കല്പറ്റ: മീനങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിനോദയാത്ര വിവാദത്തിൽ സ്കൂൾ അധികൃതർ വിനോദയാത്രയ്ക്ക് അനുമതി തേടിയിരുന്നതായി റിപ്പോർട്ട്.
മീനങ്ങാടി സ്കൂളിലെ വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആരോപണത്തെത്തുടർന്നാണ് വിവാദം ഉടലെടുത്തത്. എന്നാൽ, വൈദ്യപരിശോധനയിൽ പ്രിൻസിപ്പലായ ഷിവി കൃഷ്ണൻ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. വിനോദയാത്രയ്ക്കിടെ കുട്ടികൾ അപക്വമായി പകർത്തിയ ദൃശ്യങ്ങൾ ചിലർ രാഷ്ട്രീയമായി ഉപയോഗിച്ചെന്നും ഇതാണ് ആരോപണത്തിന് പിന്നിലെന്നും പ്രിൻസിപ്പൽ പ്രതികരിച്ചിരുന്നു. അതിനിടെ, വിനോദയാത്ര വിവാദത്തിന് പിന്നാലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ മീനങ്ങാടി സ്കൂളിൽനിന്ന് സ്ഥലംമാറ്റി. ആർഡിഡിയുടെ അനുമതി തേടാതെയും മാനദണ്ഡങ്ങൾ ലംഘിച്ചും വിനോദയാത്ര സംഘടിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ ഈ വാദങ്ങളാണ് ഇപ്പോൾ വീണ്ടും വിവാദത്തിലാകുന്നത്.
ഓഗസ്റ്റ് 14-നാണ് സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് അനുമതി തേടി ആർഡിഡിക്ക് അപേക്ഷ അയച്ചത്. എന്നാൽ, രണ്ടുമാസത്തോളം കാത്തിരുന്നിട്ടും മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് ഒക്ടോബർ 25-നാണ് സ്കൂളിൽനിന്ന് വിനോദയാത്ര പോയത്. പലപ്പോഴും വിനോദയാത്രയ്ക്ക് അനുമതി തേടി അപേക്ഷ ലഭിച്ചാൽ മറുപടി ലഭിക്കാറില്ലെന്നും ഈ സാഹചര്യത്തിലാണ് വിനോദയാത്ര പോയതെന്നും പറയുന്നു.
വിനോദയാത്രയ്ക്ക് അനുമതി തേടി സ്കൂൾ അധികൃതർ ആർഡിഡി(റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻഡറി എജ്യൂക്കേഷൻ)ക്ക് അയച്ച അപേക്ഷയുടെ പകർപ്പ് പുറത്തുവന്നു.
പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് മീനങ്ങാടി സ്കൂളിലെ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾ കഴിഞ്ഞദിവസം പഠിപ്പ് മുടക്കി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സ്കൂൾ അധികൃതർ വിനോദയാത്രയ്ക്ക് അനുമതി തേടിയിരുന്നതിന്റെ വിവരങ്ങളും പുറത്തുവരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
