'ദിവ്യ'മല്ലാത്ത സ്മാർട്ട്‌നെസ്; ജീവനെടുത്ത പ്രതികാരം

OCTOBER 17, 2024, 1:04 PM

സിനിമയിലെ ഭരത്ചന്ദ്രൻ ഐ.പി.എസിനെയും പൂഞ്ഞാറിലെ പി.സി ജോർജിനെയും മനസിൽ പ്രതിഷ്ഠിച്ച് സ്മാർട്ട് ആകാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അവതരിപ്പിച്ച അപക്വ നാടകത്തിലൂടെ ഉന്നതോദ്യോഗസ്ഥന്റെ ജീവൻ പൊലിഞ്ഞ ദുരന്തം സി.പി.എമ്മിനെ കൊണ്ടെത്തിച്ചിരിക്കുന്നത് അതിസങ്കീർണ്ണത വിഷമവൃത്തത്തിൽ. അഞ്ചു കൊല്ലം മുമ്പ് ആന്തൂരിൽ പ്രവാസി സംരംഭകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപിതയായിരുന്ന നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയെ ഉളുപ്പില്ലാതെ ന്യായീകരിക്കാൻ സി.പി.എമ്മിന് കഴിഞ്ഞതു പോലെ ദിവ്യയെ വെള്ളപൂശാനാകില്ല പാർട്ടിക്കെന്നു വ്യക്തം.

സി.പി.എം നേതാവ് കൂടിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണമുന്നയിച്ചതിൽ മനംനൊന്ത് കണ്ണൂർ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയത് കേരളത്തെ വല്ലാതെ അമ്പരപ്പിക്കുന്നു; അസ്വാസ്ഥ്യപ്പെടുത്തുന്നു. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മാത്രം വേദനയല്ല ഈ ദുരന്തം. സംസ്ഥാനത്തിന്റെ മനസ്സാക്ഷിയാണ് പൊള്ളുന്നത്. പൊതുജീവിതത്തിന്റെ എല്ലാ മേഖലകളിലും അഴിമതി സാർവത്രികമാകുന്നതിന്റെ നാണംകെടുത്തുന്ന വർത്തമാനങ്ങളില്ലാതെ ഒരു ദിവസവും കടന്നുപോകുന്നില്ല എന്ന പരമാർഥം നിലനിൽക്കുമ്പോഴും ഒരു രാഷ്ട്രീയ നേതാവിന്റെ അപക്വപെരുമാറ്റം മനുഷ്യജീവൻ പൊലിയാൻ ഇടയാക്കിയെങ്കിൽ, അതീവ ഗൗരവമുള്ളതാണതെന്ന് പൊതുസമൂഹം വിലയിരുത്തുന്നു. ഭരണ ഗർവോടെ വിലസുന്ന സി.പി.എം നേതാക്കളുടെയും ജനപ്രതിനിധികളുടെയും ധാർഷ്ട്യത്തിനും കാടത്തത്തിനും ഒരു ഇര കൂടി ഉണ്ടായിരിക്കുന്നുവെന്ന കുറ്റപ്പെടുത്തലാണ് പ്രതിപക്ഷത്തുനിന്നുയരുന്നത്.

അഴിമതിക്കഥകളും അസംബന്ധ കൂടിക്കാഴ്ചകളുമൊക്കെ വാർത്താമാദ്ധ്യമങ്ങളെ വിളിച്ചുവരുത്തി പരസ്യമാക്കുന്നത് ഇടതുപക്ഷ ലൈൻ അല്ല എന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. അൻവർ എം.എൽ.എയുടെ ചില വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പാർട്ടിയുടെ ഈ പ്രഖ്യാപിത നയം ഒരിക്കൽക്കൂടി അദ്ദേഹം എടുത്തുപറഞ്ഞത്. ഇങ്ങനെയുള്ള കാര്യങ്ങൾ ആദ്യം പാർട്ടിയെ അറിയിക്കണം. പിന്നെ വേണമെങ്കിൽ മുഖ്യമന്ത്രി എന്ന നിലയിൽ തന്നെയും അറിയിക്കാം. അൻവർ എം.എൽ.എ ഇടതുപക്ഷ സ്വതന്ത്രനാണ്. സി.പി.എം അംഗമല്ല. അതിനാൽ ഈ അച്ചടക്കം സാങ്കേതികമായി അൻവറിന് ബാധകമാകില്ല. എന്നാൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ കാര്യം അങ്ങനെയല്ല.

vachakam
vachakam
vachakam

അവർ അടിയുറച്ച സി.പി.എമ്മുകാരിയാണ്. പാർട്ടിയുടെ അച്ചടക്കവും നയവും പാലിക്കേണ്ടത് അവരുടെ ചുമതലയും കടമയുമാണ്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയ പാർട്ടി ലൈൻ പരസ്യമായി അവർ ലംഘിക്കുകയാണ് ചെയ്തതെന്ന വിമർശം തള്ളിക്കളയാനാകില്ല.അഴിമതിമുക്ത ഭരണമാണ് ഏതു സർക്കാരിന്റെയും ഭരണവാഗ്ദാനങ്ങളിലെ ഒന്നാം ഇനം. ഒന്നും രണ്ടും പിണറായി സർക്കാരും ഇതാവർത്തിച്ചു. അഴിമതിയുടെ തോത് കുറയ്ക്കാനായെന്ന് സർക്കാരുകൾ ആണയിടുന്നുണ്ടെങ്കിലും വിവിധ സർക്കാർ വകുപ്പുകളിൽനിന്ന് പുറത്തുവരുന്ന നാണംകെട്ട അഴിമതിക്കഥകൾക്ക് കുറവൊന്നുമില്ല. ഓരോ ദിവസവും പല ജില്ലകളിൽ നിന്നായി, പല വകുപ്പുകളുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ പുറത്തുവരുന്നു. ചില കേസുകളിലെങ്കിലും പ്രതികൾ ശിക്ഷിക്കപ്പെടുമ്പോഴും അഴിമതിയെന്ന ദുർഭൂതത്തിനു മാത്രം കടിഞ്ഞാണില്ലെന്ന വസ്തുത ഇതിനിടെ വീണ്ടും ചർച്ചാ വിഷയമായി മാറുന്നു.

രാഷ്ട്രീയ അപക്വതയുടെയോ ധാർഷ്ട്യത്തിന്റെയോ പ്രതിരൂപമായി മാത്രമേ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചെയ്തികളെയും വാക്കുകളെയും സാധാരണ ജനങ്ങൾക്ക് കാണാൻ കഴിയൂ. അതിന് കൊടുക്കേണ്ടി വന്ന വിലയാകട്ടെ സർക്കാർ ഉദ്യോഗസ്ഥന്റെ ജീവനും. പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ, നിയമപാലനം ഉറപ്പാക്കേണ്ട പൊലിസ് ഉദ്യോഗസ്ഥർ എന്നുവേണ്ട, സേവനങ്ങൾക്കായി സാധാരണജനങ്ങൾക്ക് സമീപിക്കേണ്ടിവരുന്ന അധികാരസ്ഥാനങ്ങളെല്ലാം കൈക്കൂലിയുടെയും അഴിമതിയുടെയും ദുർഗന്ധം വമിക്കുന്ന മാലിന്യക്കുഴികളായി മാറുന്നത് നാടിന്റെ ശാപംതന്നെ.

ഒരു ചെറിയവിഭാഗം ഉദ്യോഗസ്ഥരുടെ വഴിപിഴച്ച പോക്കാണ് ഈ ദുർഗതികൾക്കു കാരണമെന്നതും യാഥാർത്ഥ്യം. എന്നാൽ അഴിമതി തുടച്ചുനീക്കുമെന്ന സദുദ്ദേശ്യത്തോടെ മാത്രമായി പി.വി ദിവ്യ എന്ന സി.പി.എം നേതാവ് ചടങ്ങിൽ എത്തിയെന്ന് വിശ്വസിക്കുന്നവരുണ്ടാകില്ല. പാർട്ടിയുടെ നയവും അച്ചടക്കവും പാലിക്കാതെ ഇതുപോലെ വാവിട്ട് സംസാരിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ എവിടെയും ഞാഞ്ഞൂലുകൾ തലപൊക്കുമെന്ന് പാർട്ടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. പലപ്പോഴും പാർട്ടിയുടെ കെട്ടുറപ്പിനെ തകർക്കുന്നത് പുറത്തുള്ളവരല്ല. അകത്തുള്ളവരുടെ ഗ്രൂപ്പ് വഴക്കും പടലപ്പിണക്കങ്ങളും അധികാരമോഹവുമാണെന്നത് വ്യക്തം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഹതഭാഗ്യനായ നവീൻ ബാബു.

vachakam
vachakam
vachakam

കണ്ണൂരിൽനിന്ന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബു, അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കാനിരിക്കുകയായിരുന്നു. കണ്ണൂർ കലക്ടറേറ്റിൽ അദ്ദേഹത്തിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ഡി.എമ്മിനെ അഴിമതിക്കാരനെന്ന് പരസ്യമായി അധിക്ഷേപിച്ചു. അതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതും ആസൂത്രിതമായായിരുന്നു. ഈ മനോവിഷമം സഹിക്കവയ്യാതെയാണ് നവീൻ ബാബു സ്വന്തം ക്വാർട്ടേഴ്‌സിൽ ജീവനൊടുക്കിയതെന്നാണ് ആരോപണം. അഴിമതിക്കാരനെന്ന ട്രാക്ക് റെക്കോഡ് തന്റെ സർവിസ് കാലയളവിൽ എഴുതിച്ചേർത്തയാളല്ല അദ്ദേഹം. റവന്യു മന്ത്രിയും ജില്ലാ കലക്ടറുമൊക്കെ ഇത് സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞു. എത്രയോ വലിയ ആരോപണങ്ങൾ പല പാർട്ടികളുടെയും നേതാക്കൾക്കും ബന്ധുക്കൾക്കും നേരെ ഉയർന്നിട്ടുണ്ട്. പക്ഷേ, ആരും തൂങ്ങിമരിച്ചില്ല.

യാത്രയയപ്പ് യോഗത്തിൽ നവീനെതിരേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രൂക്ഷ വിമർശനം ഉന്നയിച്ചത് ജില്ലാ കലക്ടറുടെ സാന്നിധ്യത്തിലായിരുന്നു. നവീൻ ബാബുവിന് ഉപഹാരങ്ങൾ നൽകാൻ കാത്തുനിൽക്കുന്നില്ലെന്നു പറഞ്ഞ് പ്രസിഡന്റ് ഇറങ്ങിപ്പോകുകയും ചെയ്തു. പത്തനംതിട്ട ഓഫിസിൽ അടുത്ത ദിവസം ജോയിൻ ചെയ്യേണ്ടതിനാൽ അദ്ദേഹത്തിന്റെ വരവും കാത്ത് കുടുംബം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ നവീൻ വരുമെന്ന് അറിയിച്ച ട്രെയിനിൽ കാണാതായതോടെയാണ് അന്വേഷിച്ചത്. അപ്പോഴാണ് കണ്ണൂരിലെ ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിവരം അറിയുന്നത്. സർവീസിൽനിന്ന് വിരമിക്കാൻ ഏഴു മാസം മാത്രം ബാക്കിനിൽക്കെയാണ് നവീൻ ബാബുവിന്റെ മരണം.

അഴിമതി ആരോപണം അദ്ദേഹത്തിന്റെ കുടുംബം നിഷേധിച്ചിട്ടുണ്ട്. എക്കലവും സി.പി.എം ബന്ധം പുലർത്തിവന്നിരുന്നവരാണ് നവീൻ ബാബുവും ബന്ധുക്കളും. സി.പി.എം ഉദ്യോഗസ്ഥ സംഘടനയിൽ അംഗമായ നവീൻ ബാബു വിരമിക്കാൻ ഏഴ് മാസം മാത്രം അവശേഷിക്കേയാണ് ഈ അപമാനവും ആത്മഹത്യയും.യാത്രയയപ്പ് ചടങ്ങിൽ റവന്യു സ്റ്റാഫിനല്ലാതെ മറ്റാർക്കും ക്ഷണമുണ്ടായിരുന്നില്ല. മാദ്ധ്യമപ്രവർത്തകരോ പി.ആർ.ഡി ജീവനക്കാരോ ചടങ്ങിലുണ്ടായിരുന്നില്ല. എന്നാൽ ദിവ്യ ചടങ്ങിൽ എത്തുന്നതിന് മുൻപുതന്നെ ഒരു വീഡിയോഗ്രാഫർ സ്ഥലത്തെത്തിയിരുന്നു. ദിവ്യയുടെ ആറ് മിനിട്ട് നീണ്ട പ്രസംഗവും ഇറങ്ങിപ്പോക്കും മുഴുവനായി ചിത്രീകരിക്കുകയും ചെയ്തു.

vachakam
vachakam
vachakam

രാത്രിയോടെ ഈ വീഡിയോ മാദ്ധ്യമപ്രവർത്തകർക്കും ചാനലുകൾക്കും ലഭിക്കുകയായിരുന്നു. എ.ഡി.എമ്മിനെ പരമാവധി അപമാനിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇക്കാര്യങ്ങൾ നടന്നതെന്നാണ് ആരോപണം ഉയരുന്നത്. ദിവ്യയുടെ അസാധാരണ പ്രതികാര വഴികൾ സുവ്യക്തം. ആത്മഹത്യക്കുള്ള പ്രേരണക്കുറ്റമാണ് അവരുടെ മേൽ ആരോപിക്കപ്പെടുന്നത്. പെട്രോൾ പമ്പിന്റെ എൻ.ഒ.സിക്കുവേണ്ടി ഒരു ലക്ഷം രൂപ നവീൻ ബാബു ആവശ്യപ്പെട്ടുവെന്നും ഇതിൽ 98,500 രൂപ നൽകിയെന്നും മുഖ്യമന്ത്രിക്ക് സി.പി.എം സഹയാത്രികനായ സംരംഭകൻ പരാതി നൽകിയിരുന്നു. ഈ പരാതിക്കും പണം കൈമാറലിനും പിന്നിലെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആരോപണം.

ഇതിന്റെയെല്ലാം വസ്തുത സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിലൂടെ പുറത്തുവരുമെന്ന് പാർട്ടി നേതാക്കൾ പറയുന്നുണ്ടെങ്കിലും വേണ്ടപ്പെട്ടവർ പ്രതിസ്ഥാനത്തു നിൽക്കുമ്പോൾ അതിനുള്ള ആർജവം സർക്കാരിനുണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്. കണ്ണൂരിൽ സംഭവിച്ചത് ഇനി ഒരിടത്തും ആവർത്തിക്കാൻ പാടില്ലാത്തതാണ്. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടുകതന്നെ വേണം. അത് എത്ര ഉന്നത സ്ഥാനത്തിരിക്കുന്നയാളായാലും. അവർക്ക് കവചമൊരുക്കാൻ ശ്രമിക്കുന്നവർ ആരായാലും അവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്.

ഫയലും ജീവിതവും

ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ആപ്തവാക്യമായെടുത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പക്ഷേ, ഒരു പൊതുജന താൽപര്യമുള്ള വിഷയത്തിലുള്ള പ്രതിഷേധമല്ല എ.ഡി.എമ്മിനെതിരേ കാട്ടിയതെന്നതു ശ്രദ്ധേയമാണ്. സി.പി.എം ബന്ധുവായ ഒരാളുടെ വ്യക്തിപരമായ കാര്യത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ടതും ഉയർന്ന ഉദ്യോഗസ്ഥനെ സമൂഹമധ്യത്തിൽ അധിക്ഷേപിച്ചതും. തനിക്ക് താൽപര്യമില്ലാത്ത ഉദ്യോഗസ്ഥനെ പരസ്യമായി അധിക്ഷേപിക്കാൻ കിട്ടിയ അവസരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിട്ടുകളഞ്ഞില്ലെന്നു വേണം കരുതാൻ. ജില്ലാ ഭരണകൂടത്തെ നയിക്കുന്നയാളിൽനിന്നുതന്നെയാണ് ഇത്തരം അപക്വ പെരുമാറ്റങ്ങളുണ്ടായത്.

ദിവ്യ പറയുന്നതുപോലെയെങ്കിൽ ഒരു പെട്രോൾ പമ്പിന്റെ എൻ.ഒ.സിയുമായി ബന്ധപ്പെട്ട് ഒരാൾ എന്തിനാണ് ഇത്രയേറെ തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസ് കയറി ഇറങ്ങുന്നതെന്ന സംശയം ഉയുന്നുണ്ട്. എ.ഡി.എം അഴിമതിക്കാരനാണെങ്കിൽ നിയമത്തിന്റെയോ അധികാരത്തിന്റെയോ വഴികൾ സ്വീകരിച്ച് നടപടിയെടുക്കുന്നതിന് പകരം എന്തിന് ഉയർന്ന സ്ഥാനത്തിരുന്ന് വ്യക്തിയധിക്ഷേപത്തിലേക്ക് പോയി? പെട്രോൾ പമ്പിന്റെ എൻ.ഒ.സിക്കായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ ഇടപെടലുകൾ സ്വജനപക്ഷപാതമല്ലാതെ മറ്റെന്ത്?. ഓരോ ജനപ്രതിനിധിയും സ്വന്തം നിലയ്ക്ക് വിചാരണയും ശിക്ഷയും വിധിച്ചാൽ എന്തിനാണ് ഇവിടെ ഒരു സർക്കാർ? നവീൻ ബാബുവിന്റെ മരണം ഇതിനെല്ലാം ഉത്തരം തേടുന്നുണ്ട്്.

ജനപ്രതിനിധികളെ ആരെയും ക്ഷണിക്കാത്ത യോഗത്തിലായിരുന്നു എ.ഡി.എമ്മിന് യാത്രഅയപ്പ് നൽകിയത്. അതിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി അവർ കയറിച്ചെന്നു. അതൊരു വലിയ തെറ്റായി കാണേണ്ടതില്ല. യാത്ര അയപ്പ് നൽകുന്ന വ്യക്തിയെക്കുറിച്ച് രണ്ട് നല്ല വാക്കുകൾ പറയുന്നതിനാണെങ്കിൽ രാഷ്ട്രീയ നേതാക്കൾക്ക് ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ പേരിൽ ക്ഷണിക്കാതെയും ചെല്ലാം. പക്ഷേ ഇവിടെ അതല്ല സംഭവിച്ചത്. പെട്രോൾ പമ്പ് അനുവദിച്ചതിനു പിന്നിൽ അഴിമതിയുണ്ടെന്നും അത് രണ്ടു ദിവസത്തിനുള്ളിൽ വിശദീകരിക്കുമെന്നും പറഞ്ഞ് വേദിയിൽ എ.ഡി.എം നവീൻ ബാബുവിനെ അപഹസിക്കുകയും അവഹേളിക്കുകയുമാണ് പി.പി. ദിവ്യ ചെയ്തത്. ഇതൊരു കമ്മ്യൂണിസ്റ്റ് രീതിയാണെന്ന് ആർക്കും പറയാനാകില്ല.

അങ്ങനെയുള്ള അഴിമതിയെക്കുറിച്ച് അവർക്ക് ബോദ്ധ്യമുണ്ടായിരുന്നെങ്കിൽ ആദ്യം ജില്ലാ കമ്മിറ്റിയെ അറിയിക്കണമായിരുന്നു. അല്ലെങ്കിൽ പാർട്ടി സെക്രട്ടറിയെയോ മുഖ്യമന്ത്രിയെയോ അറിയിക്കണമായിരുന്നു. ഇതിലൊന്നും നടപടി ഉണ്ടായില്ലെങ്കിൽപ്പോലും പൊതുവേദിയിൽ വന്ന് അച്ചടക്കമുള്ള ഒരു നേതാവ് അത് വിളിച്ചുപറയാൻ പാടില്ല. അച്ചടക്കം ലംഘിക്കുക മാത്രമല്ല ദിവ്യ ചെയ്തത്. സാമൂഹ്യ ജീവിതത്തിൽ പാലിക്കേണ്ട മിനിമം ഔചിത്യം പോലും കാണിച്ചില്ല. ഒരു യാത്രഅയപ്പ് യോഗത്തിൽ ഇങ്ങനെയൊക്കെ വിളിച്ചുപറയുന്നത് രാഷ്ട്രീയ നേതാവെന്ന നിലയിൽ അവർ പുലർത്തുന്ന അങ്ങേയറ്റത്തെ ധാർഷ്ട്യമാണ് വ്യക്തമാക്കുന്നത്. നവീൻ ബാബു അഴിമതിക്കാരനല്ലെന്നാണ് സഹപ്രവർത്തകരും ബന്ധുക്കളും പറയുന്നത്. ഇനി അഴിമതിക്കാരനാണെന്ന് ആരെയെങ്കിലും കൊണ്ട് പറയിപ്പിക്കുക ദുഷ്‌കരവുമല്ല.

പാർട്ടി സത്യസന്ധമായി അന്വേഷിച്ചാൽ അദ്ദേഹം അഴിമതിക്കാരനാണോ അല്ലയോ എന്ന് കൃത്യമായി മനസ്സിലാക്കാനാവും. തീർച്ചയായും ദുർബ്ബലനായ ഒരു മനുഷ്യനാണ് നവീൻ ബാബു. അതുകൊണ്ടാണ് വാക്കുകൾ കൊണ്ട് മുറിവേറ്റ ഉടൻ മറ്റൊന്നും ആലോചിക്കാതെ ക്വാർട്ടേഴ്‌സിൽ പോയി തുങ്ങിമരിച്ചത്. രണ്ട് പെൺകുട്ടികളുടെ പിതാവ്. അവരുടെ അനാഥത്വത്തിന് ആർക്കിനി എന്തു പരിഹാരം ചെയ്യാനാവും? ഒരാൾ കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, അത് നിയമപരമായ മാർഗത്തിലായിരിക്കണം. അതിന് രാജ്യത്ത് സംവിധാനങ്ങളുണ്ട്. സി.പി.എം അല്ല ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും. നേരിട്ട് വിചാരണ നടത്തുകയും ശിക്ഷ നടപ്പാക്കുകയും ചെയ്ത ചരിത്രമുള്ള പാർട്ടിയാണ് സി.പി.എം. പാർട്ടിക്ക് സ്വന്തം പോലീസും കോടതിയും നിയമ സംവിധാനവുമുണ്ടെന്ന് ഉന്നത നേതാക്കൾ സമ്മതിച്ചിട്ടുമുണ്ട്.

ഭരണത്തിന്റെ തണലിൽ നിയമ വ്യവസ്ഥ കയ്യാളുന്ന ശൈലി ചെറു നേതാക്കളും അണികളും ഏറ്റെടുക്കാൻ ഒരുങ്ങുന്നതിന്റെ സൂചനയാണ് കണ്ണൂർ സംഭവമെന്ന ആരോപണം തള്ളിക്കളയുന്നില്ല സാധാരണ ജനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കുറിച്ച് നിലവിട്ട പരാമർശം നടത്തിയ വ്യക്തിയാണ് ഈ സംഭവത്തിലെ പ്രതിനായികയെന്ന് ബി.ജെ.പി പറയുന്നു. അതിനൊക്കെ കയ്യടിക്കാൻ പാർട്ടിക്കാർ ഉണ്ടായേക്കാം. പക്ഷെ, നിയമ സംവിധാനം ന്യായത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും പക്ഷത്തു തന്നെ നിൽക്കുമെന്ന കാര്യം മറക്കുന്നത് ഗുണകരമാകില്ല.

സി.പി.എം കണ്ണൂർ ജില്ലാ കമ്മറ്റി അംഗം ഗോപിനാഥിന്റെ ബന്ധു ടി.വി. പ്രശാന്തന് ബി.പി.സി.എല്ലിന്റെ ഔട്ട്‌ലറ്റ് തുടങ്ങാൻ അനുമതി ലഭിച്ചിരുന്നു. എന്നാൽ മാനദണ്ഡങ്ങൾ എല്ലാം പാലിക്കാത്തതിനാൽ എൻ.ഒ.സി നൽകാൻ എ.ഡി.എം നവീൻ ബാബു തയ്യാറായില്ലത്രെ. തുടർന്നാണ് ദിവ്യ വിളിച്ച് പാർട്ടിയുടെ തീരുമാനം ആണെന്ന രീതിയിൽ ഭീഷണി സ്വരത്തിൽ സംസാരിച്ചതെന്നാണ് ആരോപണം. എ.ഡി.എം തെറ്റുകാരനാണെങ്കിൽ നിയമം അതിന്റെ കർത്തവ്യം നിറവേറ്റട്ടെയെന്നു സാധാരണ ജനങ്ങൾ പറയുന്നു. അല്ലെങ്കിൽ, സത്യസന്ധനായൊരു ഉദ്യോഗസ്ഥനെ മാനസിക പീഡനത്തിലൂടെ മരണത്തിലേക്ക് തള്ളിവിട്ടതിന് ഈ വനിതാ നേതാവ് മറുപടി പറയേണ്ടിവരുമെന്നു ജനങ്ങൾ കരുതുന്നു; പക്ഷേ, പാർട്ടി നിലപാട് എത്രത്തോളം സുതാര്യമാകുമെന്ന കാര്യം ഇനിയും കണ്ടറിയേണ്ടിയിരിക്കുന്നു.

ബാബു കദളിക്കാട്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam