ഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി നടത്തിയ മാധ്യമസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പായ സ്കൈറൂട്ടിന്റെ നേട്ടം പരാമർശിക്കുന്നതിനിടെയായിരുന്നു രാഹുലിനെ ലക്ഷ്യമിട്ടുള്ള പരോക്ഷ വിമർശനം.
സ്കൈറൂട്ട് സ്റ്റാർട്ടപ്പിൽ പ്രവർത്തിക്കുന്ന സംഘത്തിന്റെ ശരാശരി പ്രായം 28 വയസാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, "ഈ നേട്ടത്തിന് പിന്നിൽ യുവമനസ്സുകളാണ്. 56 വയസ്സുള്ള ഒരു യുവാവിനെക്കുറിച്ചല്ല ഞാൻ പറയുന്നത്; ശരാശരി 28 വയസുള്ള ഒരു ടീമിനെക്കുറിച്ചാണ്," എന്ന് പറഞ്ഞു. രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ടായിരുന്നു ഈ പരാമർശമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
വർഷകാല സമ്മേളനം ഫലപ്രദമാകട്ടെയെന്നും അതിനായി എല്ലാവരും സഹകരിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യം നിരവധി സുപ്രധാന നേട്ടങ്ങൾ കൈവരിച്ചുവെന്നും അവ രാജ്യത്തിന് അഭിമാനകരമാണെന്നും മോദി പറഞ്ഞു. ദേശീയ, അന്തർദേശീയ, ബഹിരാകാശ മേഖലകളിലടക്കം ഇന്ത്യയുടെ മുന്നേറ്റം ശ്രദ്ധേയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷത്തെ വർഷകാല സമ്മേളനത്തിന് തൊട്ടുമുമ്പ് ഒരു ഇന്ത്യൻ പൗരൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയിരുന്നുവെന്നും, ഇപ്പോൾ ഇന്ത്യയിലെ സ്വകാര്യ സ്റ്റാർട്ടപ്പായ സ്കൈറൂട്ട് ബഹിരാകാശ രംഗത്ത് ചരിത്രനേട്ടം സ്വന്തമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയിലെ ഇത്തരം നേട്ടങ്ങൾ കൈവരിച്ച രാജ്യങ്ങൾ ലോകത്ത് വളരെ കുറവാണെന്നും, ഇന്ത്യൻ യുവ സംരംഭകരുടെ കഴിവിന്റെ തെളിവാണ് ഈ മുന്നേറ്റമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാർലമെന്റിൽ പരിചയസമ്പന്നരായ നിരവധി അംഗങ്ങളുണ്ടെന്നും അവരുടെ അറിവും അനുഭവവും രാജ്യത്തിന്റെ പുരോഗതിക്ക് നിർണായകമാണെന്നും മോദി പറഞ്ഞു. പാർലമെന്റ് സുഗമമായി പ്രവർത്തിക്കുകയും അർഥവത്തായ ചർച്ചകൾ നടക്കുകയും രാജ്യത്തിന്റെ വികസനത്തിന് സഹായകമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വസ്തുതകളും യുക്തിയും അടിസ്ഥാനമാക്കിയുള്ള ചർച്ചകളാണ് ജനാധിപത്യത്തിന്റെ ശക്തിയെന്നും, ഓരോ ആശയത്തിനും ശബ്ദത്തിനും സഭയിൽ തുല്യ ബഹുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വർഷകാല സമ്മേളനത്തിൽ എല്ലാ പാർലമെന്റ് അംഗങ്ങളും സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
