കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ പൊന്നാനി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തുന്നു. ഐപിഎസ് ഉദ്യോഗസ്ഥ അജിത ബീഗമാണ് മൊഴിയെടുക്കുന്നത്. മലപ്പുറം മുൻ എസ്.പി. സുജിത് ദാസ്, ഡിവൈ.എസ്.പി. വി.വി. ബെന്നി, സി.ഐ. വിനോദ് വലിയാറ്റൂർ എന്നിവർക്കെതിരെയാണ് കേസ്. ക്രൈംബ്രാഞ്ച് എസ്.ഐ.ടി.യാണ് കേസ് അന്വേഷിക്കുന്നത്.
മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രതികളായ കേസിന്റെ അന്വേഷണത്തിനായി സർക്കാർ നേരത്തെ ക്രൈംബ്രാഞ്ച് എസ്.ഐ.ടി.യെ നിയോഗിച്ചിരുന്നു. പൂങ്കുഴലി ഐപിഎസിനെ അന്വേഷണ സംഘത്തിന്റെ മേധാവിയായി നിയമിച്ച് സംസ്ഥാന പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയത്.
അതേസമയം, കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിൽ ഹൈക്കോടതി നേരത്തെ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഹർജി ഹൈക്കോടതിയിൽ നൽകിയതിന്റെ പേരിൽ മാത്രം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതിരിക്കാനാകില്ലെന്നും ഗുരുതര കുറ്റകൃത്യത്തിൽ ആദ്യം കേസ് രജിസ്റ്റർ ചെയ്യുകയാണ് വേണ്ടതെന്നും കോടതി നിരീക്ഷിച്ചിരുന്നു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്ത സാഹചര്യം അംഗീകരിക്കാനാകില്ലെന്നും ഇത് അരാജകത്വത്തിലേക്ക് നയിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഗുരുതര കുറ്റകൃത്യത്തിൽ കേസെടുക്കാതെ പ്രാഥമിക അന്വേഷണം നടത്തുന്നത് ശരിയായ നടപടിയല്ലെന്നും കോടതി വ്യക്തമാക്കി.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ചത് ഒൻപതാം തീയതിയാണെന്നും 16-ാം തീയതി ആയിട്ടും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഗുരുതര കുറ്റകൃത്യത്തിൽ കേസെടുക്കാത്തത് കോടതിയലക്ഷ്യമായി മാറുമെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്ത സാഹചര്യം ഭയപ്പെടുത്തുന്നതാണെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
