടെ വിനിയോഗ വിശദീകരണങ്ങൾ ഉൾപ്പെടുത്തിയ 'യൂട്ടിലിറ്റി റിപ്പോർട്ട്'യഥാസമയം നൽകാത്തതും, സംസ്ഥാനത്തിനുള്ള പണം കിട്ടാൻ തടസ്സമായിട്ടുണ്ട്.
പണത്തിന്റെ ഞെരുക്കം പാവങ്ങളുടെ മേൽ കെട്ടിയേൽപ്പിക്കുന്ന ഭരണരീതി ശരിയല്ല. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് വാങ്ങിയെടുക്കാതെ ഫീസും സെസുമായി ജനങ്ങളുടെ നെഞ്ചത്തേയ്ക്ക് കയറുന്ന രീതി പ്രോത്സാഹിപ്പിക്കാൻ ആർക്കു കഴിയും? ജനത്തെ വിശ്വാസത്തിലെടുത്തും, തൊഴിലാളി വർഗത്തിന്റെ താൽപ്പര്യം സംരക്ഷിച്ചുമായിരിക്കും 'നവകേരളത്തിലേക്കുള്ള പുതു ചുവടുകൾ' എന്ന് എഴുതിപ്പിടിപ്പിച്ചുകൊണ്ടുള്ള കള്ളക്കസർത്തുകൾ നല്ല രാഷ്ട്രീയക്കാർക്ക്, പ്രത്യേകിച്ച് ഇടതുരാഷ്ട്രീയക്കാർക്ക് ചേർന്നതല്ല.
ആന്റണിചടയംമുറി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്