തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമസഭാ സെക്രട്ടേറിയറ്റില്‍ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് വഴിവിട്ട ആനുകൂല്യങ്ങള്‍ നല്‍കിയെന്ന ഗുരുതര വെളിപ്പെടുത്തലുകളുമായി ഉദ്യോഗസ്ഥര്‍ രംഗത്ത്. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരം നിയമസഭാ സെക്രട്ടേറിയറ്റ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തുവന്നത്.
ഇതേത്തുടര്‍ന്ന് അക്കാലത്ത് ഊരാളുങ്കല്‍ ഉള്‍പ്പെടെയുള്ള കരാറുകാര്‍ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ നിയമസഭാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ഏതാനും വര്‍ഷം മുന്‍പ് ഒരു ദിവസം രാത്രിയില്‍ ഊരാളുങ്കലിന്റെ പേരില്‍ നിയമസഭയിലേക്ക് ലോറിയില്‍ എത്തിച്ച ഡിജിറ്റല്‍ ഉപകരണങ്ങള്‍ കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബില്‍ പാസാക്കേണ്ടി വന്നതായി ഒരു ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയിട്ടുണ്ട്. 13 പെട്ടികളിലായി എത്തിച്ച ഈ ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണോ എന്ന് ഉറപ്പുവരുത്താതെ കൈപ്പറ്റാന്‍ കഴിയില്ലെന്ന് നിലപാടെടുത്ത ഉദ്യോഗസ്ഥന് മേല്‍ നിയമസഭാ അധികൃതരില്‍ നിന്ന് കടുത്ത സമ്മര്‍ദമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് ഉപകരണങ്ങള്‍ പരിശോധന കൂടാതെ തന്നെ സ്റ്റോറിലേക്ക് മാറ്റാന്‍ നിര്‍ദേശം ലഭിക്കുകയും, തൊട്ടടുത്ത ദിവസം തന്നെ ഊരാളുങ്കല്‍ സമര്‍പ്പിച്ച കോടികളുടെ ബില്‍ ഉദ്യോഗസ്ഥര്‍ക്ക് പാസാക്കി നല്‍കേണ്ടി വരികയും ചെയ്തു.
ഇതിനു പുറമേ, നിയമസഭയില്‍ ഊരാളുങ്കലുമായി ബന്ധപ്പെട്ട ഫയലുകള്‍ക്കെല്ലാം സാധാരണ ചട്ടങ്ങള്‍ മറികടന്ന് അതിവേഗത്തിലാണ് അനുമതി നല്‍കിയിരുന്നതെന്നും മറ്റ് ചില ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിയമസഭാ സെക്രട്ടേറിയറ്റ് അടിയന്തരവും സമഗ്രവുമായ അന്വേഷണത്തിലേക്ക് കടന്നിരിക്കുന്നത്. ഊരാളുങ്കല്‍ ഉള്‍പ്പെടെയുള്ള കരാറുകാര്‍ സഭയില്‍ നടപ്പാക്കിയ പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്നും, അവയ്ക്കായി ഇതുവരെ എത്ര തുക ചെലവഴിച്ചുവെന്നുമുള്ള കൃത്യമായ വിവരങ്ങള്‍ അടിയന്തരമായി കൈമാറാന്‍ നിയമസഭയിലെ മുഴുവന്‍ വകുപ്പുകള്‍ക്കും സെക്രട്ടേറിയറ്റ് കര്‍ശന നിര്‍ദേശം നല്‍കി കഴിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
