തിരുവനന്തപുരം: കേരളത്തിൽ ശിശുമരണനിരക്ക് വർധിച്ചതായി ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട്. 2024-ലെ സാംപിൾ രജിസ്ട്രേഷൻ സിസ്റ്റം (SRS) റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ ശിശുമരണനിരക്ക് (Infant Mortality Rate) ആയിരം ജനനങ്ങൾക്ക് അഞ്ചിൽ നിന്ന് എട്ടായി ഉയർന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഒരു വയസ്സ് പൂർത്തിയാകുന്നതിന് മുമ്പ് മരിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണമാണ് ശിശുമരണനിരക്കായി കണക്കാക്കുന്നത്. നവജാതശിശു മരണങ്ങളിലെ ഈ വർധനവ് ഗൗരവമായി പരിശോധിക്കണമെന്ന് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെട്ടു.
1970-കളിൽ 58 ആയിരുന്ന കേരളത്തിന്റെ ശിശുമരണനിരക്ക്, വിവിധ ആരോഗ്യ പദ്ധതികളുടെയും ഇടപെടലുകളുടെയും ഫലമായി 2018-ൽ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ചിലെത്തിയിരുന്നു. പോഷകക്കുറവ് പരിഹരിക്കാനുള്ള പദ്ധതികളും ‘ഹൃദ്യം’ പോലുള്ള ആരോഗ്യ പദ്ധതികളും ഇതിൽ നിർണായക പങ്കുവഹിച്ചു.
നിലവിൽ ദേശീയ ശരാശരി 24 ആയിരിക്കെ കേരളം ഇപ്പോഴും രാജ്യത്തെ ഏറ്റവും മികച്ച പ്രകടനമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ്. കേരളത്തിന് പിന്നാലെ തമിഴ്നാടും ഡൽഹിയും 11 എന്ന നിരക്കിലാണ്.
അതേസമയം, ശിശുമരണനിരക്ക് വീണ്ടും ഉയർന്നതിന്റെ കാരണം വിശദമായി പഠിക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു. ആശുപത്രി വിട്ടശേഷമുള്ള കുഞ്ഞുങ്ങളുടെ പരിചരണത്തിലെ വീഴ്ചകൾ, പ്രതിരോധ കുത്തിവെപ്പുകളോടുള്ള വിമുഖത, വീട്ടുപ്രസവം, അശാസ്ത്രീയ ചികിത്സാരീതികൾ തുടങ്ങിയവ സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
