1977 ഏപ്രിൽ 13ന് രാജൻ കേസ് സംബന്ധിച്ച് പ്രാരംഭ വിധി പറയുമെന്ന് കോടതി അറിയിച്ചു. ഏപ്രിൽ 21-ാം തീയതി രാജനെ കോടതിയിൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. അതിന് കഴിയുന്നില്ലെങ്കിൽ ഏപ്രിൽ 19ന് മുൻപ് ആ വിവരം കോടതി അറിയിക്കണം. രാജനെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കി കരുണാകരൻ സമർപ്പിച്ച സത്യവാങ്മൂലം കോടതി നിരാകരിച്ചതാണ് വിനയായത്. 1976 മാർച്ച് ഒന്നിന് രാജനെ കസ്റ്റഡിയിൽ എടുത്തതിന് തെളിവുണ്ട് മറിച്ചുള്ള കരുണാകരന്റെയും മറ്റു കക്ഷികളുടെയും വാദം കോടതി തള്ളിക്കളഞ്ഞു.
ജസ്റ്റിസ് സുബ്രഹ്മണ്യം പോറ്റിയായിരുന്നു. അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ടി.സി.എൻ. മേനോൻ കോടതിയിലെ വിധിയുടെ വിശദാംശങ്ങൾ കരുണാകരനെ വിളിച്ച് അറിയിച്ചു. എന്തുവേണമെന്ന് ആലോചിച്ചു വേണ്ടത് ചെയ്യാൻ കരുണാകരൻ പറഞ്ഞു. ഉടൻതന്നെ കരുണാകരൻ തന്റെ സഹപ്രവർത്തകരെ വിളിച്ചുവരുത്തി. ഇനി എന്താണ് നമുക്ക് ചെയ്യാൻ കഴിയുക. അന്ന് വൈകുന്നേരത്തോടെ ഇ.എം.എസും നായനാരും ഒക്കെ കരുണാകരൻ ഉടൻ രാജിവെക്കമമെന്നാവശ്യപ്പെട്ടു. അപ്പോഴും മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യം കോൺഗ്രസ് പാർട്ടിയിൽ ഒരു ഭാഗത്തുനിന്നും ഉണ്ടായില്ല. കരുണാകരൻ കോടതിയെയും നിയമസഭയേയും തെറ്റിദ്ധരിപ്പിക്കാൻ മനപ്പൂർവ്വം അസത്യം പറഞ്ഞതല്ലെന്ന് വ്യക്തമാണ്.
ആ സാഹചര്യത്തിൽ രാജിവെക്കുന്നത് എതിർപക്ഷത്തിന്റെ നിലപാടിനെ അംഗീകരിക്കുന്നതായിരിക്കും. ഈയൊരു അഭിപ്രായമാണ് കോൺഗ്രസുകാരിൽ നിന്നും ഉരുത്തിരിഞ്ഞത്. ഘടകകക്ഷി നേതാക്കളും ഏതാണ്ട് ഇതേ അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചത്. എന്നാൽ എം.എൻ. ഗോവിന്ദൻ നായർക്ക് മാത്രം വ്യത്യസ്തമായ അഭിപ്രായം ഉണ്ടായിരുന്നു. കരുണാകരൻ രാജിവെക്കുന്നതാണ് നല്ലത്. എന്നദ്ദേഹം വെട്ടിത്തുറന്നു പറഞ്ഞു.
അന്ന് സി.പി. ശ്രീധരനാണ് വീക്ഷണം പത്രത്തിന്റെ എഡിറ്റർ. പത്രത്തിന്റെ എഡിറ്റോറിയലിൽ കരുണാകരൻ രാജിവെക്കണമെന്ന് ആവശ്യമാണ് മുന്നോട്ടുവച്ചത്. ഇതു വലിയ ആശയക്കുഴപ്പത്തിന് വഴിവെച്ചു. ആന്റണി പക്ഷത്തോടാണ് വീക്ഷണം പത്രം എപ്പോഴും ആഭിമുഖ്യം പുലർത്തിപ്പോന്നിരുന്നു എന്നൊരാക്ഷേപം പണ്ടുമുതലേ ഉള്ളതാണ്. അതുകൊണ്ടുതന്നെ ഇത് ആന്റണിയുടെ അഭിപ്രായമായി തെറ്റിദ്ധരിക്കപ്പെട്ടു. മുഖപ്രസംഗത്തോടുള്ള എതിർപ്പ് ആന്റണി സി.പി. ശ്രീധരനെ അറിയിക്കുകയും ചെയ്തു. രസകരമായൊരുസംഗതി എന്തെന്നാൽ കമ്പ്യൂട്ടർ വരുന്നതിനുമുമ്പ് വീക്ഷണം പത്രത്തിൽ അച്ചു നിരത്തുന്ന കാലത്ത് തേഞ്ഞുതെളിയാത്ത അക്ഷരങ്ങൾ ആയിരുന്നതുകൊണ്ട് ശ്രീധരൻ എഴുതിയതൊന്നും ആരും വായിച്ചിരുന്നില്ല.
എന്നാൽ പിറ്റേദിവസം മാതൃഭൂമിയിൽ പുനഃപ്രസിദ്ധീകരിച്ചപ്പോൾ മാത്രമാണ് അത് വലിയ ബഹളത്തിന് കാരണമായത്. ആ പ്രഷുബ്ദാവസ്ഥയിൽ ശ്രീധരന് വീക്ഷണത്തിൽ നിന്നും രാജിവയ്‌ക്കേണ്ടിവന്നു. അധികാരത്തിൽ കടിച്ചുതൂങ്ങാൻ കരുണാകരൻ ആഗ്രഹിച്ചതുമില്ല. ഒരുവിഷമം മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. മകൾ പത്മജയുടെ വിവാഹം ഉറപ്പിച്ചിരുന്ന സമയമായിരുന്നു. കരുണാകരൻ രാജിവച്ചതോടെ പകരം ആരെന്നായി ചോദ്യം. ഹൈക്കമാൻഡ് സി. സുബ്രഹ്മണ്യനെ നിരീക്ഷകനായി വിട്ടു. സുബ്രഹ്മണ്യം എം.എൽ.എമാരെ കാണുമ്പോൾ കരുണാകരനും ആന്റണിയും അതിൽ പങ്കാളികളായില്ല. സി.എച്ച്. മുഹമ്മദ് കോയയും സി.എം. സ്റ്റീഫനുമൊക്കെ അവിടെ ഉണ്ടായിരുന്നു.
ചർച്ചക്കായി കെ.ജി. അടിയോടിയും കെ.കെ. ബാലകൃഷ്ണനും വയലാർരവിയും ഉമ്മൻചാണ്ടിയുമൊക്കെ എത്തി. അടുത്ത മുഖ്യമന്ത്രി ആരാകണമെന്നതിനെക്കുറിച്ച് എം.എൽ.എമാരുടെ അഭിപ്രായം തേടലായി. വരദരാജൻ നായരുടേയും അടിയോടിയുടേയും പേരുകൾ ഉയർന്നുവന്നു. എ.കെ. ആന്റണി എന്ന പേര് ആദ്യം പറഞ്ഞത് ഉമ്മൻചാണ്ടിയായിരുന്നു. എന്നാൽ ആന്റണി അത് സ്വീകരിക്കുമെന്നു തോന്നുന്നില്ല എന്നും ഉമ്മൻചാണ്ടി പറഞ്ഞു. അത് എന്തുകൊണ്ട് എന്നായി സുബ്രഹ്മണ്യം..! കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് എ.കെ. ആന്റണി മത്സരിക്കണമെന്ന് അഭിപ്രായം വന്നതാണ്. അന്ന് സമ്മതിച്ചില്ല, തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൊത്തത്തിലുള്ള മേൽനോട്ടം വഹിക്കേണ്ട എങ്ങനെ മത്സരിക്കും എന്നായിരുന്നു ആന്റണിയുടെ ന്യായവാദം. സുബ്രഹ്മണ്യം ഘടകകക്ഷികളുടെ അഭിപ്രായവും ആരാഞ്ഞു.
അവിടെയും എ.കെ. ആന്റണി വരട്ടെ എന്ന് അഭിപ്രായത്തിനാണ് മുൻതൂക്കം ലഭിച്ചത്. ഒടുവിൽ സുബ്രഹ്മണ്യം ആന്റണിയുടെ പേര് നിർദ്ദേശിച്ചു. കരുണാകരൻ? ആ അഭിപ്രായത്തോട് പൂർണ്ണമായും യോജിച്ചു. മാത്രമല്ല ആന്റണിയെ ഹാരമണിച്ച് സ്വീകരിക്കാനും കരുണാകരൻ തയ്യാറായി. അവിടെ നിന്നും പുറത്തിറങ്ങിയ കരുണാകരനെ പത്രക്കാർ വളഞ്ഞു. കേരള ഹൈക്കോടതിയുടെ വിധിയെ തുടർന്ന് ഉത്തമ ജനാധിപത്യത്തിന്റെ കീഴ്‌വഴക്കമനുസരിച്ച് താൻ രാജിവെക്കുന്നു എന്നും, സാങ്കേതികമായോ, ഭരണഘടനപരമായോ, നിയമപരമായ രാജിവെക്കേണ്ട കാര്യമില്ല. പക്ഷേ രാഷ്ട്രീയ ധാർമികതയെ താൻ ബഹുമാനിക്കുന്നു. ഇത്രയും പറഞ്ഞശേഷം കരുണാകരൻ ഒരു വാചകം കൂടി കൂട്ടിച്ചേർത്തു. കാലമാണ് എല്ലാറ്റിന്റേയും വിധികർത്താവ്. ഇന്നല്ലെങ്കിൽ നാളെ തെറ്റിദ്ധാരണയുടെയും കുപ്രചാരണത്തിന്റെയും മൂടൽമഞ്ഞ് മാറും.
കരുണാകരൻ രാജിവച്ചതോടെ അദ്ദേഹത്തിന് ഒരു വാഹനം പോലും ഇല്ലാതായി. അദ്ദേഹത്തിന് താമസിക്കേണ്ട വീട് ജവഹർ നഗറിലെ സ്വാമിയുടെ വീട് ആണെന്ന് തീരുമാനവും വന്നു. ആന്റണി ആകട്ടെ അപ്പോഴും മുഖ്യമന്ത്രിയാകാൻ ഇല്ല എന്ന നിലപാടിൽ മാറ്റമില്ലാതെ നിന്നു. സുബ്രഹ്മണ്യം ഉറച്ച നിലപാട് എടുത്തു. ഹൈക്കമാന്റിന്റെ കൂടെ തീരുമാനമാണ് സ്വീകരിച്ചേ പറ്റൂ. ഇങ്ങനെ അദ്ദേഹം നിർബന്ധപൂർവ്വം പറഞ്ഞപ്പോൾ ആന്റണി അർധമനസ്സോടെ സമ്മതം മൂളി. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ രാജ്യഭവനിൽ വളരെ ആർഭാടരഹിതമായി നടത്താൻ തീരുമാനിച്ചു. 1977 ഏപ്രിൽ 27, ആന്റണിയുടെയും വയലാർ രവിയുടെയും അമ്മമാർ ഒന്നിച്ചാണ് സത്യപ്രതിജ്ഞ കാണാൻ തിരുവനന്തപുരത്ത് എത്തിയത്.
ആ രണ്ട് അമ്മമാരും വേണമെന്ന് ആന്റണിക്ക് വളരെ നിർബന്ധം ഉണ്ടായിരുന്നു. കെ.സി. എബ്രഹാം മാസ്റ്റർ ആയിരുന്നു മറ്റൊരു അതിഥി, കരുണാകരൻ മന്ത്രിസഭയിലെ മറ്റെല്ലാ അംഗങ്ങളും ആന്റണിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ഉമ്മൻചാണ്ടിക്ക് ഇപ്പോൾ വയസ്സ് 37. പാർട്ടി പ്രവർത്തനത്തിന്റെ തിരക്കുകൾക്കിടയിൽ പ്രായമേറുന്നത് ഒന്നും അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടില്ലെന്നു വേണം കരുതാൻ..! ഇതിനിടയ്ക്ക് സഹോദരൻ അലക്‌സിന്റെ കല്യാണം കഴിഞ്ഞു. അതോടെ വീട്ടുകാർക്ക് ഒറ്റ നിർബന്ധം. എങ്ങനെയും ഉമ്മൻചാണ്ടി പെണ്ണ് കെട്ടിയ പറ്റൂ. ഉമ്മൻചാണ്ടിയുടെ ചേച്ചിയുടെ ഭർത്താവ് മാത്തച്ചൻ ആയിരുന്നു വിവാഹ ആലോചനകൾക്ക് മുൻകൈ എടുത്തത്. ഒടുവിൽ മറിയാമ്മ എന്ന ബാങ്ക് ഉദ്യോഗസ്ഥയെ കണ്ടെത്തിയതും അദ്ദേഹം തന്നെ.
പള്ളത്ത്
ഉമ്മൻചാണ്ടിയുടെ പിതൃ സഹോദരിയുടെ ഇടത്തും പടിക്കൽ വീട്ടിൽ വച്ച്
മറിയാമ്മയും ഉമ്മൻചാണ്ടിയും കണ്ടുമുട്ടി. കുട്ടനാട്ടിലെ പുഴക്കാറ്റിൽ
കുടുംബത്തിൽ എബ്രഹാമിന്റെയും അച്ചാമ്മയുടെയും നാലു മക്കളിൽ ഇളയവളായ
മറിയാമ്മ. ഇരുവരും 1977 മെയ് 30ന് വിവാഹിതരായി. ഉമ്മൻചാണ്ടിയുടെ മാതൃ ഇടവ
സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ വച്ചായിരുന്നു
താലികെട്ടുനടക്കേണ്ടിയിരുന്നത്.
പക്ഷേ, ബാവകക്ഷിമെത്രാൻ കക്ഷി
വഴക്കിനെത്തുടർന്ന് പള്ളി പൂട്ടിയിടേണ്ടിവന്നു. അതിനാൽ പാമ്പാടി ദയറയിലാണ്
ഇവരുടെ വിവാഹകൂദാശ നടത്തിയത്. ഉമ്മൻചാണ്ടിയുടെ വിവാഹത്തെക്കുറിച്ച് മനോരമ,
വീക്ഷണം, ദീപിക എന്നീപത്രങ്ങളിൽ ഒരു പരസ്യം കൊടുത്തതല്ലാതെ
പ്രത്യേകിച്ചാരേയും ക്ഷണിച്ചതുമില്ല. പരസ്യം ഇങ്ങനെയായിരുന്നു.
ഉമ്മൻചാണ്ടി,
സുഹൃത്തുക്കളെ മെയ് 30ന് ഞാൻ വിവാഹിതനാകുകയാണ്. കരുവാറ്റ കുഴിത്താറ്റിൽ വീട്ടിൽ മറിയാമ്മയാണ് വധു. രാവിലെ 11 മണിക്ക് പാമ്പാടി മാർക്ക് റിയാക്കോസ് ദയറായിൽ വച്ചാണ് വിവാഹം. നേരിട്ടോ കത്ത് മുഖേനയോ ആരെയും ക്ഷണിക്കുന്നില്ല. ദയവായി ഇത് ഒരു അറിയിപ്പായി കരുതുമല്ലോ.
സസ്‌നേഹം, ഉമ്മൻചാണ്ടി
29-05-1977
ഉമ്മൻചാണ്ടി
മന്ത്രി ആയിരിക്കുമ്പോഴാണ് ഇങ്ങനെ ഒരു കല്യാണം നടത്തിയത് എന്ന് ഓർക്കണം.
സ്ത്രീധനം ഇല്ല. ആഭരണം ഇല്ല. കരുവാറ്റയിൽ നിന്ന് ഒരു കാറിൽ കൊള്ളാവുന്ന
അത്ര മാത്രം ആളുകൾ വധുവിന്റെ വീട്ടിൽ നിന്ന് എത്തി. മന്ത്രിമാരെ ആരെയും
തന്നെ വിളിച്ചിരുന്നില്ല, എന്നാൽ മുഖ്യമന്ത്രി ആന്റണിയോട് പറഞ്ഞു. അത്
പറയാതിരിക്കാൻ നിർവാഹമില്ല. കാരണം അവർ ഉറ്റമിത്രങ്ങൾ ആണല്ലോ.
ക്ഷണിച്ചു
എന്നല്ലാതെ മുഖ്യമന്ത്രി വന്നേക്കരുത് എന്നു പ്രത്യേകം പറയാനും
ഉമ്മൻചാണ്ടി മറന്നില്ല. കാരണം മുഖ്യമന്ത്രി വരുമ്പോൾ മറ്റു മന്ത്രിമാരും
വന്നാലോ..?
അവർക്കൊന്നും കൊടുക്കാൻ കരുതിയിട്ടും ഇല്ല. ഒരു ബന്ധുകൂടിയായ പാറേട്ട് മാർ ഇവാനിയോസ് മെത്രാപ്പോലീത്തയായിരുന്നു ഇവരുടെ വിവാഹം നടത്തി കൊടുത്തത്. പത്ര പരസ്യം കണ്ട് പോൾ പി. മാണിയും പി.ജെ. ജോസഫും എ.എ. റഹീമും എത്തിയിരുന്നു. ഉമ്മൻചാണ്ടി വിവാഹസദ്യ ഒന്നും ഒരുക്കിയിട്ടില്ല എന്ന് കണ്ട് ഇവാനിയോസ് തിരുമേനി പെട്ടെന്ന് ആരോടൊക്കെയോ വിളിച്ചുപറഞ്ഞ് കുറച്ചു ഭക്ഷണം കൊണ്ടുവന്നു. എന്നാൽ, വലിയ ആൾക്കൂട്ടത്തിനിടയ്ക്ക് അത് ആർക്കൊക്കെയാണ് വിളമ്പുക...? ഒടുവിൽ ആ ഭക്ഷണം ഏതോ അനാഥമന്ദിരത്തിന് കൊടുത്തുവിട്ടു. പിന്നെ അവിടെ ഉണ്ടായിരുന്ന യോഹന്നാൻ റമ്പാച്ചൻ നാരങ്ങാവെള്ളം ഏർപ്പാടാക്കി. അത്? വന്നവർക്കെല്ലാം കൊടുത്തു. അത്രതന്നെ..!
(തുടരും)
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്