ആളൊഴിഞ്ഞ ദുരന്ത മുഖങ്ങളുടെ തനിയാവർത്തനം

SEPTEMBER 19, 2024, 11:06 AM

ആളൊഴിഞ്ഞ പൂരപ്പറമ്പാണ് ഇപ്പോൾ വയനാട്ടിലെ ദുരിതബാധിത പ്രദേശം. വി.വി.ഐ.പി.കളുടെ ബഹളമില്ല. ചീറിപ്പായുന്ന ആംബുലൻസുകളോ മിലിട്ടറി വാഹനങ്ങളോ ഇല്ല. പൊതുമരാമത്ത്, റവന്യൂ തുടങ്ങിയ വകുപ്പുകളുടെ ചെറുവാഹനങ്ങൾ,  ഇരച്ച് ചുരം കയറി വരുന്ന കണ്ടയ്‌നർ ലോറികൾ തുടങ്ങിയവയുടെ വരവും പോക്കും വല്ലപ്പോഴുമുണ്ട്. ഒരു തരം നിസ്സംഗതയും നിർവികാരതയും ദുരന്തബാധിതരെ പിടികൂടിയിരിക്കുന്നു.ദുരന്തത്തിനുശേഷം സർക്കാർ വകുപ്പുകളും പൊലീസും വിവിധ മതസംഘടനകളുടെ കൂട്ടായ്മകളും വഴിപിരിഞ്ഞ മട്ടിലാണ്.

ദുരന്തമുണ്ടായ ചൂരൽമലയിലേക്ക് പോകാൻ അവിടെ താമസിച്ചിരുന്ന വീട്ടുകാർക്ക് സർക്കാർ പാസ് നൽകിയിട്ടുണ്ട്. പൊതുജനത്തിന് ചൂരൽമലയിലേക്ക് ഇപ്പോൾ പ്രവേശനമേയില്ല. ചൂരൽമലയിൽ സീറോ മലബാർ കത്തോലിക്കാ സഭയുടെ ഒരു ദേവാലയമുണ്ട്. ലൂഥറൻ ചർച്ച്, സി.എസ്.ഐ. മലങ്കര കത്തോലിക്കർ, യാക്കോബായക്കാർ  തുടങ്ങിയവരുടെ സാന്നിധ്യവും ഈ മേഖലയിലുണ്ടായിരുന്നു. പക്ഷെ സന്നദ്ധ പ്രവർത്തന മേഖലയിൽ ഈ ഗ്രൂപ്പുകളും ഇപ്പോൾ നിശ്ശബ്ദമാണ്.

ഏകോപനമില്ലായ്മ തന്നെ കാരണം

vachakam
vachakam
vachakam

സർക്കാർ വകുപ്പുകൾ തമ്മിലും മറ്റ് രാഷ്ട്രീയ സാമൂഹിക കൂട്ടായ്മകൾ തമ്മിലും ഏകോപനമുണ്ടാക്കാൻ കഴിയാതെ പോയത് ദുരന്തബാധിതർക്കും, ദുരന്തത്തിന്റെ പാർശ്വഫലമനുഭവിച്ചവർക്കും നൽകിയത് കൊടും യാതനകളാണ്. ആ യാതനകളുടെ ആഴമറിയണമെങ്കിൽ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നീ ദേശങ്ങളിൽ തുടിച്ചു നിന്ന സമൂഹ ജീവിതത്തിന്റെ ഫ്‌ളാഷ്ബാക്കിലേക്ക് പോകേണ്ടിവരും.

ഈയിടെ ന്യൂനപക്ഷ കമ്മീഷന്റെ ഒരു സിറ്റിങ്ങ് മുണ്ടക്കൈയിൽ നടക്കുകയുണ്ടായി. അതൊരു വഴിപാട് പരിപാടിയായി മാറിയോ എന്ന് ജനം സംശയിക്കുന്നു. കാരണം, യോഗ വേദികളിലെ തീരുമാനങ്ങൾക്കോ ഭരണകർത്താക്കളുടെ പ്രസംഗങ്ങൾക്കോ ആനുപാതികമായിട്ടല്ല നാട്ടിലെ കാര്യങ്ങൾ. ഒരു നാടിന്റെ നാഡിമിടിപ്പ് മനസ്സിലാക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും മതകൂട്ടായ്മകൾക്കും കഴിയുന്നതുപോലെ സർക്കാർ സംവിധാനങ്ങക്ക് കഴിയില്ല. അതുകൊണ്ടു തന്നെ മനസ്സ് തുറന്ന് മരവിച്ച മനസ്സുകളെ സാന്ത്വനിപ്പിക്കാൻ സർക്കാർ ഭാഗത്തുനിന്ന് മറ്റുചില ത്വരിത നടപടികൾ ആവശ്യമാണിപ്പോൾ.

ദുരന്തമാണെങ്കിലും ഗോളടിക്കാൻ നോക്കുന്ന രാഷ്ട്രീയ പാർട്ടികളും അവയുടെ പോഷകസംഘടനകളും ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഒഴുക്ക് തന്നെ മാറ്റി മറിച്ചത് ജനം കണ്ടു. ഒഴുക്കിനെക്കാൾ ഉള്ളൊഴുക്ക് ദുരിത ബാധിതരുടെ മനസ്സുലയ്ക്കുന്ന നാളുകളാണിപ്പോൾ കടന്നുപോകുന്നത്. 'പാർട്ടി വളർത്തുക' എന്ന ലക്ഷ്യത്തോടെയും തങ്ങളുടെ മതങ്ങൾക്ക് പ്രചാരം നൽകുക എന്ന ചിന്തയോടെയും പ്രവർത്തിച്ചവരെക്കാൾ ഭൂരിപക്ഷമായിരുന്നു, ദുരന്തശേഷം മുണ്ടക്കൈയിലേക്കും മറ്റും കുതിച്ചെത്തിയ സുമനസ്സുകൾ. പൊതുശ്മശാനത്തിന്റെ ചുമതല വഹിച്ചിരുന്ന സേവാഭാരതി പ്രവർത്തകർ, തികച്ചും മൗനമായി അവരെ ഏൽപ്പിച്ച ചുമതലകൾ നിറവേറ്റിയതും നാം കണ്ടു. എന്നാൽ, ചാപ്പ കുത്തിയ വസ്ത്രങ്ങൾ ധരിച്ച് സന്നദ്ധ പ്രവർത്തനത്തിനെത്തിയവരുടെ ഉള്ളിലെ ചേതോവികാരമെന്തായിരുന്നു ആവോ?

vachakam
vachakam
vachakam

സിദ്ദിക്ക് തന്നെ കേമൻ

വയനാടിന് 3 എം.എൽ.എമാരുണ്ട്. രണ്ടു പേർ യു.ഡി.എഫ്. ഒരാൾ എൽ.ഡി.എഫ്. ഇടതുപക്ഷ എം.എൽ.എ. ഇപ്പോൾ മന്ത്രിയാണ്. യു.ഡി.എഫ് എം.എൽ.ഏമാർ ടി.സി. സിദ്ദിഖും ഐ.സി. ബാലകൃഷ്ണനുമാണ്. ഇവരിൽ ദുരിതബാധിത പ്രദേശങ്ങളിൽ സിദ്ദീഖ് എവിടെയും ഓടിയെത്തുന്നുണ്ട്. എന്നാൽ പല സ്ഥലങ്ങളിൽ നിന്നും ചുരം കയറിയെത്തിയ ദുരിതാശ്വാസ സാമഗ്രികളും ഭക്ഷ്യവിഭവങ്ങളുമെല്ലാം അർഹർക്കായി എത്തിച്ചുകൊടുക്കാൻ സർക്കാർ ഏജൻസികൾക്ക് കഴിഞ്ഞതേയില്ല.

വയനാട്ടിലെ എല്ലാ സ്‌കൂളുകളിലും വിതരണം ചെയ്ത ബിസ്‌ക്കറ്റ് പാക്കറ്റുകളിൽ രേഖപ്പെടുത്തിയ എക്‌സ്പയറി ഡേറ്റ് തീരാൻ ഒരാഴ്ചയേ ബാക്കിയുണ്ടായിരുന്നുള്ളൂ. തമിഴ്‌നാട് ലയൺസ് ക്ലബ്ബുകാർ കഴിഞ്ഞ ദിവസമെത്തിയ രണ്ടായിരം രൂപ വിലവരുന്ന കിറ്റുകൾ ലയൺസ് ക്ലബ്ബുകാരുടെ പ്രാദേശിക നേതാക്കളാണ് പല വീടുകളിലുമെത്തിച്ചത്. കട്ടിലുകളും മേശകളും കസേരകളും കുക്കറുകളടക്കമുള്ള ഗൃഹോപകരണങ്ങളും വയനാട്ടിൽ ഇപ്പോഴുമെത്തുന്നുണ്ട്. പക്ഷെ അവയെല്ലാം അർഹർക്ക് ലഭിക്കുന്നുണ്ടോയെന്ന് സംശയിക്കണം.

vachakam
vachakam
vachakam

ലിറ്റർ കണക്കിന് ആപ്പിൾ ജ്യൂസുകളും മറ്റും ഉപയോഗ ശൂന്യമാകാതിരിക്കാനുള്ള ജാഗ്രത പോലും കളക്ടറേറ്റിലെ പല ഉന്നതർക്കുമില്ല. ലോഡ് കണക്കിന് അരിയും മറ്റ് ഭക്ഷ്യ സാധനങ്ങളും പലരായി വയനാട്ടിൽ ശേഖരിച്ചിട്ടുണ്ട്. കർണ്ണാടക, ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് ബി.ജെ.പിക്കും കോൺഗ്രസിനും മുസ്ലീം സംഘടനകൾക്കും ലഭിച്ച ഭക്ഷ്യ വിഭവങ്ങൾ പല ഗോഡൗണുകളിൽ സൂക്ഷിച്ചിരിക്കുന്നതായി നാട്ടു സംസാരമുണ്ട്.

പുനരിധിവാസമെന്ന കടങ്കഥ

കഴിഞ്ഞ വ്യാഴാഴ്ചയാണ് (സെപ്തംബർ 12) ഭൗമശാസ്ത്രജ്ഞൻ ഡോ.ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദദ്ധ സംഘം മുണ്ടക്കെയിൽ എത്തിയത്. ഡോ. ജോൺ മത്തായി നിസ്സാരക്കാരനല്ല. നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (എൻ.സി.ഇ.എസ്.എസ്)ന്റെ മുൻഡയറക്ടറാണിദ്ദേഹം. ടീമിന്റെ നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം ജോൺ മത്തായി പറഞ്ഞ ചില കാര്യങ്ങളുണ്ട്. ഉരുൾ പൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം ഇനി ജനവാസയോഗ്യമല്ല. ചൂരൽമലയിൽ വീടുകൾ വയ്ക്കാം. താമസിക്കാം. പക്ഷെ പുഞ്ചിരിമട്ടത്തെ തൊട്ടൊഴുകുന്ന പുഴ, ഈ ഉരുൾപൊട്ടലിലൂടെ അതിന് ഒഴുകാനുള്ള വഴി വരച്ചിട്ടു കഴിഞ്ഞു.

പുഴയൊഴുകുന്ന വഴി ചെറുതാക്കാനോ തീരങ്ങളിൽ താമസിക്കാനോ ആരും ഒരുങ്ങരുത്. പുഞ്ചിരിമട്ടത്തിനടുത്തുള്ള സീതമ്മക്കുണ്ട് അടക്കമുള്ള പ്രദേശങ്ങളിൽ ഇനിയും ഉരുൾപൊട്ടൽ പ്രതീക്ഷിക്കാമെന്നും ജോൺ മത്തായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുനരധിവാസത്തിനായി അഞ്ച് പ്രദേശങ്ങൾ ജോൺ മത്തായിയും സംഘവും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും അനുയോജ്യമായ രണ്ട് സ്ഥലങ്ങൾ മേപ്പാടി, കൽപ്പറ്റ ടൗണുകൾക്കു സമീപമാണ്. ഈ സ്ഥലങ്ങൾ ഹാരിസൺ മലയാളം കമ്പനികളുടെ കൈവശമാണിപ്പോൾ. ഇനി സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ജോൺ മത്തായി പറയുകയുണ്ടായി.

ബാങ്കുകളും കടമെഴുതിത്തള്ളലും

ഇത്ര വലിയ ദുരന്തമുണ്ടായിട്ടും ദുരന്തബാധിതരുടെ കടമെഴുതിത്തള്ളുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രം ആറാഴ്ചത്തെ സമയമാണ് ഹൈക്കോടതിയിൽ സമർപ്പിച്ച രേഖയിൽ ആവശ്യപ്പെട്ടിട്ടുള്ളത് മൂന്നു കോടിയിലേറെ കടം കൊടുത്ത കാർഷിക ഗ്രാമീണ വികസന ബാങ്ക് ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കടം നൽകിയ 'കേരളബാങ്ക്' ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല.

വൻതോതിൽ ബിനാമി നിക്ഷേപം ചിലർ  ഇവിടെ നടത്തിയിട്ടുണ്ട്. എല്ലാം ടൂറിസത്തിന്റെ പേരിലായിരുന്നു. ഒരു സൂപ്പർ സ്റ്റാറിന് ഇവിടെ 100 ഏക്കർ സ്ഥലമുണ്ടായിരുന്നു. 60 ഓളം പശുക്കളും ഇതിൽ 40 ഏക്കർ ഒലിച്ചുപോയി. ഇവിടെയുണ്ടായിരുന്ന തൊഴിലാളികളെപ്പറ്റിയുള്ള യാതൊരു രേഖയും സർക്കാരിന്റെ കൈവശമില്ല. ഇപ്പോൾ താരചക്രവർത്തിയുടെ, ഈ ഫാം ഹൗസ് നേരത്തെ വിറ്റുപോയതായിട്ടാണ് രേഖകളിലുള്ളത്.

ഒരു പ്രമുഖ ജ്വല്ലറിയുടമ ഏവിടി കമ്പനിയിൽ നിന്നു വാങ്ങിയ തേയില തോട്ടങ്ങളിൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ വൻതോതിൽ പണമിറക്കിയിട്ടുണ്ട്. അഞ്ചും ആറും ലക്ഷം രൂപ വില വരുന്ന ലക്ഷ്വറി ഹട്ടുകൾ തന്നെ നിരവധിയുണ്ട്. കൂടാതെ 3 കോടി രൂപയിലേറെ ചെലവിട്ട് നിർമ്മിച്ച ഗ്ലാസ് പാലവും ഇവിടെയുണ്ട്. കോടികൾ മുടക്കിയ റോപ് വേ അടക്കമുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്. ഒപ്പം 'ഉഴിച്ചിൽ പിഴിച്ചിലി'നായുള്ള ആയുർവേദ കേന്ദ്രങ്ങളും പലയിടത്തായി പ്രവർത്തിച്ചിരുന്നു.

പെട്ടുപോയത് പാവങ്ങൾ

എടക്കൽ ഗുഹകൾ വയനാട്ടിലെ പ്രധാന ടൂറിസ്റ്റ് സ്‌പോട്ടായിരുന്നു. ഇതിനു ചുറ്റും ചെറുകിട വ്യാപാരങ്ങൾ നടത്തി വന്ന അഞ്ഞൂറോളം കുടുംബങ്ങൾ പട്ടിണിയിലാണിപ്പോൾ. റിസോർട്ടുകളിലും മറ്റും 'പുറം പണി' ചെയ്തിരുന്നവരും വെട്ടിലായി. ഡ്രൈവർമാരായും സ്വീപ്പർമാരായും പാചകജോലിക്കാരായും മറ്റും 'ദിവസ വേതനം' ലഭിച്ചിരുന്ന ആയിരക്കണക്കിനാളുകളുണ്ട്. അവർക്കൊന്നും ഇപ്പോൾ ജോലിയില്ല. അമ്പലവയലിലടക്കം പതിനൊന്നോളം ഹോട്ടലുകളും അതിലേറെ ലോഡ്ജുകളും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അനധികൃതമായ സോഴ്‌സിൽ നിന്നാണെങ്കിലും, അവർക്ക് ലഭിച്ചിരുന്ന അഞ്ഞൂറിന്റെ നോട്ടുകൾ ഇപ്പോൾ അവർക്ക് അപ്രാപ്യമാണ്.

പുറത്താരുമറിയാത്ത വയനാട് ടൂറിസത്തിന്റെ റാണിയായിരുന്നു 900 കണ്ടി എന്ന പേരിലുള്ള പ്രദേശം. അവിടെയുള്ള ഗ്ലാസ് പാലത്തിന് 100 മീറ്ററോളം ദൈർഘ്യമുണ്ട്. ഇവിടെ ടിക്കറ്റ് വച്ച് സ്വകാര്യ സംരംഭകർ പണം പിരിച്ചിരുന്നു. അതെല്ലാം ഇപ്പോൾ ആളൊഴിഞ്ഞ മട്ടിലാണ്.

വയനാടിന് വളരാൻ ഇനിയും വഴികളുണ്ട്

വയനാട് ടൂറിസം ഈ ഓണക്കാലത്ത് തീരെ അവശനിലയിലായിരുന്നു. പേടി മൂലം ടൂറിസ്റ്റുകൾ അവരുടെ ഡെസ്റ്റിനേഷൻ ലിസ്റ്റിൽ നിന്ന് വയനാട് വെട്ടിമാറ്റിയിരുന്നു. ജനങ്ങളെ നേരിട്ട് തൊടാനും ആശ്വസിപ്പിക്കാനും സർക്കാരിന്റെ ആശീർവാദത്തോടെ രാഷ്ട്രീയ, മത, സാമുദായിക കൂട്ടായ്മകൾ ഇനിയെങ്കിലും  കടന്നു വരണം. അതിന് വഴിയൊരുക്കേണ്ടത് സർക്കാർ ഏജൻസികളാണ്. ഇതുവരെ ഏകോപനത്തിലുണ്ടായ പിഴവുകൾ സർക്കാർ പരിഹരിക്കണം.

സംസ്ഥാന സർക്കാരിന്റെ ഒരു ഹെൽപ്പ് ഡെസ്‌ക്ക് സജീവമായി കളക്‌ട്രേറ്റിൽ പ്രവർത്തിക്കണം. ആ ഓഫീസ് 24 X 7 രീതിയിൽ വേണം പ്രവർത്തിക്കാൻ. പാർട്ടിയായാലും മതമായാലും അവരുടെ അണികളും വിശ്വാസികളും അവർക്ക് പ്രിയങ്കരരാണ്. ആശ്വസിപ്പിക്കുന്നത് രാഷ്ട്രീയം നോക്കിയോ ജാതി നോക്കിയോ ആയിരിക്കരുതെന്ന നിർദ്ദേശം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. അതിന് മാതൃകയായി ഉയർത്തിക്കാണിക്കാൻ മലബാറിന്റെ ഹൃദയം തൊട്ട എത്രയോ രാഷ്ട്രീയ നേതാക്കളും മതനേതാക്കളുമുണ്ടെന്നറിയാമോ? ആ പവിത്രമായ പൈതൃകത്തിന്റെ സാന്ത്വനവർഷമാകട്ടെ വയനാട്ടിലെ. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുതുശൈലികൾക്ക് പ്രചോദനമേകേണ്ടത്.

ആന്റണി ചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam