തിരുവനന്തപുരം: അന്തരിച്ച കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ ജി കാർത്തികേയന്റെ വീട്ടിലെത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. ഏറെ വികാരനിർഭരമായ നിമിഷങ്ങൾക്കാണ് ഈ സന്ദർശനം സാക്ഷ്യം വഹിച്ചത്.
ജി കാർത്തികേയന്റെ ഭാര്യ സുലേഖ ടീച്ചറെ കണ്ടുമുട്ടിയ വി ഡി സതീശൻ വികാരാധീനനായി. സുലേഖ ടീച്ചറെ കെട്ടിപ്പിടിച്ച അദ്ദേഹത്തിന്റെ കണ്ണുനിറഞ്ഞ് വിതുമ്പി. തുടർന്ന് സുലേഖ ടീച്ചർ സതീശനെ ആശ്വസിപ്പിക്കുകയും ഇരുവരും ഏറെ നേരം സംസാരിച്ചു കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ജി കാർത്തികേയനുമായി തനിക്കുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചും രാഷ്ട്രീയ ജീവിതത്തിലെ നിർണായക ഘട്ടങ്ങളിൽ അദ്ദേഹം നൽകിയ പിന്തുണയെക്കുറിച്ചും വി ഡി സതീശൻ ഓർമ്മിച്ചു. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന ശേഷം തനിക്ക് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ പ്രചോദനമായത് ജി കാർത്തികേയനാണെന്ന് അദ്ദേഹം പറഞ്ഞു.
1996ലും 2001ലും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് എ.കെ. ആന്റണിയേയും കെ. കരുണാകരനേയും നേരിൽ കണ്ടു ബോധ്യപ്പെടുത്തിയതും ജി കാർത്തികേയനാണെന്ന് സതീശൻ ഓർമ്മിച്ചു. “എംഎൽഎയായാൽ പാർട്ടിക്ക് നേട്ടമാകും” എന്ന് പറഞ്ഞ് തന്റെ രാഷ്ട്രീയ ഭാവിയെ വിശ്വസിച്ച നേതാവായിരുന്നു കാർത്തികേയൻ എന്നും അദ്ദേഹം പറഞ്ഞു.
“ഇത് എന്റെ കുടുംബമാണ്. ജി കാർത്തികേയന്റെ മകൻ കെ.എസ്. ശബരിനാഥനോട് ഞാൻ പലപ്പോഴും പറയാറുണ്ട്, ഈ വീട്ടിലെ മൂത്ത ആളാണ് ഞാൻ എന്ന്. സുലേഖ ടീച്ചർ എന്നും എനിക്ക് അമ്മയുടെ സ്‌നേഹമാണ് നൽകിയിട്ടുള്ളത്,” എന്നും വി ഡി സതീശൻ പറഞ്ഞു.
മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുകയറ്റിയത് ജി കാർത്തികേയനാണെന്നും, ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത വ്യക്തിയും കുടുംബവുമാണ് അവരുടേതെന്നും സതീശൻ കൂട്ടിച്ചേർത്തു. “ഇവിടെ വന്നില്ലെങ്കിൽ പിന്നെ ഞാൻ എവിടേക്ക് പോകാനാണ്?” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ അവിടെയുള്ളവരെയും വികാരാധീനരാക്കി.
അതേസമയം, വി ഡി സതീശനെ കുറിച്ച് ഹൃദയസ്പർശിയായ വാക്കുകളാണ് സുലേഖ ടീച്ചർ പങ്കുവച്ചത്. “ഞങ്ങൾക്ക് രണ്ട് ആൺമക്കളാണ് ഉള്ളത്. എന്നാൽ അവരുടെ ചേട്ടനാണ് സതീശൻ,” എന്നും അവർ പറഞ്ഞു.
“നിങ്ങൾക്കൊക്കെ സതീശൻ മുഖ്യമന്ത്രി ആയിരിക്കാം. പക്ഷേ എനിക്കും കാർത്തികേയൻ സാറിനും അവൻ ഞങ്ങളുടെ മൂത്ത മകനാണ്,” എന്ന് പറഞ്ഞ സുലേഖ ടീച്ചർ, സതീശന്റെ കഴിവ് ആദ്യമായി തിരിച്ചറിഞ്ഞത് ജി കാർത്തികേയനാണെന്നും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
