കാസര്‍കോട്: സ്കൂള്‍ ക്വിസ് മത്സരത്തില്‍ വി.ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കുമ്പള സബ് ജില്ലയിലെ പള്ളത്തടുക്ക എ.യു.പി.എസ് സ്കൂളിലെ അധ്യാപകനായ ഗുരു പ്രസാദിനെതിരെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നടപടിയെടുത്തത്.
പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ അധ്യാപകന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്പെന്ഷന്. ഓഗസ്റ്റ് ആറിന് കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്കൂളുകളില്‍ സംഘടിപ്പിച്ച ഫ്രീഡം ക്വിസ് മത്സരത്തിലെ ചോദ്യാവലിയാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. മത്സരത്തില്‍ ടൈ ബ്രേക്കര്‍ ചോദ്യങ്ങളിലൊന്നായി നല്കിയ ബ്രിട്ടീഷുകാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്? എന്ന ചോദ്യത്തിന് വി.ഡി സവര്‍ക്കര്‍ എന്നാണ് ഉത്തരസൂചികയില്‍ രേഖപ്പെടുത്തിയിരുന്നത്. ഗുരു പ്രസാദിന്റെ നേതൃത്വത്തിലുള്ള അധ്യാപക സംഘമാണ് ഈ ചോദ്യാവലി തയ്യാറാക്കിയത്.
ചരിത്രപരമായ പിന്‍ബലമില്ലാത്തതും വിദ്യാര്‍ഥികളില്‍ തെറ്റിദ്ധാരണ പരത്തുന്നതുമായ ചോദ്യം ഉള്‍പ്പെടുത്തിയത് ഗൗരവതരമാണെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംഭവം പുറത്തുവന്നതോടെ വിവിധ രാഷ്ട്രീയ-വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്യാനും സംഭവത്തില്‍ വകുപ്പുതല അച്ചടക്ക നടപടികള്‍ ഊര്‍ജിതമാക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
