നിരീക്ഷണം: പള്ളിക്കമ്മറ്റി മഹാമഹം

SEPTEMBER 20, 2024, 12:00 AM

സ്ഥലം: പാരിഷ്ഹാൾ. അദ്ധ്യക്ഷൻ: വികാരിയച്ചൻ

അവിടെ അന്ന് ഇടവക പൊതുയോഗം നടക്കുകയായിരുന്നു.

അജണ്ട:  സെമിത്തേരിയിൽ കുടുംബക്കല്ലറകൾ പണിത് സമ്പന്നർക്കു നൽകി ഇടവകയുടെ ഫണ്ട് വർദ്ധിപ്പിക്കുക.

vachakam
vachakam
vachakam

കൈക്കാരൻ സ്വാഗതപ്രസംഗം ആരംഭിച്ചു.

''നമ്മുടെ ഇടവക വലിയ സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നു പോകുന്നത്....''
ഒരു ശ്രോതാവ്: '' എവിടെപ്പോയി പണമെല്ലാം? സ്‌തോത്രക്കാഴ്ച മാസം രണ്ടുലക്ഷം. ഓഡിറ്റോറിയം വാടക മൂന്നു ലക്ഷം. പ്രവാസി സംഭാവനകൾ വേറെ. ഈ പണമെല്ലാം എവിടെപ്പോയി?
കൈക്കാരൻ: ''നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നിനു പുറകെ ഒന്നായി നടന്നുകൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് അൾത്താര പൊളിച്ചുപണിയണം..''

ശ്രോതാവ്: ''അതു നിനക്കു കമ്മീഷനടിക്കാനല്ലേ? ഇവിടുത്തെ എല്ലാ മരാമത്തു പണികൾക്കും പത്തുശതമാനം കമ്മീഷൻ നിന്റെ പോക്കറ്റിൽ വീഴുന്നില്ലേ?''

vachakam
vachakam
vachakam

കൈക്കാരൻ: ''അനാവശ്യം പറയരുത്. പണി നഷ്ടത്തിലാണ്  ഓടുന്നത്. വികാരിയച്ചനു ശമ്പളം കൊടുക്കാൻ പോലും പണില്ല.

ഇടവകക്കാർ: ''അതങ്ങു മറ്റിടത്തു പോയി പറഞ്ഞാൽ മതി...''

ഇതോടെ ഇടവകക്കാർ രണ്ടുചേരിയായി തിരിഞ്ഞ് ബഹളം തുടങ്ങി. ശബ്ദ കോലാഹലങ്ങൾ കേട്ട് ശവക്കോട്ടയിൽ നിന്ന് രണ്ടു പരേതാത്മാക്കൾ വടിയും കുത്തിപ്പിടിച്ച് അവിടേയ്ക്കു വന്നു.
പരേതർ: ''കഴുവേരട മക്കളെ, ഞങ്ങളെ ഈ ശവക്കോട്ടയിൽ പോലും ഒന്നു സമാധാനമായി കിടക്കാൻ സമ്മതിക്കില്ലേ? എന്തൊരു ശബ്ദവും ബഹളവും...''

vachakam
vachakam
vachakam

('അയ്യോ ഇതു നമ്മുടെ കിഴക്കേതിലെ കുട്ടപ്പൻ ചേട്ടനല്ലേ, ഇതു നമ്മുടെ മത്താപ്പിയല്ലേ' എന്നൊക്കെ ആൾക്കാർ ആശ്ചര്യത്തോടെ ചോദിക്കുന്നതിനിടയിൽ പരേതർ വന്നതുപോലെ സെമിത്തേരിയിലേയ്ക്കു തിരിച്ചുപോയി അപ്രത്യക്ഷരായി).

വീണ്ടും ഇടവകക്കാരുടെ ശബ്ദകോലാഹലം.

വികാരിയച്ചൻ: ''സൈലൻസ് പ്ലീസ് എല്ലാവരും നിശബ്ദത പാലിക്കണം''

ഇതിനിടെ അർദ്ധനഗ്‌നായ ഒരു അജ്ഞാത വൃദ്ധൻ അവിടേയ്ക്കു കടന്നുവന്നു. അയാൾ ആരാണെന്ന് ആർക്കും ഒരു പിടിയും കിട്ടിയില്ല. ഒരു ശ്രോതാവായിപ്രേക്ഷകനായിഅയാൾ ഓഡിറ്റോറിയത്തിന്റെ നടുവിൽ സ്ഥാനം പിടിച്ചു.

വികാരിയച്ചൻ: ''ആരും കൂടുതൽ അഭിപ്രായം പയേണ്ട. ഞാൻ എന്റെ വീറ്റോ അധികാരം പ്രയോഗിക്കുകയാണ്. 10 ലക്ഷം തരുന്നവർക്ക് സെമിത്തേരിയുടെ മുൻരനിരയിൽ മാർബിൾ കല്ലറ. 5 ലക്ഷക്കാർക്ക് രണ്ടാം നിരയിൽ ഗ്രാനൈറ്റ് കല്ലറ. ബാക്കിയുള്ള ശവക്കുഴികൾ അഞ്ചു പൈസാ മുടക്കാതെ ഇടവകക്കാർക്ക് ഉപയോഗിക്കാം. അങ്ങേയറ്റത്തെ തെമ്മാടിക്കുഴി തെണ്ടികൾക്കും അനാഥർക്കും...''

വികാരിയച്ചൻ പ്രഖ്യാപനം നടത്തിയിട്ട് യോഗം പിരിച്ചു വിട്ടു. അതോടെ ഇടവകക്കാർ ചേരി തിരിഞ്ഞ് അടി തുടങ്ങി. ചിലർ തല്ലുകൊള്ളാതെ ഓടി രക്ഷപ്പെട്ടു. ആകെക്കൂടി തിക്കും തിരക്കും ബഹളവും. അതിനിടയിൽപ്പെട്ട് ആരൊക്കെയോ നിലത്തു വീണു. അവരുടെ പുറത്തു ചവുട്ടിയും ആളുകൾ ഓടിപ്പോയി.

ഒടുവിൽ പട കഴിഞ്ഞു പടക്കളം പോലെയായി ഓഡിറ്റോറിയത്തിന്റെ അവസ്ഥ. ഓഡിറ്റോറിയത്തിലേക്ക് ഇടയ്ക്കു കയറി വന്ന ആ അജ്ഞാത വൃദ്ധൻ തിക്കിലും തിരക്കിലും പെട്ട് അവിടെ മരിച്ചു കിടപ്പുണ്ട്.

ആൾ ക്രിസ്ത്യാനിയാണ്. അനാഥനാണ്. അതിനാൽ തെമ്മാടിക്കുഴിയിൽ സംസ്‌കരിക്കാൻ പള്ളിക്കമ്മിറ്റി തീരുമാനിച്ചു.

സെമിത്തേരിയുടെ മുൻനിരയിലെ മാർബിൾ കല്ലറയിൽ കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരും സ്ഥാനം പിടിച്ചിരുന്നു. രണ്ടാം നിര കള്ളപ്പണക്കാരും കൈക്കൂലിക്കാരും കയ്യടക്കിയിരുന്നു.
എന്തായാലും അഞ്ചുപൈസാ കയ്യിലില്ലാത്ത അജ്ഞാതവൃദ്ധന് തെമ്മാടിക്കുഴിയിലായിരുന്നു സ്ഥാനം.

ആനയും അമ്പാരിയുമില്ലാതെ വൃദ്ധന്റെ മൃതദേഹം തെമ്മാടിക്കുഴിയിലേക്ക് ഇറക്കപ്പെട്ടു.
ഒരു നിമിഷം

ഒരു കൊടുങ്കാറ്റ് വീശി. ഒരു മിന്നൽപ്പിണർ. അതിനു പിന്നാലെ ഒരു ഇടിമുഴക്കവും.
അപ്പോൾ ജനം കണ്ടു

അജ്ഞാത വൃദ്ധന്റെ മൃതദേഹത്തിൽ നിന്ന് ഒരു ദിവ്യപ്രകാശം പ്രസരിക്കുന്നു.. ആ മുഖത്ത് ഒരു ദിവ്യ തേജസ്സ് പ്രകടമാക്കുന്നു... ആ മുഖം അവർ തിരിച്ചറിഞ്ഞു..

യേശുദേവനെ അവർ തിരിച്ചറിഞ്ഞു.

ജോർജ് ജെ. പുതുച്ചിറ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam