സാനു മാസ്റ്ററുടെ ക്‌ളാസിൽ രണ്ടു വർഷം ഇരിക്കാൻ അവസരം കിട്ടിയ ആളാണ് ഞാൻ. മാഷ് കൈകാര്യം ചെയ്ത ടെക്സ്റ്റ്ബുക്ക് ഏതായിരുന്നുവെന്ന് ഓർമയില്ലെങ്കിലും ക്‌ളാസിൽ പറഞ്ഞ കാര്യങ്ങളെല്ലാം ഓർമയുണ്ട്. ഇബ്‌സന്റെ നോറ വീട് വിട്ടിറങ്ങുന്ന രംഗം കഴിഞ്ഞ ദിവസം ഒരു സന്ദർഭത്തിൽ പരാമർശിക്കേണ്ടിവന്നപ്പോഴും അറുപതു വർഷം മുമ്പ് ക്‌ളാസിൽ മാഷ് നൽകിയ വിവരണത്തിന്റെ ഓർമയിൽനിന്നാണ് അതു ചെയ്തത്. മലയാളം ക്‌ളാസിൽ ഇബ്‌സന് എന്തു കാര്യം എന്ന് ചോദിക്കരുത്. ക്‌ളാസ്സെടുക്കുന്നത് സാനു മാഷാണെങ്കിൽ അവിടെ പലരും കടന്നുവരും. നോർവേയിലെ ബർഗനിൽ ഇബ്‌സന്റെ പ്രതിമയ്ക്കു മുന്നിൽ പ്രണാമം അർപ്പിച്ചപ്പോൾ എന്റെ ആദരം യഥാർത്ഥത്തിൽ സാനു മാസ്റ്റർക്കുള്ളതായിരുന്നു.
പ്രയോഗിക്കാനല്ലെങ്കിൽപ്പോലും അധ്യാപകർ ഒരു വടി കരുതുന്നത് നന്നായിരിക്കുമെന്ന് സാനു മാസ്റ്റർ പറഞ്ഞതായി പത്രത്തിൽ കണ്ടതുകൊണ്ടാണ് ഇത്രയും കാര്യങ്ങൾ ആമുഖമായി പറഞ്ഞത്. പ്രഭാതസവാരിക്കിറങ്ങുന്നവർ നായ്ക്കളെ ഓടിക്കുന്നതിന് വടി കരുതുന്നത് നന്നായിരിക്കുമെന്നു പറയുന്ന ലാഘവത്തോടെ അധ്യാപകർ കൈയിൽ കരുതേണ്ടതായ ചൂരലിനെക്കുറിച്ച് പറയുമോ? ഹാജർ അടയാളപ്പെടുത്തുന്ന രീതിയില്ലാത്ത സാനു മാസ്റ്ററുടെ തിങ്ങിനിറഞ്ഞ ക്‌ളാസ്മുറിയിൽ വിദ്യാർത്ഥികൾ അച്ചടക്കത്തോടെയും ശ്രദ്ധയോടെയും ഇരുന്നത് സിനിമയിലെ വില്ലൻ കുപ്പായത്തിനുള്ളിൽ കരുതിയിരിക്കുന്ന വടിവാൾപോലെ അദൃശ്യമായ ചൂരൽ അധ്യാപകൻ എവിടെയോ തിരുകിയിരിക്കുന്നുവെന്ന ഭയം കൊണ്ടായിരുന്നില്ല.
അധ്യാപകർ വടി കരുതുന്നതിൽ തെറ്റില്ലെന്ന് മുൻ ഡി.ജി.പി ബി. സന്ധ്യ പറഞ്ഞു. സന്ധ്യ പൊലീസാണ്; അങ്ങനെതന്നെ പറയണം. പക്ഷേ അധ്യാപകനായ എം.എൻ. കാരശ്ശരിയും എഴുത്തുകാരായ കെ.പി. രാമനുണ്ണിയും യു.കെ. കുമാരനും അങ്ങനെ പറയുന്നതിൽ അപകടമുണ്ട്. അടിയോളം നല്ല ഒടിയില്ലെന്ന് ഇരുട്ടിന്റെ ആത്മാവിൽ ശങ്കരാടിയുടെ കഥാപാത്രം പറയുന്നുണ്ട്. ബാധയിറക്കുന്നവരുടെ ഉപകരണമാണ് വടി. അടിച്ചും ചെവി പിടിച്ച് തിരുമ്മിയും മുട്ടിന്മേൽ നിർത്തിയും ബാധയിറക്കുന്നതിനുള്ള മന്ത്രവാദികളാകാനാണ് കൈ നിറയെ ശമ്പളം വാങ്ങുന്ന സാഡിസ്റ്റുകളായ അധ്യാപകരുടെ താത്പര്യം. രാഷ്ട്രത്തെ അമ്മയായി കണ്ട് അമ്മ നൽകുന്ന ശിക്ഷ ഏറ്റുവാങ്ങണമെന്ന അടിയന്തരാവസ്ഥയിലെ ന്യായത്തോട് കുട്ടികളെ മനസ്സുകൊണ്ട് പൊരുത്തപ്പെടുത്താനാണ് കുമാരനും മറ്റും ശ്രമിക്കുന്നത്. അടിച്ചും ഒടിച്ചുമല്ല നല്ല വാക്ക് പറഞ്ഞും സ്വയം മാതൃകയായിക്കൊണ്ടുമാണ് അധ്യാപകർ കുട്ടികളെ നന്നാക്കിയെടുക്കേണ്ടത്.
ഇടയ്ക്കിടെ ആരുടെയെങ്കിലും നേർക്ക് ലാത്തി പ്രയോഗിച്ചുകൊണ്ടല്ല പൊലീസുകാർ ക്രമസമാധാനനില ഭദ്രമാക്കേണ്ടത്. പൊലീസിനെ ഭയന്നു ജീവിക്കുന്ന സമൂഹം ജനാധിപത്യസമൂഹമല്ല. നിയമവ്യവസ്ഥയ്ക്കും വാഴ്ചയ്ക്കും വിധേയമായി ജീവിക്കാൻ സമൂഹത്തെ പരുവപ്പെടുത്തിയെടുക്കുന്നത് അധ്യാപകന്റെ ചൂരലും പൊലീസിന്റെ ലാത്തിയും ഉപയോഗിച്ചല്ല. അധ്യാപകന്റെ ചൂരൽ അപ്രസക്തമായാൽ പൊലീസിന്റെ ലാത്തിയും അപ്രസക്തമാകും.
ശിക്ഷയും ശിക്ഷണവും തമ്മിൽ ബന്ധപ്പെടുത്തുന്നത് വലിയ അപകടത്തിനു കാരണമാകും. ദേവാലയത്തിലെ അനാശാസ്യവൃത്തിക്കെതിരെയാണ് യേശു ചാട്ടവാറെടുത്തത്. കുട്ടികളെ അദ്ദേഹം സ്‌നേഹത്തോടെ ആശ്‌ളേഷിച്ചു. ദേവാലയത്തിലെ പണ്ഡിതരുമായി തർക്കിക്കുന്ന പതിമൂന്നുകാരന്റെ ചിത്രം ബൈബിളിലുണ്ട്.
ആ ഭാഗമാണ് കുട്ടികൾക്ക് വായിച്ചുകൊടുക്കേണ്ടത്. അവർ അധ്യാപകരോട് തർക്കിക്കട്ടെ. അതായിരുന്നു സോക്രട്ടീസിന്റെ ബോധനരീതി. ചോദ്യങ്ങൾ ചോദിക്കുന്ന കുട്ടികളെ അധ്യാപകർക്ക് ഭയമാണ്. അവർ അവരെ പട്ടിക്കൂട്ടിലടയ്ക്കും. ഏഴു വയസിനു താഴെയുള്ള കുട്ടികൾ ചെയ്യുന്ന തെറ്റൊന്നും കുറ്റമല്ല. പതിനെട്ട് വയസുവരെ അവർ പ്രതികളോ കുറ്റവാളികളോ അല്ല. അവർ നിയമവുമായി പൊരുത്തപ്പെടാത്ത അവസ്ഥയിലായെന്നു മാത്രം. നിയമവുമായി പൊരുത്തപ്പെട്ടു ജീവിക്കുന്നതിന് അവരെ സഹായിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം അധ്യാപകർക്കുണ്ട്. ആ സദ്പ്രവർത്തനത്തിൽ ചൂരൽ അനിവാര്യമാണോ എന്നതാണ് ചോദ്യം.
അച്ചടക്കം ഉറപ്പു വരുത്താൻ അധ്യാപകർ ചൂരൽ കരുതട്ടെയെന്നാണ് ഹൈക്കോടതിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ പറഞ്ഞത്. ജഡ്ജി പറഞ്ഞതിനോടാണ് ഇവിടെ പേര് പരാമർശിച്ചവർ യോജിച്ചത്. ചെറിയ ചൂരലെന്നാണ് ജഡ്ജി പറഞ്ഞത്. വലിപ്പം ആപേക്ഷികമാണ്. പ്രയോഗിക്കാതെ ചൂരൽ കൈയിൽ കരുതുന്നതുപോലും കുട്ടികളിൽ വലിയ മാറ്റങ്ങൾക്കു കാരണമാകുമെന്ന് ജഡ്ജി പറയുന്നതിനോട് യോജിക്കാനാവില്ല. സിനിമയിൽ ന്യായാധിപന്റെ മേശപ്പുറത്ത് കാണുന്ന കൊട്ടുവടിയാണോ നിയമത്തിന്റെ ആധികാരികതയ്ക്ക് കാരണമാകുന്നത്? ആയുധം ഒരു ജഡ്ജിയും ഇതുവരെ പ്രയോഗിച്ചതായി സിനിമയിൽപോലും ഞാൻ കണ്ടിട്ടില്ല. ആശാരിയുടെ കൈയിലല്ലാതെ ഞാൻ ഹാജരായ കോടതികളിലൊന്നും കൊട്ടുവടിപോലും കണ്ടിട്ടില്ല.
വയലൻസിന്റെ അടയാളമായ കൊട്ടുവടിയല്ല, കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നതിനുള്ള കോടതിയുടെ അധികാരമാണ് കോടതിയിൽ അച്ചടക്കം ഉറപ്പ് വരുത്തുന്നത്. വിദ്യാലയങ്ങളിൽ ശിക്ഷാഭയം അച്ചടക്കത്തിനു കാരണമാകുമെന്നാണ് ജഡ്ജി പറഞ്ഞതെങ്കിലും ലാത്തി ചുഴറ്റുന്ന പൊലീസുകാരനെപ്പോലെ ഞാൻ കാണാനിഷ്ടപ്പെടാത്ത കാഴ്ചയാണ് ചൂരലുമായി വരുന്ന അധ്യാപകൻ. ഗുരുവിന്റെ കൈയിൽ കാണേണ്ടത് ചോക്കും പുസ്തകവുമാണ്.
അധ്യാപകന്റെ ചൂരലോ പൊലീസിന്റെ ലാത്തിയോ എന്റെ ശരീരത്തിൽ സ്പർശിച്ചിട്ടില്ല. അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ ഞാൻ കുറേക്കൂടി നന്നാകുമായിരുന്നുവോ എന്ന് പറയാനാവില്ല. കഴുമരത്തിന്റെ കാഴ്ചയിൽ സമൂഹം കുറ്റകൃത്യങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുമെന്ന പ്രതീക്ഷ പ്രാകൃതമാണ്. വധശിക്ഷ നിർത്തലാക്കിയ രാജ്യങ്ങളിൽ വധശിക്ഷയ്ക്കർഹമായ കുറ്റങ്ങൾ പെരുകുന്നതായി റിപ്പോർട്ടില്ല. അതുകൊണ്ട് ഞാൻ വധശിക്ഷയ്‌ക്കെതിരാണ്. വിദ്യാലയങ്ങളിൽ നല്ല ശിക്ഷണം ഉണ്ടാകണമെന്നല്ലാതെ നല്ല ശിക്ഷ കൊടുക്കണമെന്നില്ല. നാവടക്കൂ പണിയെടുക്കൂ എന്നുള്ളത് അടിയന്തരാവസ്ഥയിലെ മുദ്രാവാക്യമാണ്. ചൂരൽ നിശ്ശബ്ദതയുടെ ഉപകരണവും അടയാളവുമാണ്. ചൂരലിന്റെ ആഞ്ഞുള്ള അടിയിൽ ഉയർന്നുകേൾക്കുന്ന വാക്കാണ് സൈലൻസ്.
പരിഷ്‌കൃതലോകം ചൂരലിനെതിരാണ്. നോർവേയിലെ പൊതുവിദ്യാലയത്തിലാണ് എന്റെ മൂന്ന് കൊച്ചുമക്കൾ പഠിക്കുന്നത്.
കടമകളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും എന്നതുപോലെ അവകാശങ്ങളെക്കുറിച്ചും അവർക്ക് നല്ല ബോധ്യമുണ്ട്. ശാരീരികമായ ശിക്ഷ വിദ്യാലയത്തിൽ മാത്രമല്ല വീട്ടിലും നിയമംവഴി നിരോധിച്ചിരിക്കുന്നു. എല്ലാ സ്‌കാൻഡിനേവിയൻ രാജ്യങ്ങളിലെയും അവസ്ഥ ഇതാണ്. ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ ഹെഡ്മാസ്റ്റർ മാഞ്ഞൂരാൻ മാഷിന്റെ ചൂരൽ പ്രസിദ്ധമായിരുന്നു. നിവർത്തിപ്പിടിക്കുന്ന കൈപ്പത്തിയിൽ ചൂരൽകൊണ്ട് ആഞ്ഞാഞ്ഞ് ആറടി. ശിരച്ഛേദനം കാണാൻ കാണികൾ കൂടുന്നതുപോലെ മാഞ്ഞൂരാൻ മാഷിന്റെ ശിക്ഷയിൽ വിദ്യാർത്ഥി പുളയുന്നതു കാണാൻ അധ്യാപകരും വിദ്യാർത്ഥികളും സമ്മേളിക്കുമായിരുന്നു. ആൽബർട് എന്ന വിശുദ്ധനായ വിദ്യാഭ്യാസവിചക്ഷണന്റെ പേരിലുള്ള വിദ്യാലയത്തിന് അത് ഭൂഷണമായിരുന്നില്ലെന്ന അഭിപ്രായം അന്നും ഇന്നും എനിക്കുണ്ട്.
ജസ്റ്റിസ് കുഞ്ഞിക്കൃഷ്ണൻ നിർദ്ദേശിക്കുന്ന ചെറിയ ചൂരലിന് ക്രമേണ നീളം കൂടിവരും. നീളം കൂടുമ്പോൾ അത് വെറുതെ കൈയിൽ കരുതാനുള്ളതല്ലെന്ന ധാരണ അധ്യാപകർക്കുണ്ടാകും. സാഡിസ്റ്റുകൾക്ക് ശിക്ഷാധികാരം നൽകുന്നത് വലിയ അപകടത്തിനു കാരണമാകും. ചൂരൽ വേദന മാത്രമല്ല, അപമാനം കൂടിയാണ്. അപമാനകരമായ ശിക്ഷ പഴയ ശിക്ഷാനിയമത്തിലെന്നപോലെ പുതിയ ന്യായ സംഹിതയിലും അനുവദനീയമല്ല. മുതിർന്നവരെ മുക്കാലിയിൽ കെട്ടി അടിക്കുന്ന ശിക്ഷ നിർത്തലാക്കിയതുപോലെ വിദ്യാലയങ്ങളിൽനിന്ന് വലിപ്പവും ചെറുപ്പവും നോക്കാതെ ചൂരൽ അപ്രത്യക്ഷമാകണം.
ഡോ. സെബാസ്റ്റ്യൻ പോൾ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്