ഉമ്മൻ ചാണ്ടിയുടെ രാജിയും കുഴഞ്ഞുമറിഞ്ഞ കോൺഗ്രസും

OCTOBER 17, 2024, 1:13 PM

ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിനുശേഷം കേരള രാഷ്ട്രീയത്തിൽ സംഭവബഹുലമായ ഒട്ടേറെ സംഗതികൾ അരങ്ങേറി. ഉടൻതന്നെ വന്ന രാജ്യസഭാ തെരഞ്ഞെടുപ്പാണ് എല്ലാത്തിന്റെയും തുടക്കം. ഇതിനിടെ ലീഗ് നേതൃത്വവുമായി ഇടഞ്ഞ അഖിലേന്ത്യ പ്രസിഡന്റ് ഇബ്രാഹിം സുലൈമാൻ സേട്ട് പാർട്ടി വിടുകയും ഇന്ത്യൻ നാഷണൽ ലീഗ് എന്ന പുതിയ പാർട്ടി ഉണ്ടാക്കുകയും ചെയ്തു. ഗുരുവായൂരിൽ നിന്നുള്ള നിയമസഭ അംഗം പി.എം. അബൂബക്കർ ആ പാർട്ടിയുടെ ഭാഗമായി എം.എൽ.എ സ്ഥാനം രാജിവച്ചു.

ആ ഒഴിവിലാണ് 1994 മേയ് 26 ഉപതിരഞ്ഞെടുപ്പ് നടന്നത്. വാഗ്മിയും മതപണ്ഡിതനുമായ അബ്ദുസമദ് സമദാനി ആയിരുന്നു യു.ഡി.എഫിന്റെ സ്ഥാനാർത്ഥി. ചലച്ചിത്ര സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ ഇടതുമുന്നണി രംഗത്തിറക്കി. ഐ.എൻ.എല്ലും പി.ഡി.പിയും വർഗീയ കക്ഷികൾ ആണെന്നും അവരുമായി കൂട്ടുകൂടില്ലെന്നും സി.പി.എം സംസ്ഥാന സമിതി പ്രഖ്യാപിച്ചെങ്കിലും ആ രണ്ടു പാർട്ടികളും സി.പി.എം മുന്നണിയുടെ അനൗദ്യോഗിക അഭിഭാജ്യ ഘടകങ്ങളായി നിലകൊണ്ടു.

ആ തെരഞ്ഞെടുപ്പിലെ ഏറ്റവും മുഖ്യമായ ചർച്ചാവിഷയം അയോധ്യ തന്നെയായിരുന്നു. തിരഞ്ഞെടുപ്പിൽ പി.ടി. കുഞ്ഞുമുഹമ്മദ് ജയിച്ചു. രാജ്യസഭയിൽ ആകട്ടെ അരങ്ങിൽ സുധാകരൻ, എം.എം. ജേക്കബ്, ഇ. ബാലാനന്ദൻ എന്നിവരുടെ കാലാവധി തീർന്ന ഒഴിവുകളിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് വന്നു. അതാണ് ഈയിടെ ഡൽഹിയിൽ വച്ചുള്ള അനൗദ്യോഗിക ചർച്ചയിൽ ഉയർന്നുവന്നത്. കരുണാകരൻ അറിയാതെ ചർച്ച നടത്തി എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രശ്‌നം.

vachakam
vachakam
vachakam

മൂന്ന് ഒഴിവിൽ രണ്ട് ഒഴിവ് കോൺഗ്രസിനുള്ളതാണ് അതിൽ ഒരു സീറ്റ് എന്തായാലും ആന്റണി ഗ്രൂപ്പിനെ കിട്ടുമെന്ന് പൂർണ വിശ്വാസം ഉണ്ടായിരുന്നു ഉമ്മൻചാണ്ടിക്ക്. എ.സി. ജോസ,് ഡോ.എം.എ. കുട്ടപ്പൻ, തലൈക്കുന്നിൽ ബഷീർ എന്നിവ അടങ്ങിയ പാനൽ ഉമ്മൻചാണ്ടി സമർപ്പിച്ചു. പാനിൽ കണ്ടു ഊറിച്ചിരിച്ചു, അതിനു ശേഷം കരുണാകരൻ ഉമ്മൻചാണ്ടിയെ വിളിച്ച് നിങ്ങൾ ഒരാളുടെ പേര് മുന്നോട്ടുവയ്ക്കു എന്ന് നിർദ്ദേശിച്ചു. അങ്ങനെ ഉമ്മൻചാണ്ടി സഹപ്രവർത്തകരുമായി ആലോചിച്ച് ഡോ.എം.എ. കുട്ടപ്പന്റെ പേര് നൽകി

. വയലാർ രവിയായിരുന്നു കോൺഗ്രസിന്റെ മറ്റൊരു സ്ഥാനാർത്ഥി. എം.എ. കുട്ടപ്പൻ പത്രിക നൽകി. എന്നാൽ വയലാർ രവിക്കും കുട്ടപ്പനും ഒപ്പം മുസ്ലിംലീഗിലെ അബ്ദുസമദ് സമദാനിയും പത്രിക നൽകി. രാവിലെ മന്ത്രിസഭ യോഗം ഉണ്ടായിരുന്നു അതിനുശേഷം കൊരമ്പയിൽ അഹമ്മദ് ഹാജി, സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവർ മുഖ്യമന്ത്രിയെ കണ്ടു സീറ്റ് ആവശ്യപ്പെട്ടു. രണ്ട് സീറ്റുകളിൽ ഒന്ന് കോൺഗ്രസിന് ആണെന്നും മറ്റൊന്ന് യു.ഡി.എഫ് ആണെന്നും ലീഗ് അവകാശവാദം ഉന്നയിച്ചു.

സത്യത്തിൽ, തന്ത്രപരമായ ഒരു നീക്കം നടത്തുകയായിരുന്നു ലീഗും മുഖ്യമന്ത്രി കരുണാകരനും. അത് ഇങ്ങനെയായിരുന്നു. കരുണാകരൻ പറഞ്ഞു ഒന്ന് കോൺഗ്രസിനുള്ള സീറ്റ്. മറ്റൊന്ന് യു.ഡി.എഫിലുള്ളത്. അത് ആർക്കുമാകാം. അതിൽ  മുൻതൂക്കവും പ്രത്യേക സാഹചര്യവും കണക്കിലെടുത്ത് ആർക്ക് കൊടുക്കമമെന്നു കൂട്ടായി തീരുമാനിക്കാം. അത് തന്നെയല്ല ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ അയോധ്യപ്രശനം മുന്നിൽ നിൽക്കുന്നതുകൊണ്ടും ലീഗ് സ്ഥാനാർത്ഥി ഗുരുവായൂരിൽ തോറ്റതുകൊണ്ടും ആ സീറ്റ് മുസ്ലിംലീഗിന് കൊടുക്കുന്നതായിരിക്കും ഉചിതം. അയോധ്യയുടെ മുറിവുണക്കാൻ അത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു ഹൈക്കമാൻഡ് പറയട്ടെ എന്നായിരുന്നു ഉമ്മൻചാണ്ടിയുടെയും കൂട്ടരുടെ നിലപാട്.

vachakam
vachakam
vachakam

എങ്ങിനെയും കുട്ടപ്പനെ രാജ്യസഭയിൽ എത്തിക്കണമെന്നുള്ള തീവ്രമായ ശ്രമം നടത്തുകയായിരുന്നു ആന്റണി ഗ്രൂപ്പ്. ഡൽഹിയിൽ പലരെയും ഫോണിൽ വിളിച്ചു. ഇതിനിടെ കരുണാകരൻ  ഉമ്മൻചാണ്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ ഇരുവരും കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിറ്റേദിവസം രാവിലെ അഞ്ചുമണിക്ക് ഉമ്മൻചാണ്ടിയുടെ വീട്ടിലെ ഫോൺ ബെൽ അടിച്ചു. ചാടിപ്പിടച്ച് ഉമ്മൻചാണ്ടി ഫോൺ എടുത്തു മറുതലക്കൽ അഹമ്മദ് പട്ടേൽ ആണ്. പരിഭവിക്കരുത്, വയലാർ രവി ആണ് കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥി എന്ന് പട്ടേൽ അറിയിച്ചു. പി.സി.സി പ്രസിഡന്റ് ആയതുകൊണ്ട് അദ്ദേഹത്തെ പിൻവലിക്കാൻ ആവില്ല. രവിയുടെ സ്ഥാനാർത്ഥിത്വം അംഗീകരിക്കണം. കുട്ടപ്പന്റെ പത്രിക പിൻവലിക്കണം. ഹൈക്കമാന്റിന്റെ തീരുമാനം അതാണെങ്കിൽ അക്ഷരം അനുസരിക്കാം എന്ന് ഉമ്മൻചാണ്ടി പറഞ്ഞെങ്കിലും ഒരു വ്യവസ്ഥവച്ചു.

താൻ ധനമന്ത്രി സ്ഥാനം രാജിവെക്കും. അതിനു തടസ്സം പറയരുത്. അത് ഡൽഹിയിൽ ചർച്ച ചെയ്തിട്ട് തീരുമാനിക്കാം എന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി അതിന് വഴങ്ങിയില്ല. അദ്ദേഹം ഫോൺ താഴെ വച്ചു. ഇതിനിടെ അഹമ്മദ് പട്ടേൽ ഡോ. കുട്ടപ്പനയും വിളിച്ച് പത്രിക പിൻവലിക്കുന്ന കാര്യം സംസാരിച്ചിരുന്നു. അപ്പോൾ തന്നെ ഉമ്മൻചാണ്ടി എ.കെ. ആന്റണിയെ വിളിച്ച് കാര്യങ്ങൾ ബോധിപ്പിച്ചു. ഇതിനിടെ കെ.പി. വിശ്വനാഥിന്റെ ഔദ്യോഗിക വസതിയിൽ ആന്റണി ഗ്രൂപ്പുകാർ ഒത്തുകൂടിയിരുന്നു. അവിടേക്ക് ഉമ്മൻചാണ്ടിയും എത്തി. വന്നപാടെ ഉമ്മൻചാണ്ടി താൻ രാജിവെക്കുന്നു എന്ന കാര്യം അറിയിച്ചു. ഏറെ ശോകമൂകമായ ഒരു അന്തരീക്ഷം..! രാവിലെ 11 മണിക്ക് മുമ്പായി കുട്ടപ്പൻ പത്രിക പിൻവലിച്ചു. ഉമ്മൻചാണ്ടി അത്യാവശ്യ ഫയലുകൾ എല്ലാം നോക്കിയതിനുശേഷം കൃത്യം 3.30ന് കരുണാകരന്റെ ഓഫീസിലെത്തി രാജിക്കത്ത് നേരിട്ട് നൽകി.

രണ്ടു വാചകത്തിലായിരുന്നു കത്ത്.

vachakam
vachakam
vachakam

പ്രിയപ്പെട്ട മുഖ്യമന്ത്രി.

അങ്ങയുടെ മന്ത്രിസഭയിൽ നിന്ന് ഞാനിതാ രാജിവെക്കുന്നു. മന്ത്രി എന്ന നിലയിൽ എനിക്ക് നൽകിയ എല്ലാ സഹായ സഹകരണങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നു.

വിശ്വസ്തതയോടെ, ഉമ്മൻചാണ്ടി.

എന്നാൽ ഇതിനിടെ മുസ്ലിം ലീഗ് നേതാക്കൾ ഒത്തുകൂടി ഉമ്മൻചാണ്ടിയോട് ഒരുകാരണവശാലും രാജിവെക്കരുത് എന്ന് അഭ്യർത്ഥിച്ചു. അതിന് ഒന്നു ചിരിച്ചതല്ലാതെ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല ഉമ്മൻചാണ്ടി. എന്തായാലും വലിയൊരു ഭാരം തലയിൽ നിന്നും ഇറക്കി വെച്ച അനുഭവമായിരുന്നു ഉമ്മൻചാണ്ടിക്ക്. യു.ഡി.എഫിൽ നിന്നും മൂന്നപേർ പത്രിക സമർപ്പിച്ചപ്പോൾ തന്നെ കാര്യങ്ങൾ ഏതാണ്ട് വ്യക്തമായതാണ്. അന്ന് തന്നെ രാജിക്കാര്യവും ഉമ്മൻ ചാണ്ടി ഉറപ്പിച്ചിരുന്നു. എന്നാൽ എല്ലാം രഹസ്യമാക്കി വച്ചു. അടുത്ത സഹപ്രവർത്തകരോട് മാത്രം രാജിക്കാരും സൂചിപ്പിച്ചിരുന്നു. തുടർന്ന് തൈക്കാട് ഹൗസിൽ ഒരു യോഗം ചേർന്നു ആന്റണി ഗ്രൂപ്പുകാർ.

ഈ യോഗത്തെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. കരുണാകരനിൽ ആന്റണി ഗ്രൂപ്പ് അവിശ്വാസം പ്രകടിപ്പിച്ചു എന്നായിരുന്നു. കെ. കരുണാകരൻ രാജിവെക്കണമെന്ന് വിശ്വനാഥൻ ആവശ്യപ്പെട്ടു എന്നും പോലും പ്രചാരണം ഉണ്ടായി. ഉടൻതന്നെ കരുണാകരൻ വിശ്വനാഥിനെ വിളിച്ച് 'വിശ്വാസമില്ല അല്ലേ' എന്ന് ചോദിച്ചു. എന്നിട്ട് കണ്ണിറുക്കി ഊറിച്ചിരിച്ചു. അങ്ങനെ ഒരു അഭിപ്രായം ഉണ്ടെന്നായിരുന്നു വിശ്വനാഥന്റെ മറുപടി. എങ്കിൽ ഒരു കത്ത് കൂടി തരേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

'എന്താ രാജിക്കത്താണോ..?' വിശ്വനാഥൻ തിരിച്ചു ചോദിച്ചു. അതേ, അതുതന്നെ. എന്ന് പറഞ്ഞ് കരുണാകരൻ തലയാട്ടി. അത് എപ്പോഴേ എഴുതി പോക്കറ്റിൽ ഇട്ടു കഴിഞ്ഞു. എപ്പോൾ വേണമെങ്കിലും അത് തരാം. അങ്ങിനെ ആ സംസാരം അവിടെ അവസാനിച്ചു. രാജ്യസഭാ തീരുമാനവും ഉമ്മൻചാണ്ടിയുടെ രാജിയും ആന്റണി ഗ്രൂപ്പിൽ ഉള്ളവർക്ക് കടുത്ത ഇച്ഛാഭംഗവും മനഃക്ഷോഭവും ഉണ്ടാക്കി. നിയമസഭയിൽ എതിർത്ത് വോട്ട് ചെയ്യണം എന്ന് അഭിപ്രായം വരെ ഉയർന്നു. അവയൊക്കെ പറഞ്ഞു തണുപ്പിച്ചു. ഇതിനെല്ലാം മുൻകൈ എടുത്തത് ഉമ്മൻ ചാണ്ടിയായിരുന്നു. നമ്മൾ ആണ് പ്രശ്‌നക്കാർ എന്നു വരുത്തുന്നത് ശരിയല്ല. ഇങ്ങനെയാണ് ഉമ്മൻചാണ്ടി അവരോടൊക്കെ പറഞ്ഞത്. കൂട്ടത്തിൽ അദ്ദേഹം പറഞ്ഞു: കോൺഗ്രസ് പാർട്ടിയാണ് വലുത്.

ഈ സമയത്തെല്ലാം എ.കെ. ആന്റണി ഡൽഹിയിൽ ആയിരുന്നു. ഉടൻതന്നെ അദ്ദേഹം കേരളത്തിൽ വന്ന് ഉമ്മൻചാണ്ടിയുമായി സംസാരിച്ചു. രാജി പിൻവലിക്കണമെന്ന അഭ്യർത്ഥനയുമായാണ് ആന്റണി വന്നത്. ഇതിനിടെ ഹൈക്കമാന്റിൽ നിന്നും പലപ്രാവശ്യവും ഫോൺ കോൾ ഉമ്മൻചാണ്ടിയെ തേടിയെത്തി. ആന്റണിയും ഉമ്മൻചാണ്ടിയും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ പത്രക്കാർ പുറത്ത്  ഒത്തുകൂടി. അവർ ആകാംക്ഷയോടെ ചോദിച്ചു ഓസി രാജി പിൻവലിക്കാനുള്ള വല്ല പരിപാടിയും ഉണ്ടോ? ഒരിക്കലുമില്ല എന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി. ഉമ്മൻ ചാണ്ടി ജൂൺ 16ന് നൽകിയ രാജി 22 നാണ് കരുണാകരൻ സ്വീകരിച്ചു. അതിനിടെ മുഖ്യമന്ത്രി കരുണാകരൻ ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരസിംഹറാവുവിനെയും അഹമ്മദ് പട്ടേലിനെയും കണ്ടു സംസാരിച്ചു. അതിനശേഷം ആയിരുന്നു ഉമ്മൻചാണ്ടിയുടെ രാജി സ്വീകരിച്ചത്. മറ്റൊരു സംഭവം കൂടി ഉണ്ടായി.

അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ആയി ടി. കരുണാകരൻ നമ്പ്യാരെ നിയമിച്ചതിന്റെ പേരിൽ മുസ്ലിം ലീഗ് ഇടഞ്ഞു. ലീഗിന് രാജ്യസഭ സീറ്റുകൊടുത്തതിനാൽ അവർ എതിർപ്പിന് വരില്ലെന്നായിരുന്നു കരുണാകരൻ കരുതിയത്. മന്ത്രിസഭയിൽ ചർച്ച ചെയ്യാതെയാണ് ഇങ്ങനെ ഒരു നിയമം നടത്തിയത്. അതോട്ടും ശരിയായില്ല. കൊരമ്പയിൽ അഹമ്മദ് ഹാജിയും സയ്യിദ് ഉമ്മർ ബഫാക്കി തങ്ങളും കുഞ്ഞാലിക്കുട്ടിയും കരുണാകരനെ കണ്ടു അവരുടെ ശക്തമായ പ്രതിഷേധം അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രവർത്തനശൈലി മാറ്റേണ്ടതുണ്ടെന്നും അവർ കരുണാകരനോട് പറഞ്ഞു. 1994 ജൂൺ 27 കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേർന്നു. നിയമസഭാ സമ്മേളനം തുടങ്ങിയതുമായി ബന്ധപ്പെട്ടാണ്.

അതോടെ, ഉമ്മൻചാണ്ടി രാജിയുടെ കാരണങ്ങൾ വിശദീകരിക്കാൻ അത് ഒരു അവസരമാക്കി. സ്വന്തം പാർട്ടിയിൽ നിന്ന് അഴിമതി ആരോപണങ്ങൾ ഉണ്ടായത് ഉമ്മൻചാണ്ടിയെ വല്ലാതെ തളർത്തിയിരുന്നു. അത് ശക്തമായ ഭാഷയിൽ ഉമ്മൻചാണ്ടി യോഗത്തിൽ അവതരിപ്പിച്ചു. മൂന്നുവർഷത്തിലേറെയായി തുടരുന്ന സംഘർഷഭരിതമായ സാഹചര്യങ്ങൾ... ഇതിങ്ങനെ പോയാൽ ശരിയാകില്ല. അതുകൊണ്ടാണ് താൻ രാജിവച്ചത് ആത്മാഭിമാനം പോലും നഷ്ടപ്പെടുത്തി കൊണ്ടായിരുന്നു അനുജനെ ചർച്ചകൾ. എല്ലാം സഹിക്കുന്നതിന് ഒരു പരിധി ഇല്ലേ..? പൊതുവായി ചർച്ച ചെയ്ത് ഒരു ധാരണയിൽ എത്തിയ സംഗതികൾ പോലും കെ.പി.സി.സി സ്വയം ഇഷ്ടത്തിനനുസരിച്ച് നടപ്പാക്കിയത് ഒട്ടും ശരിയായില്ല. രാജ്യസഭ തെരഞ്ഞെടുപ്പിൽ കടുത്ത വഞ്ചനയാണ് ഉണ്ടായത്. ചർച്ചയിലൂടെ ഒഴിവാക്കാവുന്ന പ്രശ്‌നങ്ങൾ വഷളാക്കി.

മുഖ്യമന്ത്രിയുടെ ഈ ശൈലി മാറ്റാതെ ഇനി മന്നോട്ടപോകാൻ ആകുമെന്ന് കരുതുന്നില്ല. ഒട്ടും മയമില്ലാതെ തന്നെയാണ് ഉമ്മൻചാണ്ടി അത് പറഞ്ഞത്. കരുണാകരന്റെ ആമുഖപ്രസംഗത്തിനശേഷം ആണ് ഉമ്മൻചാണ്ടി സംസാരിച്ചത്. എല്ലാവരും ശ്രദ്ധയോടെ കേട്ടിരുന്നതല്ലാതെ ആരും ഒരക്ഷരം മിണ്ടിയില്ല. എന്നാൽ ഇതിനിടെ പി.പി. ജോർജ് പിന്നീട് പൊട്ടിച്ച ബോംബ് നിയന്ത്രണത്തിന്റെ എല്ലാ ചരടുകളും തകർത്തു. കേന്ദ്രത്തിൽ നടന്ന പഞ്ചസാര കുംഭകോണം അതാണ് സംഘർഷത്തിന് വഴി വച്ചത്. ആന്റണിയുടെ ഇടപെടലിന് കുറിച്ച് അന്വേഷിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ആന്റണി ഗ്രൂപ്പിലുള്ള എല്ലാവരെയും ഒരുപോലെ ക്ഷുഭിതരാക്കി. കൃത്യമായി എഴുതി തയ്യാറാക്കിയ കടലാസിൽ നോക്കിയാണ് ജോർജ് ഇതു പറഞ്ഞത്.

തികച്ചും ആസൂത്രിതമായി ചെയ്തതാണ് ഇതെന്ന് വ്യക്തം..! ഇതോടെ ബഹളം നിയന്ത്രിക്കാനാവാത്ത വിധത്തിൽ എത്തി. ഏതാണ്ട് 20 മിനിറ്റോളം നീണ്ടുനിന്നു ഒച്ചപ്പാടും ബഹളവും. അന്തരീക്ഷം തെല്ലൊന്ന് ശാന്തമായപ്പോൾ കരുണാകരൻ ആക്രോശിക്കുന്ന സ്വരത്തിൽ 'ആന്റണിയെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത് ' അതൊരു ഉഗ്രശാസന പോലെ പ്രതിധ്വനിച്ചു. ജോർജ് താൻ പറഞ്ഞത് ഒടുവിൽ പിൻവലിക്കുകയും ചെയ്തു. എങ്കിലും അതൊരു തീരാ മുറിവായി വിള്ളലായി നിലനിന്നു. പിന്നീട് മുഖ്യമന്ത്രി കരുണാകരൻ പറഞ്ഞത് ജോർജ് ആന്റണിക്കെതിരെ  ഒന്നും പറഞ്ഞില്ല എന്നാണ്. ഇതുകൊണ്ടൊന്നും പ്രശ്‌നം അവസാനിച്ചില്ല.

തുടർന്ന് കെ.പി.സി.സി യോഗത്തിലും ഉമ്മൻചാണ്ടി ആഞ്ഞടിച്ചു. ഏതാണ്ട് അഞ്ചുമണിക്കൂർ നീണ്ട യോഗം ആയിരുന്നു അത്. എന്തും സഹിച്ച സ്ഥാനത്ത് കടിച്ചു കിടക്കുന്ന ആളുകൾ അല്ല ആന്റണി ഗ്രൂപ്പിൽ ഉള്ളതെന്നും ആത്മാഭിമാനം ഉള്ളവരാണ് തങ്ങളുടെ കൂടെയുള്ളവരെന്നും കൂടി ഉമ്മൻചാണ്ടിക്ക് പറയേണ്ടി വന്നു.

(തുടരും)

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam