രക്തമൊഴുക്കി തിരുവോണ 'ലഹരി'; ലാസ്യ നൃത്തമാടുന്നു ബെവ് കോ

SEPTEMBER 19, 2024, 11:22 AM

മലയാളിക്കു നാട്ടിൽ മദ്യാസക്തി ഇത്തിരി കുറഞ്ഞ ഓണമായിരുന്നു ഇക്കുറിയെന്നു സൂചനയേകി ബെവ് കോയുടെ വിൽപ്പനക്കണക്ക് പുറത്തുവന്നത് ലഹരി വിരുദ്ധർക്ക് നേരിയ പ്രതീക്ഷ പകർന്നിരുന്നു. പക്ഷേ, മൊത്തം ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപന ഉയർന്നെന്ന അഭിമാനവുമായുള്ള ലാസ്യനൃത്തത്തിലാണിപ്പോൾ ബെവ്‌കോ. ചതിക്കാതെ രക്ഷയ്‌ക്കെത്തിയതു 'ചതയം'. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 766.35 കോടി രൂപയുടെ അധിക വരുമാനമാണ് ബിവറേജസ് കോർപ്പറേഷന് ഓണക്കാലത്തെ മദ്യ വിൽപ്പനയിലൂടെ ലഭിച്ചത്.

ഈ വർഷം ചതയം 'ഡ്രൈ ഡേ' അല്ലാതിരുന്നതാണ് മദ്യ വിൽപ്പനയിൽ നേട്ടമുണ്ടാക്കാൻ ബെവ്‌കോയ്ക്ക് താങ്ങായത്. ഉത്രാടം മുതൽ ചതയം വരെ 2291.57 കോടി രൂപയുടെ മദ്യം സംസ്ഥാനത്തു വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഓണത്തിന് 1525.22 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഓണക്കാലത്തെ മദ്യ വിൽപ്പന ഇത്തവണ മുൻ കാലത്തെപ്പോലെ ഖജനാവിലേക്ക് വൻ വരുമാനം ഉണ്ടാക്കില്ലെന്ന സൂചന ആദ്യം പുറത്തു വന്നിരുന്നു. പക്ഷേ, ഉത്രാടത്തിനും അവിട്ടത്തിനും മദ്യ വിൽപനയിൽ പിന്നോട്ട് പോയെങ്കിലും ചതയ ദിനത്തിലെ മദ്യ വിൽപനയിൽ കഴിഞ്ഞ വർഷത്തെ റെക്കോർഡ് മാറ്റി കുറിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ഓണത്തിന് രണ്ട് ദിവസം ബെവ്‌കോ അവധിയായതും കണക്കുകളിൽ വ്യത്യാസമുണ്ടാകാൻ കാരണമായി. കഴിഞ്ഞ വർഷം തിരുവോണത്തിനും ചതയത്തിനും ബിവറേജസ് കോർപ്പറേഷന് അവധിയായിരുന്നു. ഇത്തവണ ചതയ നാളിൽ അവധി ഉണ്ടായിരുന്നില്ല. കന്നി മാസത്തിലെ ചതയം ആയതിനാലാണ് അവധി ഒഴിവായത്. ആ ഒറ്റ ദിവസം മാത്രം 818.21 കോടി രൂപയുടെ മദ്യം ബെവ് കോ ഔട്ട്‌ലെറ്റുകൾ വിറ്റു. ഇതിനിടെയും, തിരുവോണ സായാഹ്നത്തിൽ കാർ ദേഹത്തു കയറ്റി യുവതിയുടെ ജീവനെടുത്ത നരാധമനൊപ്പമുണ്ടായിരുന്ന കൂട്ടുകാരി മദ്യലഹരിയിലാണ്ട ഡോക്ടർ ആയിരുന്നെന്നറിഞ്ഞുണ്ടായ ഞെട്ടലിൽ തന്നെയായിരുന്നു ദിവസങ്ങളോളം കേരളം.

vachakam
vachakam
vachakam

മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തയാണു തിരുവോണ നാളിൽ

കരുനാഗപ്പള്ളിയിൽനിന്നുണ്ടായത്. കാർ ഇടിച്ചു റോഡിൽ വീണ യുവതിയെ അതേ വാഹനം കയറ്റിയിറക്കി കൊന്ന സംഭവം ഏവരും ഞെട്ടലോടെയാണ് കേട്ടത്. കുഞ്ഞുമോൾ എന്ന യുവതിയാണു കൊല്ലപ്പെട്ടത്. കാർ ഓടിച്ച മുഹമ്മദ് അജ്മൽ, കാറിലുണ്ടായിരുന്ന ഡോ. മായ ശ്രീക്കുട്ടി എന്നിവർ അറസ്റ്റിലായി. അമിതവേഗത്തിൽ വന്ന കാർ സ്‌കൂട്ടർ ഓടിച്ച ഫൗസിയയെയും പിന്നിലിരുന്ന കുഞ്ഞുമോളെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കുഞ്ഞുമോൾ കാറിന്റെ മുൻ ടയറിനു മുന്നിലാണു വീണത്. കാർ മുന്നോട്ട് എടുക്കരുതെന്നു കണ്ടുനിന്ന നാട്ടുകാർ വിളിച്ചു പറഞ്ഞെങ്കിലും അതൊന്നും വകവയ്ക്കാതെ മുന്നോട്ടെടുക്കുകയായിരുന്നു. ദേഹത്തുകൂടി ടയർ കയറിയിറങ്ങി ഗുരുതരമായി പരുക്കേറ്റാണു കുഞ്ഞുമോൾ മരിച്ചത്. സംഭവ ശേഷം നിർത്താതെ പോയ കാർ ഉപേക്ഷിച്ച് അജ്മൽ രക്ഷപ്പെട്ടപ്പോഴാണ് ശ്രീക്കുട്ടി പിടിയിലായത്. അജ്മലിനെ പിന്നീട് പിടികൂടാനായി. അപ്പോഴേക്കും ഇവരുടെ ഓട്ടപ്പാച്ചിലിൽ ഒരു ജീവൻ നഷ്ടമായിരുന്നു.

സംഭവ സ്ഥലത്തു നിന്ന് ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച് മനഃപൂർവമായ കൊലപാതകമാണു നടന്നിരിക്കുന്നത്. കാറിലുണ്ടായിരുന്ന ഇരുവരും മദ്യപിച്ചിരുന്നു. കാർ പിന്നോട്ടെടുത്തിരുന്നെങ്കിൽ കുഞ്ഞുമോളെ രക്ഷിക്കാമായിരുന്നു. എന്നാൽ, കാർ മുന്നോട്ടെടുക്കാൻ ശ്രീക്കുട്ടി ആവശ്യപ്പെട്ടെന്നാണ് നാട്ടുകാരുടെ മൊഴി. ഇങ്ങനെ ആവശ്യപ്പെട്ട യുവതി ഒരു ഡോക്ടറാണ്. ജീവൻ രക്ഷിക്കേണ്ട ഡോക്ടർ അപകട സ്ഥലത്തുനിന്നു രക്ഷപ്പെടാനായി ജീവനെടുക്കാൻ പോലും തയാറായെന്നത് ഭയജനകമായ അവസ്ഥയാണ്. കാർ ഓടിച്ചിരുന്ന അജ്മൽ ആകട്ടെ ചന്ദനമോഷണം, തട്ടിപ്പ്, മയക്കുമരുന്നു കേസുകളിലെ പ്രതിയും. ക്രിമിനൽ കേസുകളിൽ ജാമ്യം നേടി ഇറങ്ങിയയാളാണു മദ്യപിച്ച് പൊതുനിരത്തിൽ കാർ ഓടിക്കുകയും ഒരാളെ കൊല്ലുകയും ചെയ്തത്.

vachakam
vachakam
vachakam

ഈ ഓണക്കാലത്ത് റോഡപകടങ്ങൾ വളരെ കൂടുതലായിരുന്നതിനു പിന്നിലെ പ്രധാന കാരണം മദ്യമാണെന്ന പരാതി വ്യാപകമായിട്ടുണ്ട്. ഇതു ശരിവയ്ക്കുന്നതാണ് കരുനാഗപ്പള്ളിയിലെ സമാനതകളില്ലാത്തതും മനഃസാക്ഷിയെ മരവിപ്പിക്കുന്നതുമായ സംഭവം. കാർ ഓടിച്ചിരുന്ന അജ്മൽ ക്രൂരത കാട്ടിയില്ലായിരുന്നെങ്കിൽ ആ വീട്ടമ്മയ്ക്ക് ജീവൻ നഷ്ടപ്പെടില്ലായിരുന്നു. ഇയാൾക്കെതിരെ മനപ്പൂർവമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടർക്കെതിരെ പ്രേരണാക്കുറ്റം ചുമത്തിയും കേസെടുത്തിട്ടുണ്ട്.
മദ്യലഹരിയിൽ വാഹനമോടിക്കുന്നതിനെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ ഉണ്ടായിട്ടും അത്തരം പ്രവണത കുറയുന്നില്ലെന്നുവേണം അനുമാനിക്കാൻ. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ പിഴവിന് ഒരു ജീവിതകാലം മുഴുവനും വിലകൊടുക്കേണ്ടിവരുന്ന പരിക്കുകളുമായി നിരപരാധികളായ വഴിയാത്രക്കാർക്കും മറ്റു വാഹനങ്ങളിലെ യാത്രക്കാർക്കും കഴിയേണ്ടിവരുന്നത് വിധിയെന്നു പറഞ്ഞ്  ന്യായീകരിക്കാനാവുന്നതല്ല. ഇങ്ങനെയുള്ള സംഭവങ്ങളിൽ ഉത്തരവാദികളിൽ നിന്ന് ഭീമമായ നഷ്ടപരിഹാരം ഈടാക്കി, മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നൽകാൻ നിയമം ഉണ്ടാകണം. മനപ്പൂർവമായ നരഹത്യ സൃഷ്ടിക്കുന്നവരുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുള്ള നിയമമാണ് വേണ്ടത്.

പലപ്പോഴും മദ്യലഹരിയും അമിത വേഗവുമാണ് പല അപകടങ്ങൾക്കും ഹേതുവാകുന്നത്. തിരുവോണ നാളിൽ തിരുവനന്തപുരം ജില്ലയിൽ മാത്രം റോഡപകടങ്ങളിൽ ഏഴുപേർക്കാണ് ജീവൻ നഷ്ടമായത്. വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കളാണ് മരിച്ചത്. ഇതിനു പുറമെ മംഗലപുരത്ത് റോഡ് മുറിച്ച് നടക്കുന്നതിനിടെ ബൈക്കിടിച്ച് ഒരാളും, ബൈപാസിൽ കുളത്തൂരിനു സമീപം രണ്ട് വാഹനാപകടങ്ങളിലായി വഴിയാത്രക്കാരി ഉൾപ്പെടെ രണ്ടുപേരും, നെയ്യാറ്റിൻകരയിൽ ഒട്ടോയും കാറും കൂട്ടിയിടിച്ച് ഒട്ടോ ഡ്രൈവറുമാണ് മരിച്ചത്. മരണമടഞ്ഞ ഏഴുപേരിൽ മൂന്നുപേർ 20ൽ താഴെ മാത്രം പ്രായമുള്ളവരാണ്.

vachakam
vachakam
vachakam

വാഹനമോടിക്കുന്ന ചെറുപ്പക്കാർക്ക്, അമിത വേഗത ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താൻ സർക്കാർ, സ്വകാര്യ ഏജൻസികൾ രംഗത്തുവരേണ്ടിയിരിക്കുന്നു. ശരിയായ ഒരു ഗതാഗത സംസ്‌കാരം പുലർത്തുന്നതിൽ കേരളം ഇപ്പോഴും വളരെ പിന്നിലാണ്. മൈനാഗപ്പള്ളിയിലേതു പോലുള്ള അതിഹീനമായ പ്രവൃത്തികൾ റോഡിൽ ആവർത്തിക്കാതിരിക്കാൻ വേണ്ട മാതൃകാപരമായ ശിക്ഷാനടപടികൾ ഉണ്ടാവേണ്ടതാവശ്യം. അപകടമുണ്ടാക്കിയശേഷം രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ കൂടുതൽ അപകടം വിളിച്ചുവരുത്തുന്ന പല സംഭവങ്ങളും അടുത്തകാലത്തും ഉണ്ടായിട്ടുണ്ട്. മരവിച്ച മനുഷ്യത്വത്തിന്റെ മകുടോദാഹരണങ്ങൾ.

ഇതും സൗഹൃദം ?

അവിശ്വസനീയമാണു പുതിയ കാലത്തെ ചില ബന്ധങ്ങളും സൗഹൃദങ്ങളും. അവയെ ചുറ്റിപ്പറ്റുന്ന സമസ്യകളുടെ പൊരുൾ മനസിലാക്കുക എളുപ്പമല്ല. പലരും ചതിക്കുഴികളിൽ വീണശേഷമാണ് സത്യം മനസിലാക്കുക. അപ്പോഴേക്കും സമയം കടന്നുപോയിരിക്കും. ചില തിരിച്ചറിവുകൾ തിരിച്ചെടുക്കാനാവത്ത നഷ്ടക്കണക്കുകളായി മാറും. കരുനാഗപ്പള്ളിയിലേതുൾപ്പെടെ അടുത്ത കാലത്ത് രണ്ടു യുവ വനിതാ ഡോക്ടർമാർ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ കേരളം നേരിടുന്ന ചില സാമൂഹ്യ പ്രശ്‌നങ്ങൾ കൂടിയായി കാണേണ്ടിയിരിക്കുന്നു. വിവരവും വിദ്യാഭ്യാസവുമുള്ളവരെന്നു ചിലരെക്കുറിച്ചു നാം പറയുമ്പോൾ അവർ വിവേകത്തോടെ പെരുമാറുന്നവരാണെന്ന ധ്വനിയാണുള്ളത്. പക്ഷേ അത്തരക്കാർ ശുദ്ധ വിവരക്കേടും വിവേകമില്ലായ്മയും കാണിക്കുമ്പോൾ ആരും അത്ഭുതപ്പെടുകതന്നെ ചെയ്യും. കരുനാഗപ്പള്ളിയിലുണ്ടായ ദുരന്തത്തിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിലും മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്.

കൊല്ലത്ത് ആശുപത്രിയിൽ പൾമനോളജിസ്റ്റായ വനിതാ ഡോക്ടർ 42 കിലോമീറ്റർ സ്വയം കാറോടിച്ച് തിരുവനന്തപുരത്തെത്തി തന്റെ പഴയ സുഹൃത്തിന്റെ ഭാര്യയെ എയർ ഗൺ ഉപയോഗിച്ചു വെടിവച്ച സംഭവം നടന്നത് അടുത്തനാളിലാണ്. തിരിച്ച് ആശുപത്രിയിലെത്തി ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. എന്താണ് ഇവർക്കൊക്കെ സംഭവിക്കുന്നതെന്ന ചോദ്യം ഉയർത്തി വിലപിക്കുന്നു പൊതുസമൂഹം. മനുഷ്യജീവൻ സംരക്ഷിക്കേണ്ടവരും സമൂഹത്തിനു സേവനം ചെയ്യേണ്ടവരും സമൂഹം ആദരിക്കുന്നവരുമൊക്കെ ഇത്തരം വികല ചിന്തകളുമായി വിലസുമ്പോൾ അതു സമൂഹഗാത്രത്തെത്തന്നെ വിഷലിപ്തമാക്കും.

കാറിടിച്ചു ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ ആറുമാസമായി അബോധാവസ്ഥയിൽ കഴിയുന്ന ഒൻപതു വയസുകാരി ദൃഷാനയ്ക്കുവേണ്ടി കഴിഞ്ഞ ദിവസം ഹൈക്കോടതി സ്വമേധയാ ഇടുപെടുകയും സർക്കാരിനോടു വീശദീകരണം തേടുകയും ചെയ്തിരുന്നു. ഫെബ്രുവരി 17ന് രാത്രി വടകര ചേറാട് അമൃതാനന്ദമയി മഠം ബസ് സ്റ്റേപ്പിനു സമീപം റോഡിനു കുറുകെ കടക്കുന്നനിടെയാണ് ദൃഷാനയെയും മുത്തശിയെയും തലശേരി ഭാഗത്തേക്കുപോവുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിച്ചത്. മുത്തശി ബേബി അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചു. തലയ്ക്കു ഗരുതരമായി പരിക്കേറ്റ ദൃശാനയ്ക്കു ബോധം നഷ്ടപ്പെട്ടു. ദൃഷാനയുടെ ഇപ്പോഴത്തെ അവസ്ഥയും ആ മിടുക്കിക്കുട്ടിയുടെ പഴയ ചിത്രവും മാധ്യമങ്ങളിൽ വന്നിരുന്നു. ആരെയും കരയിക്കും ആ ദൃശ്യങ്ങൾ. ആറു മാസം കഴിഞ്ഞിട്ടും അപകടമുണ്ടാക്കിയ കാർ കണ്ടെത്തിയിട്ടില്ല. ഒരു സഹായവും ഇതുവരെ  ആ കുടുംബത്തിനു കിട്ടിയിട്ടില്ല. ഇൻഷ്വറൻസ് തുക കിട്ടണമെങ്കിൽ അപകടമുണ്ടാക്കിയ വാഹനം കണ്ടെത്തണം. ഇടിച്ച വാഹനം കണ്ടെത്താത്തതിന് പോലീസിനെതിരേ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസ് എടുത്തിരുന്നു.

ഈ തിരുവോണ നാളിൽ 16 പേരാണ് വിവിധ റോഡ് അപകടങ്ങളിൽ മരിച്ചത്. മിക്കതിന്റെയും പിന്നിൽ മദ്യവും ലഹരി ഉപയോഗവും ഉണ്ടാവും. നാടുനീളെ ബാറുകളും മദ്യവില്പനശാലകളും തുറക്കുകയാണ്. മദ്യപിച്ചു വാഹനമോടിച്ചാൽ പിഴയിടുമെന്നൊക്കെ പറയുമെങ്കിലും എത്രയോ പേർ പിടിക്കപ്പെടാതെ പോകുന്നു. അവർ വരുത്തിവയ്ക്കുന്ന അപകടങ്ങളും ഏറെ. ക്രമരഹിതമായ കാര്യങ്ങൾ ഏറെ നടക്കുന്ന സമൂഹത്തിൽ ഇത്തരം അപചയങ്ങളും അപകടങ്ങളും വർധിച്ചുകെണ്ടേ ഇരിക്കും. അതിനു തടയിടാൻ സാധിക്കാഞ്ഞിട്ടല്ല. അതിനുള്ള ആർജവം ഭരണാധികാരികൾക്കുണ്ടാവണം. അതിന് അവരുടെ കൈകൾ ആദ്യം ശുദ്ധമാക്കണം. അതു നടക്കുമെന്നു പ്രതീക്ഷിക്കാനാകുന്നില്ല ജനങ്ങൾക്ക്.

ബാബു കദളിക്കാട്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam