മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപിക്കാനുള്ള റിസർവ് ബാങ്കിന്റെ പ്രത്യേക ഫോറെക്സ് സ്വാപ് പദ്ധതി പ്രഖ്യാപിച്ചതിലും നേരത്തേ നിർത്തുന്നു.
പുതിയ എഫ്.സി.എൻ.ആർ. (ബി) അക്കൗണ്ട് നിക്ഷേപങ്ങൾ ഇളവുകളോടെ സ്വീകരിക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31 -ന് അവസാനിപ്പിക്കുകയാണെന്ന് റിസർവ് ബാങ്ക് അറിയിച്ചു. നേരത്തേ സെപ്റ്റംബർ 30-വരെ സമയപരിധിയിലാണ് പദ്ധതി തുടങ്ങിയതെങ്കിലും വിദേശനാണയ നിക്ഷേപ വരവ് ഉയർന്നതോടെ നേരത്തേ നിർത്താൻ തീരുമാനിക്കുകയാണെന്ന് ആർ.ബി.ഐ. വ്യക്തമാക്കി.
പുതുതായി സ്വീകരിച്ച നിക്ഷേപത്തിലെ ഫോറെക്സ് സ്വാപ് സെപ്റ്റംബർ 11-വരെ നടത്തുമെന്നും ആർ.ബി. ഐ. അറിയിച്ചിട്ടുണ്ട്. ആർ.ബി.ഐ. നടപടിയെ തുടർന്ന് ജൂൺ എട്ടുമുതൽ ഓഗസ്റ്റ് 13-വരെ ആകെ 5,684.6 കോടി ഡോളറിന്റെ നിക്ഷേപം ബാങ്കുകളിലെത്തി. ഇതിൽ 5,230 കോടി ഡോളറും എഫ്.സി.എൻ.ആർ. (ബി) നിക്ഷേപങ്ങളാണ്.
വാണിജ്യ ബാങ്കുകൾ വിദേശ വിപണിയിൽനിന്ന് വിദേശകറൻസിയിലെടുക്കുന്ന വായ്പകളിലൂടെ (ഒ.എഫ്.സി.ബി.) 280.5 കോടി ഡോളറും വിദേശത്തുനിന്നുള്ള വാണിജ്യ വായ്പകൾ വഴി 174.1 കോടി ഡോളറും ഇക്കാലത്തെത്തി. ഈ രണ്ടു വിഭാഗങ്ങളിലും ഇളവുകൾ ഡിസംബർ 31 വരെ തുടരുമെന്നും ആർ.ബി.ഐ. വ്യക്തമാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് തിരിച്ചടി നേരിട്ട രൂപയെ രക്ഷിക്കാനും ഇന്ത്യയുടെ വിദേശനാണയ ശേഖരം പിടിച്ചുനിർത്താനുമായുള്ള 'രക്ഷാനടപടി'കളുടെ ഭാഗമായാണ് ആർ.ബി. ഐ. പദ്ധതി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് എഫ്.സി.എൻ.ആർ. (ബി) അക്കൗണ്ടുകൾ കൈകാര്യം ചെയ്യുമ്പോൾ ബാങ്കുകൾക്കുണ്ടാകുന്ന ബാധ്യത സെപ്റ്റംബർ 30-വരെ റിസർവ് ബാങ്ക് വഹിക്കുമെന്നായിരുന്നു പ്രധാന പ്രഖ്യാപനം.
ഫലത്തിൽ ബാങ്കുകൾക്കു ലഭിക്കുന്ന ഈ നേട്ടം പ്രവാസി നിക്ഷേപകരിലേക്കെത്തും. ഇളവുകളുടെ പശ്ചാത്തലത്തിൽ നിക്ഷേപം കൂടുതലായി ആകർഷിക്കുന്നതിന് ബാങ്കുകൾ പലിശനിരക്ക് 4.5 ശതമാനത്തിൽനിന്ന് 6.5 ശതമാനം വരെയായി ഉയർത്തുകയും ചെയ്തു. ഇതോടെ വിദേശ കറൻസിയിലുള്ള നിക്ഷേപ ഒഴുക്കുകൂടി. പദ്ധതിയുടെ തുടക്കത്തിലുണ്ടായിരുന്നതിനേക്കാൾ വേഗത്തിൽ കൂടുതൽ തുകയാണ് സമീപ ആഴ്ചകളിൽ നിക്ഷേപമായെത്തിയത്.
മൂന്നുവർഷം മുതൽ അഞ്ചുവർഷം വരെ കാലയളവിലാണ് നിക്ഷേപം സ്വീകരിക്കുന്നത്. എഫ്.സി.എൻ.ആർ. (ബി) വഴി സമാഹരിക്കുന്ന നിക്ഷേപത്തെ സി.ആർ.ആർ. എസ്.എൽ.ആർ. പരിധികളിൽനിന്ന് ആർ.ബി.ഐ. ഒഴിവാക്കിയിട്ടുണ്ട്. ഇതാണ് ബാങ്കുകൾക്കു നേട്ടമാകുക. യൂറോ, ഡോളർ, പൗണ്ട്, യെൻ, ഓസ്ട്രേലിയൻ ഡോളർ, കനേഡിയൻ ഡോളർ തുടങ്ങി വിദേശ കറൻസികൾ അക്കൗണ്ടിൽ നിക്ഷേപിക്കാം.
ആ പണം വിദേശ കറൻസിയായി തന്നെ അക്കൗണ്ടിൽ കിടക്കും. പലിശയും ഇതേ കറൻസിയിലായിരിക്കും. കാലാവധി പൂർത്തിയാകുമ്പോൾ പലിശയടക്കം നിക്ഷേപിക്കുന്ന അതേ കറൻസിയിൽ തിരികെ ലഭിക്കും. അതിനാൽ രൂപയുടെ മൂല്യത്തകർച്ച നേട്ടത്തെ ബാധിക്കില്ല. ഇന്ത്യയിൽ ഈ നേട്ടത്തിന് നികുതി ബാധകമാവില്ല. നിക്ഷേപം നടത്തുന്ന രാജ്യത്തെ നികുതി നിയമങ്ങൾ ബാധകമായിരിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
