ചെന്നൈ: ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാറിനെതിരെ നടി ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യ വിജയലക്ഷ്മി രംഗത്ത്. ശ്രീവിദ്യയുടെ സ്വത്തുക്കൾ ഗണേഷ് കുമാർ തട്ടിയെടുത്തെന്ന രീതിയിൽ മുൻപും ഇവർ പരാതി ഉന്നയിച്ചിട്ടുള്ളതാണ്. ഇപ്പോൾ വിജയലക്ഷ്മി തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് വാർത്തയാകുന്നത്.
കാൻസർ ചികിത്സയുടെ ഭാഗമായി കീമോ തെറപ്പിക്കു വിധേയയായ വേളയിൽ ശ്രീവിദ്യ പവർ ഓഫ് അറ്റോർണിയായി ഗണേഷ് കുമാറിനെ ചുമതലപ്പെടുത്തുന്ന വിൽപത്രം തയാറാക്കിയെന്നത് വിശ്വസിക്കാൻ പ്രയാസമാണെന്ന് വിജയലക്ഷ്മി പറയുന്നു. ശ്രീവിദ്യയുടെ നിരവധി സ്വത്തുക്കൾ വില്‍പത്രത്തില്‍ ഇല്ലെന്നും വിജയലക്ഷ്മി ചൂണ്ടിക്കാണിച്ചു. സഹോദരൻ ശങ്കറിനെയും കുടുംബത്തെയും ശ്രീവിദ്യയിൽ നിന്ന് അകറ്റി നിർത്താൻ ഗണേഷ്കുമാർ ശ്രമിച്ചെന്നും വിജയലക്ഷ്മി ആരോപിച്ചു.
ശ്രീവിദ്യയുടെ സ്വത്തുക്കളുടെ പവർ ഓഫ് അറ്റോണി ഗണേഷിനാണെന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കൾക്ക് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും വിജയലക്ഷ്മി അഭിമുഖത്തിലുടനീളം ആവർത്തിക്കുന്നത്.
15 ലക്ഷത്തിലേറെ തുകയുടെ ബാങ്ക് ഡിപ്പോസിറ്റും 580 ഗ്രാം സ്വർണവും ഒന്നര കിലോഗ്രാം വെള്ളിയും കാറും അടക്കമുള്ള സമ്പാദ്യങ്ങളുള്ളതായി വിൽപത്രത്തിലുണ്ട്. ഇതിനെല്ലാം എന്തു സംഭവിച്ചു?. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നൃത്ത വിദ്യാർഥികൾക്ക് ട്രസ്റ്റ് വഴി സഹായം നല്‍കണമെന്ന വിൽപത്രത്തിലെ പ്രധാന നിർദേശം നടപ്പാക്കിയിട്ടില്ലെന്നും അവർ പറഞ്ഞു.
രണ്ട് ജോലിക്കാർക്ക് ഓരോ ലക്ഷം രൂപ വീതവും, സഹോദര പുത്രന്മാർക്ക് 5 ലക്ഷം രൂപ വീതവും നൽകണമെന്നും നിർദേശിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ചികിത്സയുടെ വിവരങ്ങൾ ബന്ധുക്കളിൽ നിന്നു മറച്ചു വച്ച ഗണേഷ്, വക്കീൽ നോട്ടിസ് അയച്ചതിനു ശേഷമാണ് വിൽപത്രത്തിന്റെ വിശദാംശങ്ങൾ പോലും നൽകിയത്. കുടുംബാംഗങ്ങൾ നടിയെ അവസാന കാലത്ത് ഉപേക്ഷിച്ചെന്നത് കള്ളപ്രചാരണമാണെന്നും വിജയലക്ഷ്മി ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്