കോഴിക്കോട്: കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി തന്റെ വീട് സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ വിവാദങ്ങൾക്ക് മറുപടിയുമായി സി.പി.എം നേതാവും മുൻ എം.എൽ.എയുമായ തോട്ടത്തിൽ രവീന്ദ്രൻ. സുരേഷ് ഗോപിയുമായി തനിക്ക് വർഷങ്ങളായുള്ള വ്യക്തിപരമായ അടുപ്പമുണ്ടെന്നും, ഈ കൂടിക്കാഴ്ച തികച്ചും വ്യക്തിപരം മാത്രമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ താൻ ബി.ജെ.പിയിലേക്ക് പോകുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അദ്ദേഹം പൂർണ്ണമായും തള്ളി. താൻ ഇപ്പോഴും എപ്പോഴും സി.പി.എം സഹയാത്രികനായി തന്നെ തുടരുമെന്നും, ഈ അപവാദ പ്രചാരണങ്ങൾക്ക് പിന്നിൽ ചിലരുടെ വ്യക്തിവൈരാഗ്യവും രാഷ്ട്രീയ താല്പര്യങ്ങളുമാണെന്നും തോട്ടത്തിൽ രവീന്ദ്രൻ ആരോപിച്ചു.
അതേസമയം, നരേന്ദ്ര മോദി സർക്കാരിന്റെ 12-ാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ജനസമ്പർക്ക പരിപാടിയുടെ ഭാഗമായാണ് സുരേഷ് ഗോപി കോഴിക്കോട്ടെ തോട്ടത്തിൽ രവീന്ദ്രന്റെ വസതി സന്ദർശിച്ചതെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിശദീകരണം.
രവീന്ദ്രനോട് മുൻകൂട്ടി സമയം ചോദിച്ച് അനുവാദം വാങ്ങിയ ശേഷമാണ് കേന്ദ്രമന്ത്രി അദ്ദേഹത്തിന്റെ വീട്ടിലെത്തിയതെന്നും ബി.ജെ.പി വൃത്തങ്ങൾ വ്യക്തമാക്കി. സന്ദർശനത്തിനിടെ തോട്ടത്തിൽ രവീന്ദ്രൻ സുരേഷ് ഗോപിയെ സ്വീകരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സി.പി.എം കേന്ദ്രങ്ങളിൽ ഇത് വലിയ ചർച്ചയായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
