2022 ല്‍ റഷ്യ ഉക്രെയ്‌നില്‍ അധിനിവേശം നടത്തിയതോടെ യുദ്ധഭീതി പൊട്ടിപ്പുറപ്പെട്ടതിനോടൊപ്പം ലോകത്തിന്റെ വ്യാപാരക്രമത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടായത്. പ്രധാനമായും ക്രൂഡ് ഓയില്‍ വ്യാപാരമേഖല ഈ അധിനിവേശത്തിന് പിന്നാലെ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതോടെ ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്താണ് റഷ്യ ഉപരോധത്തെ മറികടന്നത്.
നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരാണ് റഷ്യ. മുകേഷ് അംബാനിയുടെ റിലയന്‍സ് അടക്കമുള്ള റിഫൈനറികള്‍ വലിയ തോതില്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നു. റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയില്‍ ഇന്ത്യന്‍ വിപണിയില്‍ വിതരണം ചെയ്ത് മാത്രമല്ല മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തും റിലയന്‍സ് വലിയ തോതിലുള്ള ലാഭമാണ് ഉണ്ടാക്കിയത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് റഷ്യന്‍ ക്രൂഡ് ഓയിലില്‍ നിന്ന് നിര്‍മ്മിച്ച ഇന്ധനം യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതിലൂടെ മാത്രം ഒരു വര്‍ഷത്തിനുള്ളില്‍ 724 മില്യണ്‍ യൂറോ (ഏകദേശം 6850 കോടി രൂപ) വരുമാനം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2024 ജനുവരി മുതല്‍ 2025 ജനുവരി അവസാനം വരെ, റഷ്യന്‍ ക്രൂഡ് ഓയില്‍ സംസ്‌കരിക്കുന്ന ഇന്ത്യയിലെയും തുര്‍ക്കിയിലെയും ആറ് റിഫൈനറികളില്‍ നിന്നായി യുഎസ് 2.8 ബില്യണ്‍ യൂറോയുടെ ശുദ്ധീകരിച്ച എണ്ണ ഇറക്കുമതി ചെയ്തു. ഇതില്‍ ഏകദേശം 1.3 ബില്യണ്‍ യൂറോ റഷ്യന്‍ ക്രൂഡില്‍ നിന്ന് ശുദ്ധീകരിച്ചതാണെന്ന് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയറിന്റെ റിപ്പോര്‍ട്ട് പറയുന്നു.
റിലയന്‍സിന്റെ ഇരട്ട എണ്ണ ശുദ്ധീകരണശാലകള്‍ സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ ജാംനഗറില്‍ നിന്നാണ് പെട്രോള്‍, ഡീസല്‍ തുടങ്ങിയ 2 ബില്യണ്‍ യൂറോയുടെ ഇന്ധനങ്ങള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്തത്. ഇതില്‍ 724 മില്യണ്‍ യൂറോ മൂല്യം വരുന്ന വിഹിതവും റഷ്യന്‍ ക്രൂഡില്‍ നിന്ന് ശുദ്ധീകരിച്ചതാണെന്നും സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ വ്യക്തമാക്കുന്നു.
റിലയന്‍സിന് പുറമെ നയാര എനര്‍ജിയും വലിയ തോതില്‍ ഇന്ധനം യു എസിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ വാഡിനാര്‍ റിഫൈനറിയില്‍ നിന്നും 2024 ജനുവരി മുതല്‍ 2025 ജനുവരി വരെ നയാര യുഎസിലേക്ക് 184 മില്യണ്‍ യൂറോയുടെ ഇന്ധനമാണ് കയറ്റുമതി ചെയ്തത്. ഇതില്‍ 124 മില്യണ്‍ യൂറോയുടെ ഇന്ധനവും റഷ്യന്‍ ക്രൂഡില്‍ നിന്ന് ശുദ്ധീകരിച്ചെടുത്തതാണ്. മാംഗളൂരുവില്‍ സ്ഥിതി ചെയ്യുന്ന മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡ് ഇക്കാലയളവില്‍ യു എസിലേക്ക് 42 മില്യണ്‍ യൂറോയുടെ ഇന്ധനമാണ് കയറ്റുമതി ചെയ്തത്. ഇതില്‍ റഷ്യന്‍ ക്രൂഡിന്റെ വിഹിതം 22 മില്യണ്‍ യൂറോയുടേതാണ്.
തുര്‍ക്കിയിലെ മൂന്ന് റിഫൈനറികളില്‍ നിന്നായി യുഎസിലേക്ക് മൊത്തം 616 മില്യണ്‍ യൂറോയുടെ ഇന്ധനമാണ് കയറ്റുമതി ചെയ്യത്. ഇതില്‍ ബഹുഭൂരിപക്ഷവും അതായത് 545 മില്യണ്‍ യൂറോയുടെ ഇന്ധനവും റഷ്യന്‍ ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ചതില്‍ നിന്നാണ്. ഇന്ത്യയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും യുഎസിലേക്കുള്ള ഈ ഇറക്കുമതിയിലുടെ റഷ്യ ഏകദേശം 750 മില്യണ്‍ ഡോളര്‍ നികുതിയിനത്തില്‍ സമ്പാദിച്ചു എന്നും സിആര്‍ഇഎ അഭിപ്രായപ്പെടുന്നു.
അമേരിക്കന്‍ ഇറക്കുമതിയില്‍ 294 മില്യണ്‍ യൂറോ വിലമതിക്കുന്ന പെട്രോളാണ് മുന്നിട്ട് നില്‍ക്കുന്നത്. തങ്ങളുടെ ഏകദേശ കണക്കനുസരിച്ച്, റഷ്യന്‍ ക്രൂഡില്‍ നിന്ന് നിര്‍മ്മിച്ച പെട്രോളിന്റെ ഇറക്കുമതി ഫ്‌ളോറിഡയിലെ മിക്കവാറും എല്ലാ കാറുകളിലും നിറയ്ക്കാന്‍ കഴിയുന്ന അത്രയും ഉണ്ടെന്ന് സിആര്‍ഇഎ കൂട്ടിച്ചേര്‍ക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്