തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിലെ വിദ്യാർത്ഥി കൺസഷൻ കാർഡ് പുതുക്കുന്നതിനുള്ള ഫീസ് 10 രൂപയിൽ നിന്ന് 110 രൂപയായി വർധിപ്പിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അധികൃതർ അറിയിച്ചു.
പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് കൺസഷൻ കാർഡ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമായി ഓരോ അധ്യയന വർഷത്തിന്റെ തുടക്കത്തിലും ആകെ 110 രൂപയാണ് മുമ്പ് ഈടാക്കിയിരുന്നത്. ഇതിൽ 100 രൂപ പ്രോസസ്സിംഗ് ഫീസും 10 രൂപ കാർഡിന്റെയും അനുബന്ധ സ്റ്റേഷനറി സാമഗ്രികളുടെയും ചെലവുമാണ് ഉൾപ്പെട്ടിരുന്നതെന്ന് കെ.എസ്.ആർ.ടി.സി വിശദീകരിച്ചു.
വിദ്യാർത്ഥികൾക്കായി ആർ.എഫ്.ഐ.ഡി (RFID) അടിസ്ഥാനത്തിലുള്ള സ്മാർട്ട് കാർഡ് സംവിധാനം നടപ്പിലാക്കിയതോടെ പേപ്പർ കാർഡുകൾക്ക് പകരം സ്മാർട്ട് കാർഡുകൾ സൗജന്യമായി നൽകുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. നിലവിലുള്ള കാർഡുകൾ പുനരുപയോഗിക്കാനാകുന്നതിനാൽ പുതിയ കാർഡുകളും സ്റ്റേഷനറി സാമഗ്രികളും നൽകേണ്ട സാഹചര്യം ഇല്ലാതായതായും കെ.എസ്.ആർ.ടി.സി അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ മുമ്പ് ഈടാക്കിയിരുന്ന 10 രൂപ സ്റ്റേഷനറി ചാർജ് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ സംസ്ഥാന സിലബസിൽ പഠിക്കുന്ന ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളിൽ നിന്ന് 100 രൂപ പ്രോസസ്സിംഗ് ഫീസ് മാത്രമാണ് ഈടാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
അതിനാൽ, കൺസഷൻ കാർഡ് പുതുക്കൽ ഫീസ് 10 രൂപയിൽ നിന്ന് 110 രൂപയാക്കി വർധിപ്പിച്ചുവെന്ന പ്രചാരണം യാഥാർത്ഥ്യവിരുദ്ധമാണെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. മറിച്ച്, മുമ്പ് ഈടാക്കിയിരുന്ന ആകെ 110 രൂപയിൽ നിന്ന് തുക 100 രൂപയായി കുറച്ചതും ആർ.എഫ്.ഐ.ഡി കാർഡുകൾ സൗജന്യമായി നൽകുന്നതുമാണ് നിലവിലെ സാഹചര്യമെന്ന് വിശദീകരണത്തിൽ പറയുന്നു.
വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനും കൺസഷൻ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിനും കെ.എസ്.ആർ.ടി.സി പ്രതിജ്ഞാബദ്ധമാണെന്നും തെറ്റായ പ്രചാരണങ്ങളിൽ വീഴാതിരിക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
