കഥ ഇതുവരെൂ കെന്നഡി ജൂനിയർ പറത്തിയ വിമാനം തകർന്ന് വീണു. അതുമായി ബന്ധപ്പെട്ട് ചില അത്യാഹിതങ്ങൾ സംഭവിക്കുന്നു. അതിന്റെ അന്വേഷണത്തിലാണ് റിപ്പോർട്ടർ റോബിൻസ്. കൂടുതൽ അന്വേഷണങ്ങൾക്കായി അയാൾ കെനിയായൽ എത്തി. അവിടത്തെ ദരിദ്ര്യാവസ്ഥ ഭയാനകമായിരുന്നു. അതിനിടെ അയാളും സംഘവും വനമഹോത്സവത്തിൽ പങ്കെടുക്കാൻ റോഡ് മാർഗം ടാൻസാനിയായിലേക്കൊരു യാത്ര നടത്തമ്പോൾ വിചിത്രമായ ചില അനുഭവങ്ങളുണ്ടായി. അയാൾ പുതിയൊരു ദൗത്യത്തിലേക്കു കടക്കുകയാണ്. തുടർന്നു വായിക്കുക.
റോബിൻസ് ഹോട്ടൽ മുറിയുടെ വാതിൽ തുറന്നു. അതാ, രണ്ടു കറുമ്പന്മാർ. അവർ അകത്തേക്കു കയറിയ ഉടൻ ഒരുവൻ കതകടച്ചു കുറ്റിയിട്ടു. വേൾഡ് ടൈംസിന്റെ നെയ്‌റോബി ബ്യൂറോയിലെ തന്റെ സഹായി കെവിൻ ഒട്ടീനോയായിരുന്നു അത്. ഇരുവരുടേയും മുഖത്ത് ക്ഷീണമുണ്ടെങ്കിലും ഏറെ ജാഗ്രതയോടെയാണ് നിൽക്കുന്നത്.
കെവിൻ പറഞ്ഞു തുടങ്ങി: 'ഞാൻ തന്ത്രപരമായി ആ ദൗത്യത്തിൽ നിന്നും ഒഴിഞ്ഞു നിന്നു.ഇവർ ഏഴ് പേർ. മൂന്നു ഗ്രാമങ്ങളിൽ നിന്നുള്ളവർ.
ഒരേ സ്വപ്‌നം...
ഒരിക്കലെങ്കിലും വയർ നിറച്ച് തിന്നണം. അതാണ് ഏക ആഗ്രഹം.''
ഒരു നിമിഷം മൗനം. ഇവർ അച്ചടക്കം ലംഘിച്ചവരാണ്. രഹസ്യം സൂക്ഷിക്കാൻ കെൽപ്പില്ലാത്തവർ. അശക്തർ എങ്ങിനേയും ഇവരെ ഒഴിവാക്കണം. എന്നാൽ പുറത്തുവിട്ടാൽ ക്യൂബൻ മാഫിയായുടെ രഹസ്യം പുറത്തപോകും. അതിനുള്ള തന്ത്രമാണ് പിന്നെ നടന്നത്.
'അതെന്തായിരുന്നു പറയൂ.' റോബിൻസ് ആകാംക്ഷയോടെ ഇരുന്നു.
'വിമാനത്തിനടിയിൽ ഒളിച്ചു കയറാൻ സൗകര്യം ചെയ്തു തരാം. അങ്ങിനെ നിങ്ങൾക്ക് യൂറോപ്പിലെത്താം. അവിടെ ജോലിയും ശരിയാക്കിത്തരാം. ഉഗ്രൻ ഓഫർ..! ഈ പാവങ്ങൾ അത് വിശ്വസിച്ചു.
യൂറോപ്പ് എത്താം.'
കെവിൻ ചിരിക്കാൻ ശ്രമിച്ചു.
പക്ഷേ അത് ചിരിയല്ല ചുണ്ടിലെ ഒരു പൊട്ടൽ മാത്രം.
''അവർ പേപ്പർ കൊടുക്കും.
വാഗ്ദാനം കൊടുക്കും. അവസാനം മനുഷ്യനെ ചരക്കാക്കും.''
അടുത്തിരുന്നവനെ ചൂണ്ടികൊണ്ട് അവൻ തുടർന്നു.
റോബിൻസിന്റെ കൈ അറിയാതെ മേശയുടെ അരികിൽ മുറുകിപ്പിടിച്ചു.
''നീ എങ്ങനെ രക്ഷപ്പെട്ടു?''
അയാൾ ചോദിച്ചു.
''ഞാൻ മരിച്ചെന്ന് കരുതി. തള്ളിപ്പുറത്തിട്ടു.
ആശുപത്രിയിൽ നിയമ വിരുദ്ധ കുടിയേറ്റക്കാർ എന്ന് എഴുതി ആ ശവശരീരങ്ങൾ നീക്കം ചെയ്യും. അതോടെ ആ അധ്യായം അവസാനിപ്പിക്കും.
ഈ കഥക്കിപ്പോൾ രേഖകൾ മാത്രമല്ല, ജീവൻ ബാക്കി വന്ന ഒരാളുടെ ശ്വാസവും ഉണ്ട്.' റോബിൻസ് അറിയാതെ ഒരു നെടുവീർപ്പിട്ടു.
******
റോബിൻസ് ആ രാത്രിയിൽ ഒരു യാത്രക്കാരനല്ലായിരുന്നു. അയാൾ സ്വയം മായ്ക്കാൻ പോകുകയായിരുന്നു. പോർട്ടിലേക്ക് പോകുന്ന റോഡിൽ ട്രക്കുകളുടെ ലൈറ്റുകൾ
ഇരുട്ടിനെ മുറിച്ചുകടക്കുന്നു. ഡീസൽ പുക. ഉപ്പിന്റെ കാറ്റ്.
അറിയാതെ മനസ്സിൽ കയറിയ ഒരു ഭയം.
ജിബൂട്ടി തുറമുഖം എപ്പോഴും ഉണർന്നിരിക്കുന്നു. അത് ശ്വാസം വിടുന്ന ഒരു ഉഗ്രജീവിയെപ്പോലെ പോലെ നിവർന്നു കിടക്കുന്നു.
ക്രെയിനുകൾ ഇരുട്ടിൽ കുനിഞ്ഞുനിൽക്കുന്ന ലോഹദൈവങ്ങളെപ്പോലെ അവിടവിടെയായി കാണാം. ഇടയ്ക്കിടെ മെറ്റലിന്റെ ഘർഷണം ഒരു ദയനീയ നിലവിളിപോലെ...!
റോബിൻസ് ഒരു പൊതു വസ്ത്രം തിരഞ്ഞെടുത്തു. വളരെ മുഷിഞ്ഞതും വിലകുറഞ്ഞതുമായിരുന്നു അത്. പോക്കറ്റിൽ കുറച്ച് നാണയങ്ങൾ മാത്രം!
പാസ്‌പോർട്ട് ഇല്ല.
''ഇന്ന് താൻ പേരില്ലാത്ത ഒരാളാണ്.'' അയാൾ കണ്ണാടിയിൽ നോക്കി.
മുഖം ക്ഷീണിപ്പിക്കാൻ കണ്ണുകൾക്ക് ചുറ്റും കൈവിരൽ അമർത്തി.
ചുണ്ടുകൾ ഉണങ്ങി നിൽക്കട്ടെ.
ഇന്ന് അയാൾ പത്രപ്രവർത്തകനല്ല. ഇന്ന് അയാൾ ഒരു ബ്ലാക്ക് യുവാവാണ്. ആരാലും ശ്രദ്ധിക്കപ്പെടാതെ അയാൾ പോർട്ടിന്റെ കവാടം കടന്നു. കണ്ടെയ്‌നറുകളുടെ ഇടയിൽക്കൂടി അയാൾ നടന്നു.
ഓരോ കണ്ടെയ്‌നറും ഇരുളടഞ്ഞ ഭൂഖണ്ഡത്തിന്റെ കൊച്ചു പതിപ്പുപോലെ തോന്നിക്കുന്നു. എന്തൊക്കെയോ രഹസ്യങ്ങൾ ഒളിപ്പിച്ചുവയ്ക്കാൻ ശ്രമിക്കുന്നതു പോലെ..! റോബിൻസ് അല്പം കുനിഞ്ഞ് ഇരുളിലേക്കു മറഞ്ഞു. അയാളുടെ കണ്ണുകൾ മാത്രം തെളിഞ്ഞു കാണാം.
ആർത്തിരമ്പുന്ന കടലിന്റെ ശബ്ദം. എന്നാൽ കടൽ കാണുന്നില്ല. കേൾക്കാൻ മാത്രമേ കഴിയൂ. വല്ലാത്തൊരു ഗന്ധം..!
റോബിൻസ് മനസ്സിൽ പറഞ്ഞു:
''ഇവർ പോകുന്നത് യാത്രക്കല്ല. രക്ഷപ്പെടലിനാണ്.''
അയാൾ ശ്വാസം അടക്കി.
ഇനിയുള്ള ദിവസങ്ങൾ..! വെളിച്ചമില്ല...! പേര് ഇല്ല..! രാജ്യം ഇല്ല...!
ഇനി അയാൾ എഴുതാൻ പോകുന്നില്ല. ഇനി അയാൾ തന്നെയാണ് കഥ. കടലിന്റെ ശബ്ദം കൂടുതലായി.
ജിബൂട്ടി തുറമുഖത്തിന്റെ മേൽ പകൽ മുഴുവൻ കത്തിയ ആകാശം ഇപ്പോൾ ചെമ്പുനിറത്തിലേക്ക് വഴുതിപ്പോയി. ക്രെയിനുകളുടെ നീണ്ട നിഴലുകൾ കടലിലേക്കു വീണു. വെള്ളത്തിന്മേൽ അവ ഇരട്ടയായി കിടന്നു ഒന്ന് യാഥാർത്ഥ്യം, മറ്റൊന്ന് അതിന്റെ ഭീഷണി. കടൽ പുറമേക്കു ശാന്തമാണ്.
പക്ഷേ നിശ്ശബ്ദമല്ല. ഡീസൽ എണ്ണയുടെ മണം ഉപ്പുകാറ്റിനൊപ്പം ശ്വാസത്തിൽ കയറി. ഓരോ ശ്വാസവും തൊണ്ടയിൽ മണൽ തട്ടുന്നതുപോലെ.
ട്രക്കുകൾ ഒന്നിന് പിന്നിൽ ഒന്ന് എന്ന കണക്കേ കണ്ടെയ്‌നറുകളുമായി കാത്തുനിന്നു. ഇന്ത്യൻ, എത്യോപ്യൻ, സൊമാലി ഭാഷകൾ
ശബ്ദങ്ങളിൽ ലയിച്ചു. ആരും കേൾക്കുന്നില്ല. എല്ലാവരും കാത്തിരിക്കുന്നു.
അവരുടെ കണ്ണുകൾ കടലിലല്ല. കപ്പലുകളിലുമല്ല. എങ്ങിനേയും രാത്രിയായി കിട്ടണം.
പോർട്ട് അതോറിറ്റി ഓഫീസിനു മുന്നിൽ ഫാൻ തിരിഞ്ഞു.ചൂട് അകറ്റാൻ അല്ല.
ശബ്ദം ഉണ്ടാക്കാൻ മാത്രം..!
അകലത്ത് ഒരു ചരക്കു കപ്പൽ കിടന്നു. ഇരുണ്ട ചാരനിറം. മണൽ പൊടിയിൽ
പേര് മങ്ങിപ്പോയി. എങ്കിലും വായിക്കാം. 'എംവി ഓഷ്യൻ മെറിഡിയൻ'
കടൽക്കരയിൽ ചെറിയൊരു കാറ്റ് വീശി. ഒരു പ്ലാസ്റ്റിക് കഷണം ഡെക്കിന്റെ അരികിൽ പിടഞ്ഞു നിന്നു. അത് എങ്ങിനേയും കടന്നു പോകാൻ പണിപ്പെടുകയാണ്. പക്ഷേ ഒരുപ്രകാരവും പോകാനാകുന്നില്ല.
ജിബൂട്ടി തുറമുഖവും അങ്ങനെ തന്നെയാണ്..!
പോകാൻ ആഗ്രഹിക്കുന്നവരുടെ അവസാന കാത്തിരിപ്പ്.
183 മീറ്റർ നീളവും 32.5 മീറ്റർ വീതിയും 42 മീറ്റർ ഉയരവുമുള്ള 'എംവി ഓഷ്യൻ മെറിഡിയൻ' എന്ന ചരക്കുകപ്പൽ തീരം വിടാനുള്ള തയ്യാറെടുപ്പിലാണ്.
രണ്ടു വർഷം പഴക്കമുള്ള ആ കപ്പലിൽ 21 പേരാണ് ജീവനക്കാരായുള്ളത്. അതിന്റെ ക്യപ്ടൻ ഉക്രൈനിൽ നിന്നുള്ള വ്‌ളാഡിമിർ ഡ്രാഗുൻ.
സോവിയറ്റ് യൂണിയൻ തകർന്നതിന് ശേഷം
വ്യാപാരക്കപ്പലുകളിൽ കൺട്രാക്ട് ക്യാപ്ടനായി അദ്ദേഹം സേവനം അനുഷ്ടിക്കുന്നു. ചുണ്ടിനരികിൽ സ്ഥിരം ചുട്ടുപൊള്ളിച്ച സിഗരറ്റ് പാട്. കണ്ണിൽ സംശയവും അവഗണനയും ഒരുമിച്ച് നിഴലിക്കുന്നു.
പഞ്ചാബിയാണ് ചീഫ് ഓഫീസർ ഗുർദീപ് സിംഗ്. അയാൾ കപ്പലിൽക്കൂടി നടക്കുമ്പോൾ പാദശബ്ദം ഉണ്ടാകില്ല. പക്ഷേ, എവിടെയെങ്കിലും അവൻ ഉണ്ടാകും. വലിപ്പമുള്ള ശരീരം. വളരെ കൃത്യമായി വെട്ടിയ താടി.
കണ്ണുകളിൽ എപ്പോഴും ഒരു കണക്കുകൂട്ടൽ ഉണ്ടായിരിക്കും.
ക്യാപ്ടൻ ഡ്രാഗുൻ ദേഷ്യത്തോടെ അലറമ്പോൾ ഗുർദീപ് ഒന്നും പറയില്ല. ആ കണ്ണുകൾ എല്ലാം കാണുന്നുണ്ടായിരിക്കും.
ക്രൂ അയാളെ ഭയപ്പെടുന്നില്ല. എന്നാൽ അവരെല്ലാം അയാളെ വിശ്വാസത്തിലെടുക്കുന്നു. അത് പലപ്പോഴും അയാൾക്ക് വിനിയോഗിക്കുകയും ചെയ്യാറുണ്ട്.
മലയാളിയായ സെക്കൻഡ് ഓഫീസർ ബേസിൽ മാത്യു.
നാവിഗേഷൻ ബ്രിഡ്ജിൽ അയാൾ ഒറ്റയ്ക്ക് നിൽക്കുമ്പോൾ കടൽ പോലും ശബ്ദം കുറയ്ക്കും. മുപ്പത് വയസ്സ് തികയാത്ത മുഖം.
കണ്ണുകളിൽ അല്പം ഉറക്കമില്ലായ്മ. അല്പം കുറ്റബോധം. ചാർട്ടുകൾക്ക് മുകളിൽ അവന്റെ വിരൽ ഒരു ചോദ്യം പോലെ നീങ്ങും.
ബേസിൽ മാത്യു ക്യാപടന്റെ അലർച്ച കേൾക്കും. ഗുർദീപിന്റെ മൗനം കാണും.
രാത്രി ഡ്യൂട്ടിക്കിടയിൽ അയാൾ ഡെക്കിലേക്ക് നോക്കും. അവിടെ കാണാൻ പാടില്ലാത്തത് കണ്ടതായി തോന്നും..! പക്ഷേ, ലോഗ്ബുക്കിൽ അത് എഴുതാറില്ലെന്നു മാത്രം..!
ആ കപ്പലിൽ തേഡ് ഓഫീസർ മുഹമ്മദ് ഖാനുമുണ്ട്. ഡക്ക് കേഡറ്റ് ഗുജറാത്തിയായ ഈശ്വർ ഭായി പട്ടേലാണ് ഇവരെക്കൂടാതെ മൂന്ന് ഏബിൾ സി മാൻമാരും ഒരു ഓർഡിനറി സി മാനുമുണ്ട്. ഇത്രയും പേരാണ് സാധാരണഗതിയിൽ കപ്പലിന്റെ ഡക്കിൽ പ്രവർത്തിക്കുന്നത്.
കപ്പലിലെ അറ്റകുറ്റപ്പണികൾക്കുള്ള ക്രൂ വിനെ നിയന്ത്രിക്കുന്നത് ചീഫ് ഓഫീസറാണ്. ഇവർ ചരക്കു കയറ്റുന്നതിനും ഇറക്കുന്നതിനും സഹായിക്കുകയും ചെയ്യും. സൂര്യൻ അസ്തമിച്ചിട്ട് നേരം ഏറെയായെങ്കിവും ചൂടിന് തെല്ലും ശമനം വന്നിട്ടില്ല.
സെക്കന്റ് എഞ്ചിനിയർ സെൽവ രാജൻ ഇനിയുമെത്തിയിട്ടില്ല. ക്യാപ്ടൻ ഇരുട്ടിന്റെ കയങ്ങളിലേക്ക് ആകാംക്ഷയോടെ നോക്കിക്കൊണ്ട് കോഹിബ സിഗാർ ആഞ്ഞുവലിച്ചകൊണ്ടിരുന്നു. പെട്ടെന്നയാൾ വാച്ചിലേക്കു നോക്കി. സമയം രാത്രി ഒമ്പതുമണി. ഇനി ഒരു മണിക്കൂർ പോലുമില്ല കപ്പൽ പുറപ്പെടാൻ. കപ്പലിന്റെ ഏജന്റിനോട് വിളിച്ച് കാര്യം പറഞ്ഞു. തങ്ങളുടെ കപ്പലിലുള്ളവരുടെ നിയമപരമായതുൾപ്പടെയുള്ള എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്തുന്ന വ്യക്തിയാണ് 37 വയസുള്ള സ്റ്റീവ് എന്ന ഏജന്റ്. പ്രായത്തിൽ കവിഞ്ഞ പക്വതയുള്ള കറുത്തുതടിച്ച ആ മനുഷ്യനെ ചിരിയോടെയല്ലാതെ കാണാറില്ല. ഉടൻ തന്നെ ഏജന്റ് പൈലറ്റിനെ വിളിച്ചു അരമണിക്കൂർ വൈകിയെത്തിയാൽ മതിയെന്നറിയിച്ചു.
എഞ്ചിനിയർ സെൽവരാജ് തമിഴ്‌നാട്ടുകാരനാണ്. ഈയിടെയായി അമിതമായി മദ്യപിക്കുന്നു. താടി വല്ലാതെ വളർന്നിട്ടുണ്ട്. കണ്ണുകളിൽ ചുവപ്പ്. മദ്യത്തിന്റെ മണം വാക്കുകളിൽ പോലുമുണ്ട്..!
ആരുമായും ഒരുതരത്തിലുള്ള ചങ്ങാത്തത്തിനുമില്ല. എന്തോ കാര്യമായ കുടുംബപ്രശ്‌നം അയാളെ അലട്ടുന്നുണ്ട്. ഏജന്റിനും ഇക്കാര്യം അറിയാം. ഏതെങ്കിലും ബാറിലായിരിക്കും അയാൾ ഉണ്ടാകുക എന്നുറപ്പിച്ചു.
ഉടൻതന്നെ തുറമുഖത്തിന് സമീപമുള്ള ബാറുകളിലൊക്കെ ഫോൺവഴി അന്വേഷണം നടത്തി. അയാൾക്ക് ആ പ്രദേശത്തുള്ള വഴികളെല്ലാം ഉള്ളംകൈയിലെ രേഖകണക്കെ സുപരിചിതമാണ്. ഒടുവിൽ ഫിഷ് മാർക്കറ്റിനോട് ചേർന്നുള്ള സ്ട്രീറ്റിലെ ഫയർ ലേഡി കഫേയിൽ സെൽവരാജ് ഉണ്ടെന്നു കണ്ടെത്തി. ഉടൻ ഏജന്റ് അതിനടുത്തുള്ള ടാക്‌സി ഡ്രൈവർ ജാക്‌സനുമായി ബന്ധപ്പെട്ടു. ഉടൻ അയാൾ തന്റെ അടുത്ത രണ്ട് സുഹൃത്തുക്കളേയും കൂട്ടി ബാറിലെക്കു പുറപ്പെട്ടു.
ഇതേസമയം സെൽവരാജ് ആകെ അസ്വസ്ഥനായി ഫയർ ലേഡി കഫേയിൽ മേശയിൽ കൈമുട്ടൂന്നി ഇനി എന്തുചെയ്യണം എന്നറിയാതെ മുന്നോട്ടാഞ്ഞിരിക്കുകയാണ്. അവിടമാകെ ഉപ്പും ചൂടും അഴുക്കും ഒന്നിച്ച് ചേർന്ന ഒരു ശ്വാസം.
കഫേയിലെ സെന്റർ എയർ കണ്ടീഷനിംഗ് തീരെ മോശമായ അവസ്ഥയിലായിരുന്നു. ചുരുട്ടിന്റേയും സിഗരറ്റിന്റേയും പുക അന്തരീക്ഷത്തിൽ ചിത്രരചന നടത്തുന്നു. ജാസ് ബാന്റിൽ നിന്നും ഇക്കിളിപ്പെടുത്തുന്ന ചില പാട്ടിന്റെ ട്യൂണുകൾ കേൾക്കാം. എവിടേയും അരണ്ട മഞ്ഞവെളിച്ചം മാത്രം. ഡാൻസ് ഫ്‌ളോറിൽ രണ്ടു പെണ്ണുങ്ങൾക്കു ചുറ്റുമായി ആറേഴ് യുവസുന്ദരന്മാർ ചുവടുവയ്ക്കുന്നു. സെൽവരാജ് കുപ്പി മേശപ്പുറത്ത് വച്ചു. ആകണ്ണുകൾ അകലെയെന്തോ തിരയുന്നപോലെ. എഞ്ചിൻ റൂമിന്റെ ശബ്ദം ഇവിടെ പോലും അവന്റെ തലയിൽ വന്നലച്ചു.
അപ്പോൾ ചിരിയുടെ പൊട്ടൽ. അവൾ സെൽവരാജിനടുത്തെത്തി. അർദ്ധനഗ്‌ന. കറുത്തുചുരുണ്ട തലമുടി. നൃത്തം ചെയ്യുമ്പോൾ അവളൊരു ടൂണാ മത്സ്യമായി മാറിയിരുന്നു.
'കമോൺ മാൻ..!' അവളുടെ കൈ അവന്റെ കൈപ്പത്തിയിൽ കുരുങ്ങി.
ഒരു നിമിഷം കഫേ നിശ്ശബ്ദമായി..!
അവൾ മുന്നോട്ട് ചാഞ്ഞു. ചുണ്ടുകൾ അവന്റെ മുഖത്തേക്ക്.
സെൽവരാജിന്റെ കണ്ണുകൾ പെട്ടെന്ന് കല്ലായി.
അവൻ എഴന്നേറ്റു. അവളെ ബലമായി തള്ളി. അവൾ പിന്നോട്ട് തെറിച്ചു.
മേശ മറിഞ്ഞു. കുപ്പികൾ നിലത്തടിച്ച് ചിതറി.
കഫേ പൊട്ടിത്തെറിച്ചു.
നൃത്തച്ചുവടുകൾ അവസാനിപ്പിച്ച് രണ്ടുമുന്നു പേർ ശെൽവരാജിനടുത്തേക്ക് പാഞ്ഞു വന്നു. അപ്പോഴേക്കും സെൽവരാജ് കൈ ഉയർത്തി അവരെ തടഞ്ഞു. നല്ല പരിശീലനം ലഭിച്ച അയാളുടെ കൈകൾ. എഞ്ചിൻ റൂമിൽ തീയും ലോഹവും കൈകാര്യം ചെയ്ത കൈകൾ.
ഒരാളെ പിടിച്ചു മേശയിലേക്കു അമർത്തി. മറ്റൊരാളെകാലുകൊണ്ട് തൊഴിച്ചിട്ടു.
അപ്പോഴേക്കും എതിരാളികളുടെ എണ്ണം കൂടിക്കൂടി വരികയായി.
(തുടരും)
ജോഷി ജോർജ്
നോവൽ ഇതുവരെ
നോവൽ ആരംഭിക്കുന്നു..! പുലിറ്റ്‌സർ ജേതാവ് - അധ്യായം ഒന്ന്: ദുരൂഹത നിറഞ്ഞ വിമാനാപകടം
https://vachakam.com/local/mysterious-plane-crash
പുലിറ്റ്‌സർ ജേതാവ് അധ്യായം 2 - സത്യമറിയാൻ ഭ്രാന്തിയായി..!
https://vachakam.com/local/pulitzer-prize-winner-chapter-2-i-went-crazy-to-know-the-truth
പുലിറ്റ്‌സർ ജേതാവ് അധ്യായം 3 - ആകാശവഴിയിലൂടെ വന്നു വീണ കറുത്ത കാൽപ്പാദം
https://vachakam.com/article/pulitzer-winner-chapter-3-the-black-footprint-that-fell-through-the-sky
പുലിറ്റ്‌സർ ജേതാവ് അധ്യായം 4 - ലക്ഷ്യത്തിലേക്ക് നടന്നുകയറാൻ കഴിയുന്ന നടപ്പാലം..!
https://vachakam.com/local/a-footbridge-that-can-be-walked-to-the-destina-tion
പുലിറ്റ്‌സർ ജേതാവ് നോവൽ 5 ചുടു ചുംബനത്തിന്റെ മായാത്ത മുദ്ര പതിഞ്ഞ നഗരം
https://vachakam.com/article/a-city-marked-by-the-indelible-imprint-of-a-passionate-kssi
പുലിറ്റ്‌സർ ജേതാവ് നോവൽ 6 രഹസ്യം ചുരുളഴിയുന്നു
https://vachakam.com/article/pulitzer-winner-novel-6-the-secret-unfolsd
പുലിറ്റ്‌സർ ജേതാവ് നോവൽ 7 പുതിയൊരു അന്വേഷണത്തിന്റെ ആരംഭം
https://vachakam.com/article/pulitzer-prize-winning-novel-7-the-beginning-of-a-new-investigation
പുലിറ്റ്‌സർ ജേതാവ് - നോവൽ 8 - ദാരിദ്ര്യത്തിന്റെ ഇരുണ്ട മുഖം
https://vachakam.com/article/pulitzer-winner-novel-8-the-dark-face-of-poverty
പുലിറ്റ്‌സർ ജേതാവ് - നോവൽ 9 - വീണ്ടും ക്യൂബൻ മാഫിയ
https://vachakam.com/article/pulitzer-winner-novel-9-the-cuban-mafia-again
പുലിറ്റ്‌സർ ജേതാവ് നോവൽ 10 ഒരു ടാൻസാനിയൻ യാത്രയിലെ പ്രശ്‌നങ്ങൾ
https://vachakam.com/article/pulitzer-winner-novel-10-troubles-on-a-tanzanian-journey
പുലിറ്റ്‌സർ ജേതാവ് - നോവൽ 11 - വിചിത്ര സ്വഭാവമുള്ള സുന്ദരികളുടെ വിളയാട്ടം
https://vachakam.com/article/pulitzer-winner-novel-11-a-tale-of-strange-beauties
പുലിറ്റ്‌സർ ജേതാവ് നോവൽ 12 തലയ്ക്കടിച്ചുണർത്തുന്ന വനമഹോത്സവം
https://vachakam.com/article/pulitzer-prize-winner-novel-12-the-mind-blowing-forest-festival
പുലിറ്റ്‌സർ ജേതാവ് നോവൽ 13 കാഗോ ഹോൾഡിൽ ജീവനോടെ പോകാമെന്നു കരുതുന്നവർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
