ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധി ആഘോഷിക്കാനെത്തി കാണാതായ ഇന്ത്യന്‍ വംശജയായ യുഎസ് വിദ്യാര്‍ത്ഥിനിയുടെ തിരോധാനത്തില്‍ ദുരൂഹതയേറുകയാണ്. പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയില്‍ പഠിക്കുന്ന 20 കാരിയായ സുദിക്ഷ കൊനാങ്കിയെയാണ് മാര്‍ച്ച് ആറ് മുതല്‍ കാണാതായത്. അഞ്ച് സൃഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ എത്തിയ ശേഷമാണ് യുവതിയെ കാണാതാകുന്നത്. കഴിഞ്ഞ ദിവസം സുദിക്ഷയുടെ വസ്ത്രവും ചെരിപ്പും ബീച്ചിനു സമീപമുള്ള കസേരയില്‍ നിന്ന് ലഭിച്ചിരുന്നു. ഇപ്പോള്‍, സുദിക്ഷ അപ്രത്യക്ഷയാകുന്നതിന് തൊട്ടുമുന്‍പ് ഒരു ബാറില്‍ നില്‍ക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
റിസോര്‍ട്ടിലെ ബാറില്‍ സുദിക്ഷ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ച് നില്‍ക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. സംഭവത്തില്‍ പൊലീസിന്റെ സംശയ നിഴലിലുള്ള പുരുഷ സുഹൃത്ത് ജോഷ്വാ സ്റ്റീവ് റൈബ് എന്ന അമേരിക്കന്‍ സ്വദേശിയെയും വീഡിയോയില്‍ കാണാം. ഇയാള്‍ മദ്യപിച്ച് ആടിക്കുഴഞ്ഞാണ് നില്‍ക്കുന്നത്. കാണാതാകുന്നതിന് മുമ്പ് സുദിക്ഷയും 24 കാരനായ ജോഷ്വായും റിസോര്‍ട്ടിന്റെ നടപ്പാതയിലൂടെ കൈകോര്‍ത്ത് നടക്കുന്നതിന്റെ വീഡിയോ ആദ്യം പുറത്തുവന്നിരുന്നു. അതിന് ശേഷമാണ് ബാറില്‍ അഞ്ച് സുഹൃത്തുക്കള്‍ എത്തിയതിന്റെ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ബീച്ചില്‍ അപ്രത്യക്ഷയാകുന്നതിന് മുന്‍പ് സുദിക്ഷ ധരിച്ച വസ്ത്രമാണ് ഈ വീഡിയോയില്‍ ഉള്ളത്. സുദിക്ഷ ഛര്‍ദിക്കാനായി കുനിയുന്നത് വീഡിയോയില്‍ കാണാം. അതേസമയം യുവതി സന്തോഷത്തോടെ ചാടുന്നതും വനിതാ സുഹൃത്തിനെ കെട്ടിപ്പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ സുദിക്ഷയും യുവാവും ഈ വീഡിയോയില്‍ സംസാരിക്കുന്നില്ല.
അതേസമയം, ജോഷ്വാ ബാറിന് പുറത്ത് നടക്കാന്‍ ബുദ്ധിമുട്ടുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഒരു ഘട്ടത്തില്‍ പിന്നിലേക്ക് ഇടറി വീഴുന്നതും കാണാം. ബാറില്‍ നിന്ന് സംഘം നേരെ ബീച്ചിലേക്കാണ് പോയത്. അവിടെ വച്ചാണ് വിദ്യാര്‍ത്ഥിനിയെ കാണാതാകുന്നത്. ബിക്കിനിക്കു മുകളില്‍ ധരിച്ചിരുന്ന നെറ്റിന്റെ വസ്ത്രമാണ് കഴിഞ്ഞ ദിവസം ബീച്ചിന് സമീപത്ത് നിന്ന് ലഭിച്ചത്. അതിനാല്‍ ഈ വസ്ത്രം ഊരിയിട്ട ശേഷം സുദിക്ഷ കടലിലേക്ക് ഇറങ്ങി എന്നാണ് പൊലീസിന്റെ നിഗമനം.
ഇത്രയും നാളായിട്ടും കണ്ടെത്താത്തതിനാല്‍ സുദിക്ഷ മുങ്ങി മരിച്ചിരിക്കാമെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. എന്നാല്‍ സുദിക്ഷയെ തട്ടിക്കൊണ്ടുപോയതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. സുദിക്ഷയെ കാണാതായ ശേഷം ജോഷ്വാ സ്റ്റീവ് റൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. അതേസമയം താന്‍ നിരപരാധിയാണെന്നാണ് ജോഷ്വയുടെ നിലപാട്. തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല.
അമേരിക്കയിലെ അയോവ സ്വദേശിയായ ജോഷ്വാ മിനസോട്ടയിലെ സെന്റ് ക്ലൗഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയാണ്. ജോഷ്വായും സുദിക്ഷയും സുഹൃത്തുക്കളും അടങ്ങുന്ന സംഘമാണ് ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധി ആഘോഷത്തിനായി എത്തിയത്.
മാര്‍ച്ച് ആറിന് കാണാതായ യുവതിക്ക് വേണ്ടി ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി ബീച്ചിലും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. അമേരിക്കയില്‍ സ്ഥിര താമസമാക്കിയ ഇന്ത്യക്കാരിയാണ് സുദിക്ഷ.
സുദിക്ഷ ഇറങ്ങിപ്പോയത് കടലിലേക്കോ?
ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി സുദിക്ഷ കൊനാങ്കി മരിച്ചതായി പ്രഖ്യാപിക്കണമെന്നാണ് ഇപ്പോള്‍ കുടുംബത്തിന്റെ ആവശ്യം. സുദീക്ഷയുടെ മാതാപതാക്കളായ സുബ്ബ റായിഡു, ശ്രീദേവി കൊനാങ്കി എന്നിവരാണ് ഡൊമിനിക്കന്‍ പൊലീസിന് ഇത് സംബന്ധിച്ച കത്തയച്ചിരിക്കുന്നത്. മകള്‍ മരിച്ചുവെന്ന് തന്നെയാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് മാതാപിതാക്കള്‍ പറയുന്നു.
അവധിക്കാലം ആഘോഷിക്കുന്നതിനാണ് പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി സുദിക്ഷ അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെത്തിയത്. വ്യാഴാഴ്ച രാത്രിയാണ് സുദിക്ഷയെ കാണാതായത്. അന്ന് സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് പുലര്‍ച്ചെ മൂന്ന് മണിവരെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ശേഷം 4:15-ഓടെ ഇവര്‍ ബീച്ചിലേക്ക് പോയി. 5:55-ന് ശേഷം സുഹൃത്തുക്കള്‍ തിരിച്ചെത്തിയെങ്കിലും ഇവര്‍ക്കൊപ്പം സുദിക്ഷ ഉണ്ടായിരുന്നില്ല.
24-കാരനായ അയോവയില്‍നിന്നുള്ള ജോഷ്വ സ്റ്റീവ് റൈബ് എന്ന യുവാവിനെയാണ് സുദിക്ഷയ്ക്കൊപ്പം അവസാനമായി കണ്ടത്. സുദിക്ഷയുടെ സുഹൃത്തുക്കള്‍ പോയശേഷം സംഭവിച്ചതായി മൂന്ന് വ്യത്യസ്ത മൊഴികളാണ് യുവാവ് നല്‍കിയത്. അതില്‍ ഒന്ന് കടല്‍ പ്രക്ഷുബ്ധമായതിനെത്തുടര്‍ന്ന് താന്‍ ഛര്‍ദിച്ചുവെന്നും ബീച്ചില്‍നിന്ന് തിരികെ പോന്നുവെന്നും സുദിക്ഷയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് അന്വേഷിച്ചിരുന്നതായും യുവാവ് പറഞ്ഞു. മറ്റൊന്നില്‍, തനിക്ക് ക്ഷീണം തോന്നിയെന്നും ബോധംപോവും മുമ്പ് സുദിക്ഷയെ മുട്ടറ്റം തിരമാലയിലാണ് കണ്ടതെന്നും ഇയാള്‍ മൊഴി നല്‍കി. താന്‍ ലോഞ്ച് ചെയറില്‍ തിരികെ എത്തി ഉറങ്ങുന്നതിന് മുമ്പ് സുദിക്ഷ തീരത്തുകൂടെ നടക്കുന്നതായാണ് കണ്ടതെന്നും മറ്റൊരു മൊഴിയില്‍ പറഞ്ഞിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്