ആധിയുടെയും വ്യാകുലങ്ങളുടെയും ആഴക്കയത്തിലേക്കു കേരളത്തെ മുക്കിത്താഴ്ത്തുകയാണ് മയക്കുമരുന്നു വ്യാപനം. 1982 ലെ ഓണക്കാലത്ത് 77 പേരുടെ ജീവനെടുത്ത വൈപ്പിനിലെയും 2000 ഒക്ടോബറിൽ 35 മരണത്തിനിടയാക്കിയ കല്ലുവാതുക്കലെയും വിഷമദ്യ ദുരന്തങ്ങൾ ഇതോടെ കേരള ജനതയുടെ ഓർമ്മയിലേക്ക് വീണ്ടുമെത്തുന്നു. യുവത്വത്തിന്റെ സിരകളും ചിന്തകളും മയക്കു മരുന്നു മൂലം തകരുന്നു; ലഹരിയേറുമ്പോൾ അതുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങളും കൂടുമെന്നതിന്റെ അനുദിന അനുഭവസാക്ഷ്യങ്ങളുടെ പരമ്പരയും നീളുകയാണ്. ഉറങ്ങുമ്പോഴും ഉണരുമ്പാഴും ഇത്തരം വിവരണാതീത ക്രൂരതകളുടെ കഥകൾ കേൾക്കാൻ നിർബന്ധിതരാകുന്നു മലയാളികൾ.
എം.ഡി.എം.എ എന്ന മെത്തിലിൻ ഡൈയോക്‌സി മെത്താഫിറ്റമൈൻ പോലുള്ള ലഹരികൾ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കരയും കടലും കടന്നെത്തുന്നു. സംസ്ഥാനത്തെ 1,100 ഓളം സ്‌കൂളുകൾ ലഹരിമാഫിയകളുടെ പിടിയിലമർന്നതായാണ് എക്‌സൈസ് വകുപ്പ് കണ്ടെത്തിയിട്ടുള്ളത്. ലഹരിവസ്തുക്കൾ വ്യാപകമായി വിതരണം നടത്തുകയും വിൽക്കുകയും ചെയ്യുന്ന 1400 ഓളം സ്ഥലങ്ങൾ പൊലീസും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിലേറെയും വിദ്യാലയ പരിസരങ്ങളിലാണ്. ഏറ്റവും കൂടുതൽ സ്‌പോട്ടുകൾ തിരിച്ചറിഞ്ഞിരിക്കുന്നത് തിരുവനന്തപുരത്തു തന്നെ 353 സ്ഥലം. എറണാകുളത്ത് 133 ഉം തൃശൂരിൽ 117 ഉം സ്‌പോട്ടുകളാണ് കണ്ടെത്തിയിട്ടുള്ളത്. കേരളത്തിൽ മണിചെയിൻ രീതിയിൽ ലഹരി വിൽപ്പന നടക്കുന്നതായി നർക്കോട്ടിക് കൺട്രോൾ ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. വാങ്ങാൻ പണമില്ലെങ്കിൽ പണമുള്ളവരെ ബന്ധപ്പെടുത്തി നൽകിയാൽ ആവശ്യത്തിന് ലഹരി വസ്തുക്കൾ കിട്ടുന്ന സംവിധാനമാണിത്.
കഴിഞ്ഞ ദിവസം ഒന്നര കിലോ എം.ഡി.എം.എ കൊണ്ടോട്ടിയിലെ ഒരു വീട്ടിൽ നിന്ന് പൊലീസും ഡാൻസാഫ് സ്‌ക്വാഡും പിടികൂടി. ലഹരിക്കേസിൽ അറസ്റ്റിലായ ആളുടെ വീട്ടിൽ സൂക്ഷിച്ച ഈ സാധനം ചെന്നൈയിൽനിന്ന് കാർഗോ വഴിയാണ് എത്തിച്ചത്. കേരളത്തിലേക്കടക്കം ലഹരി കടത്തുന്ന വിദേശ പൗരൻ വയനാട്ടിൽ അറസ്റ്റ് ചെയ്യപ്പെട്ടു. നെടുമ്പാശേരിയിൽ ഒന്നര കിലോ കഞ്ചാവ് പിടികൂടി. 45 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിലായി. യുവാക്കളെയും വിദ്യാർഥികളെയും ലഹരി ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന ആക്ഷേപമുയർന്ന 'ആവേശം' എന്ന മലയാള സിനിമയുടെ മേക്കപ്പ്മാനാണ് സിനിമാ ചിത്രീകരണത്തിനിടെ കഞ്ചാവുമായി ഇടുക്കിയിൽ പിടിയിലായത്.
കോഴിക്കോട്ട് പൊലീസ് സംഘം വളഞ്ഞതോടെ എം.ഡി.എം.എ വിഴുങ്ങിയ യുവാവ് മരണമടഞ്ഞു. അമിത അളവിൽ ലഹരി അകത്തു ചെന്നതിനെത്തുടർന്നാണ് മരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഹോളി ആഘോഷക്കാലത്ത് തികഞ്ഞ ഞെട്ടലോടെയാണ് കളമശ്ശേരി ഗവ. പോളിടെക്‌നിക്് കോളജ് ഹോസ്റ്റലിൽ നടന്ന പോലീസ് റെയ്ഡിൽ പിടിച്ചെടുത്ത വസ്്തുക്കളെക്കുറിച്ച് കേരളീയ സമൂഹം കേട്ടത്. രണ്ട് കിലോ കഞ്ചാവ്, മദ്യക്കുപ്പികൾ എന്നിവയ്ക്ക് പുറമെ ഗർഭനിരോധന ഉറകളും ഗുളികകളും പിടിച്ചെടുക്കപ്പെട്ടു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കോളജ് ഹോസ്റ്റലിൽ ഇത്രയുമേറെ കഞ്ചാവ് പിടിച്ചെടുത്തത്. ഹോളി ആഘോഷിക്കാൻ ഹോസ്റ്റലിൽ കഞ്ചാവ് എത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കളമശ്ശേരി പൊലീസും ഡാൻസാഫ് ടീമും ചേർന്ന് ഹോസ്റ്റലിൽ പരിശോധന നടത്തിയത്.
പ്രിൻസിപ്പലും പോലീസിനെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നത്രേ. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി സംഘങ്ങൾ കോവിഡിന് ശേഷം പ്രവർത്തനം കളമശ്ശേരിലേക്ക് മാറ്റിയതായി രഹസ്യന്വേഷണ ഏജൻസികൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ലഹരി പദാർത്ഥ നിയന്ത്രണ നിയമ പ്രകാരമുള്ള 15 എൻ.ഡി.പി.എസ് കേസുകളാണ് കളമശ്ശേരിയിലെ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് പൊലീസും എക്‌സൈസും ഒരു വർഷത്തിനിടയിൽ രജിസ്റ്റർ ചെയ്തതെന്ന വിവരം ഈ മേഖലയെ ലഹരി മാഫിയ എത്രത്തോളം തീവ്രമായി വലയം ചെയ്തുവെന്നതിന്റെ ഒരു സൂചകം മാത്രം. ഗവൺമെന്റ് പോളിടെക്‌നിക് കോളജിലെ പെരിയാർ ഹോസ്റ്റലിലാണ് രണ്ട് കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടിയത്. ഉത്തരവാദിത്തപ്പെട്ട വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെ തങ്ങളുടെ കണ്ണികളിൽ ചേർക്കാൻ മാഫിയ പ്രത്യേക താൽപ്പര്യമെടുക്കുന്നു.
സ്‌കൂളിലേക്കും കോളേജിലേക്കും പോകുന്ന കുട്ടികളുടെ പുറകെ വേട്ടക്കാരുണ്ട് എന്ന ആശങ്ക ഇപ്പോൾ ഒരോ രക്ഷിതാവിനുമുണ്ട്. ഇത് കുറച്ചൊന്നുമല്ല അവരെ ആശങ്കപ്പെടുത്തുന്നത്.
കളമശ്ശേരിയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളിൽ പലരും ഹോസ്റ്റൽ വാസം ഇഷ്ടപ്പെടാതെ ഇപ്പോൾ മൂന്നും നാലും കൂട്ടുകാർക്കൊപ്പം സ്വകാര്യ ഇടങ്ങളിലാണ് തങ്ങുന്നത്. ഇത്തരം പേയിംഗ് ഗസ്റ്റ് കേന്ദ്രങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണങ്ങളില്ല. ഇവിടങ്ങളിലെ കനത്ത ഫീസും ഇതര ചെലവുകളും താങ്ങാൻ കഴിയാത്ത കുടുംബങ്ങളിലെ വിദ്യാർത്ഥികളാണ് ഹോസ്റ്റലുകളിൽ തങ്ങുന്നത്. അവിടേക്കും ലഹരിപദാർത്ഥങ്ങൾ എത്തിയത്് മാതാപിതാക്കളെയും അധ്യാപകരെയും ഞെട്ടിച്ചു. അതേസമയം, സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നാണ് അധ്യാപകരും സഹ വിദ്യാർത്ഥികളും കുറച്ചെങ്കിലും രഹസ്യവിവരങ്ങൾ കൈമാറുന്നത്. ഗവൺമെന്റ് പോളിടെക്‌നിക്, ഗവൺമെന്റ് ഐടിഐ, കുസാറ്റ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ നാലിലൊന്നുപോലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
മദ്യവും കഞ്ചാവും ഒരു കാലത്ത് കാംപസുകളിൽ ലഹരിച്ചുഴി തീർത്തിരുന്നുവെങ്കിൽ ഇന്ന് എം.ഡി.എം.എ പോലുള്ള മാരക വസ്തുക്കളായാണ് പല കുട്ടികളുടെയും പക്കലെത്തുന്നത്. ലഹരിവസ്തുക്കളിൽ ഏറ്റവും അപകടകാരിയാണ് എം.ഡി.എം.എ. സ്ഥിരമായ ഉപയോഗം സമ്മാനിക്കുക മരണം തന്നെയാണ്. ഉപയോഗിച്ചുതുടങ്ങിയാൽ പിന്നെ അതിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ പ്രയാസമാണെന്നതാണ് ഇത്തരം രാസലഹരികൾ സൃഷ്ടിക്കുന്ന ഏറ്റവും വലിയ അപകടം. ലഹരി തകർക്കുക തലച്ചോറിലെ കോശങ്ങളെയാണ്. അതുകൊണ്ടുതന്നെ ഈ വിപത്തിന്റെ ആഴം തിരിച്ചറിയാത്തപക്ഷം പ്രത്യാഘാതം കനത്തതാകും.
'ഡ്രഗ് ഫ്രീ സോൺ'
യുവതലമുറയുടെ വിശേഷിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠിതാക്കളുടെ പോക്ക് എങ്ങോട്ടെന്ന വ്യക്തമായ സൂചനയാണ് കളമശ്ശേരി സംഭവം. ലഹരി ഉപയോഗം മാത്രമല്ല, ലൈംഗിക അരാജകത്വവും കളിയാടുന്നു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ. ലഹരിയുടെ ഉന്മാദ ലോകത്തേക്ക് വിദ്യാർഥിനികളെ കൂടി കൊണ്ടെത്തിച്ച് അവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നു. ലിബറലിസവും സ്വതന്ത്ര ലൈംഗികതാ വാദവും ഇത്തരം പേക്കൂത്തുകൾക്ക് പ്രചോദനമേകുകയും ചെയ്യുന്നു. കളമശ്ശേരി കോളജിന്റെ മാത്രം കഥയല്ല ഇതെന്നു തീർച്ച. ഗവർണർ രജേന്ദ്ര ആർലേക്കർ സംസ്ഥാനത്തെ വൈസ് ചാൻസലർമാരുടെ യോഗം വിളിച്ചുചേർത്ത് ക്യാമ്പസുകളെ 'ഡ്രഗ് ഫ്രീ സോണു'കളാക്കി മാറ്റണമെന്നും ക്യാമ്പസുകളിൽ ലഹരിക്കെതിരെ പ്രതിരോധം തീർക്കണമെന്നും നിർദേശം നൽകിയിരുന്നു.
ഹോസ്റ്റലുകളിൽ നിരീക്ഷണം ശക്തമാക്കണമെന്നും മാതാപിതാക്കൾക്ക് തുടർച്ചയായി ഹോസ്റ്റലുകൾ സന്ദർശിക്കാനുള്ള സൗകര്യമൊരുക്കണമെന്നും ഗവർണർ നിർദേശിച്ചു. ഇത് കഴിഞ്ഞ് മൂന്നാം നാളായിരുന്നു കളമശ്ശേരി ഗവ. പോളിടെക്‌നിക് ഹോസ്റ്റലിലെ റെയ്ഡ്. ഒരു എസ്.പിയുടെ രണ്ട് ആൺമക്കളടക്കം പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾപോലും ലഹരിക്കടിമകളായിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ രണ്ടുവർഷംമുമ്പ് വെളിപ്പെടുത്തിയപ്പോൾ കേരളം ലഹരിച്ചുഴിയുടെ ആഴമറിഞ്ഞതാണ്. പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിനകത്തുവച്ചുപോലും ഉദ്യോഗസ്ഥന്റെ മകൻ ലഹരിക്കടിമപ്പെട്ട് മരിച്ചെന്നായിരുന്നു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. എന്നിട്ടും പതിവ് റെയ്ഡിനും പരിശോധനയ്ക്കുമപ്പുറം കാര്യമായി ഒന്നും ചെയ്യാൻ മുതിർന്നിരുന്നില്ല പൊലീസ്.
പുറത്തുവരുന്ന വിവരങ്ങൾ പരിശോധിച്ചാൽ കുട്ടികളെ ലക്ഷ്യമിട്ടുതന്നെയാണ് കേരളം കേന്ദ്രീകരിച്ച് ലഹരിമാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നത്. ലഹരിയെന്ന വലിയ അഗ്‌നിപർവതത്തിന്റെ മുകളിലാണ് കൗമാരകേരളം നിൽക്കുന്നത്. പൊട്ടിത്തെറിക്കുന്നതിനുമുമ്പ് കുട്ടികളുടെ ലഹരി ഉപയോഗത്തെ എന്തുവില കൊടുത്തും തടയേണ്ടത് സമൂഹത്തിന്റെ കടമയാണ്. ലഹരി തകർത്ത കുടുംബങ്ങളിലെ അമ്മമാരുടെ വിതുമ്പലുകൾ അയൽപക്കത്ത് മാത്രമല്ല, സ്വന്തം വീടുകളുടെ അകത്തളങ്ങളെയും അസ്വസ്ഥപ്പെടുത്തുന്ന കാലം വിദൂരമല്ലെന്നാണ് വർത്തമാനകാല സംഭവങ്ങൾ വിളിച്ചുപറയുന്നത്.
സമൂഹത്തിൽ ലഹരിമാഫിയ പിടിമുറുക്കുമ്പോൾ കേവലം ബോധവൽക്കരണംകൊണ്ടുമാത്രം ഈ വിപത്തിനെ പിടിച്ചുകെട്ടാമെന്നത് ഒരു സ്വപ്‌നം മാത്രമാണ്. രക്ഷാകർത്താക്കളാണ് കുട്ടികൾ ലഹരിയിലേക്കാണോ നല്ല ശീലങ്ങളിലേക്കാണോ പോകേണ്ടതെന്ന് ആദ്യം തീരുമാനിക്കേണ്ടവർ. അതിനുവേണ്ടി ചെറുപ്രായത്തിൽ അവരെ തെറ്റും ശരിയും തിരിച്ചറിയാൻ പ്രേരിപ്പിക്കേണ്ടതുണ്ട്. മാറിയ കാലവും സോഷ്യൽ മീഡിയയുടെ സ്വാധീനവും കുട്ടികളിലുണ്ടാക്കിയ ഏറ്റവും വലിയ മാറ്റം അവർക്ക് തെറ്റും ശരിയും തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണ്. തെറ്റും ശരിയും എന്നത് ഏതാണ്, എന്താണ്, ആരാണ് തീരുമാനിക്കുന്നത് എന്ന് മറുവാദവും ഇപ്പോൾ സജീവ ചർച്ചയായി സമൂഹത്തിൽ നിൽക്കുന്നു. 'ഇലാസ്റ്റിക് പരുവ'ത്തിലേക്കു മാറ്റപ്പെടുന്നു മൂല്യബോധം.
കുട്ടികൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച ഒരു ലഹരി വായനയാണ്. പത്രം, ആനുകാലികങ്ങൾ, പുസ്തകങ്ങൾ എന്നിവ കുട്ടിക്കാലം മുതൽ അവർക്ക് വായിക്കുവാനായി നൽകണം. കഥ പുസ്തകങ്ങൾ, കോമിക്കുകൾ എന്നിവയിലൂടെ പദസമ്പത്തും അറിവും ചിന്താശക്തിയും വർധിപ്പിക്കട്ടെ. കൃത്യമായി എഡിറ്റ് ചെയ്തു, സമൂഹത്തിന് ആവശ്യമായതുമാത്രം ഉൾക്കൊള്ളിച്ചു പുറത്തിറക്കുന്ന പത്രങ്ങൾ ചിന്തകളെ നേർവഴിക്കു നടത്തുമെന്ന കാര്യത്തിൽ സംശയമില്ല. മാത്രമല്ല, ഒരു ദിവസത്തെ സംഭവങ്ങളും അറിവുകളും ഒറ്റയിരുപ്പിൽ വായനയിലൂടെ മനസിലാക്കാൻ കഴിയുകയുമാകാം. കൂടാതെ, വൈകുന്നേരങ്ങളിലെ കളികൾ മാനസികമായും ശാരീരികമായും ശക്തിപ്പെടുത്തും. കളിസ്ഥലങ്ങൾ അപ്രത്യക്ഷമായെങ്കിലും കളിക്കുവാനുള്ള ടർഫുകൾ ഇന്ന് എല്ലായിടത്തുമുണ്ട്. അവ പ്രയോജനപ്പെടുത്തണം.
ജീവിതത്തെക്കാൾ വലിയ ലഹരി മറ്റൊന്നില്ലെന്ന ബാലപാഠം വീട്ടകങ്ങളിൽനിന്നുതന്നെയാണ് ഒരോ കുട്ടിയും പഠിക്കേണ്ടത്. കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ രക്ഷിതാക്കൾ സമയം കണ്ടെത്തണം. അവരുടെ നേരിയ ഭാവമാറ്റംപോലും തിരിച്ചറിയണം. നാളെയുടെ പ്രതീക്ഷകളെ അണച്ചുകളയാൻ മാഫിയകളെ അനുവദിക്കരുത്. നിയമത്തിന്റെ വിള്ളലിലൂടെയോ ആനുകൂല്യത്തിലൂടെയോ ഒരു ലഹരിക്കടത്തുകാരനും രക്ഷപ്പെടില്ല എന്നതിന് സർക്കാർ ഉറപ്പുനൽകണം. കർശന നിയമവും മാതൃകാപരമായ ശിക്ഷയും ഉറപ്പാക്കിയാലേ ലഹരിക്കോട്ടകൾ തകർക്കാനാവൂ. റെയ്ഡ് നടത്തി മയക്കുമരുന്ന് പിടിച്ചെടുത്തത് കൊണ്ട് മാത്രം ക്യാമ്പസുകൾ ശുദ്ധമാകില്ല.
ലഹരിക്കെതിരായ പ്രതിരോധം മാത്രം പോരാ, ക്യാമ്പസുകളിലെ എല്ലാ അധാർമിക പ്രവണതകളെയും ചെറുത്തുതോൽപ്പിച്ചെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ. വിദ്യാർഥികളെ വഴിതെറ്റിക്കുന്ന സാഹചര്യങ്ങളിൽ നിന്ന് കലാലയാന്തരീക്ഷത്തെ മുക്തമാക്കുക കൂടി വേണം. ബിരുദങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന വിദ്യാഭ്യാസ രീതിയല്ല, ധാർമിക മൂല്യങ്ങൾക്ക് കൂടി ഇടം നൽകുന്ന പാഠ്യപദ്ധതിയാണ് പരിഹാരം. വൈകിയെങ്കിലും ലഹരിയെത്തുന്ന വഴികൾ തേടി പൊലിസും എക്‌സൈസും ഇറങ്ങിയെന്നതിൽ പൊതു സമൂഹം ആശ്വാസം കൊള്ളുന്നു. എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുകയാണ്:
ഇത്ര ആഴത്തിൽ ലഹരിമാഫിയ കേരളത്തിൽ വേരാഴ്ത്തിയിട്ടും എന്തുകൊണ്ട് അധികൃതർ നേരത്തെ അറിഞ്ഞില്ല?. കോളജ് ക്യാംപസുകളിൽനിന്ന് ലഹരി തുടച്ചുനീക്കാൻ ഗവർണർ മുന്നിട്ടിറങ്ങേണ്ട സ്ഥിതി എങ്ങനെ വന്നു?. എന്തായാലും ലഹരിക്കെതിരേയുള്ള ഏതു നീക്കത്തെയും രാഷ്ട്രീയക്കണ്ണടവച്ച് കാണേണ്ടതില്ല. സമൂഹവും സർക്കാരും സമ്പൂർണ പിന്തുണയാണ് നൽകേണ്ടത്.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്