കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണത്തിലൂടെ സൈബർ ആക്രമണം നടത്തുന്നവരെ രൂക്ഷമായി വിമർശിച്ച് സിപിഐഎം നേതാവ് കെ.ജെ. ഷൈൻ രംഗത്ത്. 'നമ്മുടെ സ്വഭാവ സർട്ടിഫിക്കറ്റിൽ ആരെക്കൊണ്ട് ഒപ്പ് ചാർത്തിക്കണം?' എന്ന തലക്കെട്ടോടെ ഉള്ള കുറിപ്പ് ആണ് ഫേസ്ബുക്കിൽ ഷൈൻ പങ്കുവച്ചത്. ഈ കുറിപ്പിൽ താൻ നേരിട്ട അതിക്രമങ്ങളുടെ ക്രൂരത സിപിഐഎം വനിതാ നേതാവ് വിശദീകരിക്കുന്നുണ്ട്.
കെ.ജെ. ഷൈൻ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
നമ്മുടെ സ്വഭാവ സർട്ടിഫിക്കറ്റിൽ ആരെക്കൊണ്ട് ഒപ്പു ചാർത്തിക്കണം ?
കാടത്ത ജീവിത കാലത്ത് ഇത് ആരെങ്കിലും തെരഞ്ഞ് നടന്നിരുന്നുവോ? "കുടുംബം, സ്വകാര്യ സ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവത്തിൽ" മനുഷ്യവംശത്തിൻ്റെ ആരംഭ ദശയിൽ അതായത് പ്രാകൃത കമ്മ്യൂണുകൾ ആയി മനുഷ്യർ കൂട്ടമായി വേട്ടയാടി ഉണ്ടുറങ്ങി കഴിഞ്ഞിരുന്ന കാലത്ത് "സ്വഭാവ സർട്ടിഫിക്കറ്റ്" കൊടുത്തിരുന്ന അധികാരി ഉണ്ടായിരുന്നില്ല എന്നു തന്നെയാണ് ഏംഗൽസിനെ വായിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്. കൃഷിയും സമ്പദ് ഉൽപ്പാദനവും, അധികാരവും ആരംഭിക്കുനതോടെ ഗണങ്ങളായും കൂട്ടങ്ങളായും, ഗ്രോത്രങ്ങളായും, ജനപദങ്ങളായും മനുഷ്യവംശം മാറുന്നു.
കൈയ്യൂക്കുള്ളവർ സമ്പത്തും അധികാരവും കൈക്കലാക്കുന്നു. ഇവിടെ തുടങ്ങുന്നു പല വിധ സ്വഭാവ സർട്ടിഫിക്കറ്റുകൾ. അച്ചടക്കമുള്ള ദാസൻമാർ, നല്ല അടിമകൾ, നല്ല പെണ്ണുങ്ങൾ, നല്ല കോളനിക്കാർ, നല്ല തൊഴിലാളികൾ, നല്ല കുടുംബിനികൾ നല്ലവിശ്വാസികൾ... അങ്ങനെ അങ്ങനെ ... "നല്ല" സർട്ടിഫിക്കറ്റുകൾ നൽകാൻ സ്വയം അധികാരികളായ ചൂഷക വർഗ്ഗം - ചൂഷിതരായ മർദ്ദിത ജന വിഭാഗത്തെക്കൊണ്ട് തങ്ങൾക്കുള്ള "നല്ല " സർട്ടിഫിക്കറ്റുകൾ നൽകേണ്ടത് അധികാരിവർഗമായ, പരന്നഭോജികളായ കള്ള വർഗ്ഗമാണെന്ന് വിശ്വസിപ്പാക്കുന്നു. ഹിറ്റലർ പ്രയോഗിച്ച അതേ തന്ത്രം .
മന:ശാസ്ത്രം
- ചെറുതിലെ പിടി കൂടൽ - വിവിധ സാമൂഹ്യ സംവിധാനങ്ങളിലൂടെ തുടർന്ന് "സാമൂഹ്യ സദാചാരം" എന്ന മന:ശാസ്ത്ര തന്ത്രങ്ങൾ വഴി തുടരുന്നു. പാവം മനുഷ്യൻ നല്ല സർട്ടിഫിക്കറ്റിനു വേണ്ടി മരണം വരെയും ഓടിക്കൊണ്ടിരിക്കുന്നു. നിങ്ങൾ എത്ര നല്ല സദാചാരിയാണെങ്കിലും, മറ്റൊരാളുടെ മനസ്സിൽ, നിങ്ങൾ മൂലം അധികാരം, പദവി, പണം എന്നിവ നഷ്ടമാവും എന്നു തോന്നൽ ഉണ്ടായാൽ "നല്ല സർട്ടിഫിക്കറ്റിനു വേണ്ടി നിങ്ങൾ, നിങ്ങൾക്കു വേണ്ടി ചുമതലപ്പെടുത്തിയിട്ടുള്ള അധികാരി, സംവിധാനം എല്ലാം നിങ്ങളെ നിരാശപ്പെടുത്തും...... നാമാവശേഷമാക്കും......
മനുഷ്യ ചരിത്രത്തിലെ ആദ്യ കൊലപാതകം
- രണ്ട് സഹോരന്മാരിൽ നിന്നും ആണെന്നും അത് ഉണ്ടായത് അസൂയ മൂലമുള്ള വൈരത്തിൽ നിന്നാണെന്നും ഉൽപത്തി പുസ്തകത്തിലെ ആദം-ഹവ്വ ദമ്പതികളുടെ മക്കളായ കായേൻ്റെയും ആബേലിൻ്റേയും കഥ നമ്മെ ഓർമ്മിപ്പിക്കുന്നു. ഇവിടെയും സ്ഥാനത്തിനു വേണ്ടിയുള്ള തർക്കത്തിൽ നിന്നാണ് തുടങ്ങുന്നത്.
നമ്മുടെ പുരാണങ്ങളിലും അധികാരത്തിനും, പണത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള ദുര യുദ്ധങ്ങളിലേയ്ക്കും കൂട്ടക്കുരുതിയിലേയ്ക്കും നയിച്ച കഥയാണ് പറഞ്ഞുതരുന്നത്. ഇവിടെയെല്ലാം മനുഷ്യരുടെ നാശത്തിനും വേദനകൾക്കും കാരണമായി തീർന്നത് സ്ഥാനമാനങ്ങൾക്കും പദവിക്കും വേണ്ടിയുള്ള കിടമത്സരങ്ങളായിരുന്നു. ഇവിടങ്ങളിലെല്ലാം മനഷ്യർ പരസ്പരം അവനവൻ്റെ "നല്ല സർട്ടിഫിക്കറ്റുകൾ " തേടിക്കൊണ്ടേയിരുന്നു. കാലചക്രം പലവുരു ഉരുണ്ടു.
നിർഭയം തൻ്റെ തന്നെ അധികാരിയാകാൻ, സ്വാഭിമാനത്തോടെ ജീവിക്കാർ, മറ്റുള്ളവരെ സമഭാവനയോടെ കാണാൻ, പരസ്പരം താങ്ങായി വളരാൻ മനുഷ്യരെ മാനസികമായി പ്രാപ്തമാക്കി, ബൗദ്ധി മായും -ഭൗതികമായും വളരാൻ പുതിയ "ജനാധിപത്യത്തിൻ്റെ " സദാചാര നിയമങ്ങൾ നമ്മെ ബോധ്യപ്പെടുത്താൻ
"മഹാന്മാർ, മഹതികൾ, നവോത്ഥാന നായകർ ,നായികമാർ "ജീവിതം കൊണ്ട് പരിശ്രമിച്ചു. "ദുരധികാരത്തിനും, മാനസിക വൈകൃതങ്ങൾക്കും, പൈശാചീക മനുഷ്യരൂപ ശക്തികൾക്കും മുൻപിൽ കീഴടങ്ങാതെ ജീവിതം കൊണ്ട് പൊരുതിനിന്ന് നമ്മുക്കായ് സമ്മാനിച്ചതാണ് ഇന്നത്തെ ജനാധിപത്യകാലം, നിയമം, ജീവിതം.
ഭൂതകാലത്തിൻ്റെ ജീർണതയാർന്ന, നാറിയ , മനുഷ്യത്വവിരുദ്ധവും, അശ്ലീലകരവുമായ " നല്ല സർട്ടിഫിക്കറ്റുകളെ " വലിച്ചു കീറി കുപ്പയിലിട്ടു കത്തിക്കാൻ തയ്യാറുള്ള മനുഷ്യർക്കേ, മനസ്സുകൾക്കേ ചലിച്ചു നിൽക്കാനും പിടിച്ചു നിൽക്കാനും കഴിയുകയുള്ളു. പരീക്ഷണങ്ങൾ പലരൂപത്തിൽ വരും , മാനായും , മാരി ചനായും മനുഷ്യരൂപിയായ പിശാചുക്കളായും..... പ്രലോഭിപ്പിച്ച്, ഭയപ്പെടുത്തി, സദാചാര ഗുണ്ടായിസത്തിലൂടെ, ഇല്ലാക്കഥ ഉണ്ടാക്കി..... കീഴ്പ്പെടുത്താൻ നോക്കും. " ദൈവങ്ങളെ" വരെ ഈ "ജീവികൾ" വെറുതെ വിട്ടിട്ടില്ല.... അന്നും... ഇന്നും.
സീരിയൽ കില്ലർമാരുടെ മനോരോഗം ബാധിച്ചവരാണിവർ. ജനാധിപത്യം, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി, മാനവികത എന്നെല്ലാം കേട്ടാൽ ഈ സൈക്കോ പാത്തുകൾക്ക് ഹാലിളകും. മുഖം വികൃതമാകും, മുരളും മുക്രയിടും . മാനവ ചിന്താഗതിക്കാരായ മനുഷ്യരെ തകർക്കാൻ പലവിധത്തിലുള്ള " "സൈക്കോളജിക്കൽ സ്ട്രൈക്കുകൾ " ഇറക്കും. ഇവറ്റകളിൽ ചിലർ "നല്ല മുഖ"മുള്ള , ഭർത്തൃഹരി പറഞ്ഞതു പോലെ വാലും കൊമ്പും പ്രതൃക്ഷത്തിൽ കാണാൻ പറ്റാത്ത മനുഷ്യരൂപികളാകും. മറ്റു ചിലർ നമ്മെ അത്ഭുദപ്പെടുത്തും വിധം, സുനിൽ മാഷുടെ വാചകത്തിൽ പരാമർശിക്കാറുള്ളതുപേലെ പഠിച്ചു പഠിച്ചു വഷളായവരും ഉണ്ടാവും, ഏത് രൂപത്തിലും കോലത്തിലും പ്രതീക്ഷിക്കാവുന്ന ഇവറ്റകളും നമ്മുടെ സഹജീവികളല്ലേ എന്ന് ഒരു നിമിഷം ഓർത്താൽ, ഇവരോടുള്ള വെറുപ്പ് അൽപ്പാൽപമായി കുറയും. പിന്നെ ആധുനിക ലോ നിയമങ്ങൾ പരീക്ഷണാർത്ഥം പ്രയോഗിച്ചു നോക്കാം.
ചൊല്ലിക്കൊട്, തല്ലിക്കൊട്, തള്ളിക്കള,...... അതുകഴിഞ്ഞാലോ ..... കു രങ്ങന്മാർ കാണിക്കുന്ന വിക്രിയ കണ്ട് ....... ഊറിച്ചിരിക്കുക. പൊട്ടിച്ചിരിക്കുക ..... അവരെ ഒന്നു സൂക്ഷിച്ചു നോക്കിയാൽ അവർ നോർമൽ അല്ല എന്ന് തിരിച്ചറിയാനാവും . അർഹിക്കാത്ത എന്തിനോ വേണ്ടി ആർത്തി പൂണ്ട് പായുന്നവരാണവർ. എൻ്റെ ചിരിക്ക് ഇത്ര ശബ്ദമോ എന്ന് നമ്മുക്ക് ചിലപ്പോൾ തോന്നും. വെറും തോന്നലായിരിക്കില്ല അത്, കൂടെ ചിരിക്കാൻ "സൈക്കോ"കൾ ഒഴിച്ച് ഒരു പറ്റം പേർ കൂടെയുണ്ടാവും, ക്ഷമാപൂർവ്വം കാത്തിരിക്കുക .....
അപ്പോൾ പറഞ്ഞു വന്നത് "I am ok". ഞാൻ എനിക്കായി എൻ്റെ "നല്ല സർട്ടിഫിക്കറ്റ്" സമർപ്പിക്കുന്നു. ഇന്നുവരെ സൈബർ അറ്റാക്ക് നേരിട്ടർവർക്കും, ഭാവിയിൽ നേരിടാനുള്ളവർക്കുമായി സമർപ്പിക്കുന്നു. കാലം കടന്നുപോകുമ്പോൾ "സൈബർ അറ്റാക്ക് ക്ലാസ്മേറ്റ്സ്" ഉണ്ടാക്കി ഒരുമിച്ചുകൂടി പൊട്ടിച്ചിരിക്കണം നമ്മുക്ക്. അതിൻ്റെ പ്രസിഡൻ്റോ, സെക്രട്ടറിയോ എന്നെ ആക്കണം എന്ന് അപേക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
