കൊച്ചി: മാർ റാഫേൽ തട്ടിലിനെയാണ് സിറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പായി തെരഞ്ഞെടുത്തത്. സഭയുടെ നാലാമത്തേയും തിരഞ്ഞെടുപ്പിലൂടെ നിയമിതനാകുന്ന രണ്ടാമത്തേയും മേജർ ആർച്ച് ബിഷപാണ് മാർ റാഫേൽ തട്ടിൽ.
ദൈവത്തിന്റെ നിയോഗത്തിന് വഴങ്ങുന്നുവെന്നും എല്ലാവരുടെയും സഹകരണത്തോടെ കർത്തവ്യം നിർവഹിക്കുമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. ഒന്നിച്ചുപ്രവർത്തിക്കാൻ വേണ്ടി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സഭയുടെ പ്രാർഥനയ്ക്ക് ദൈവം നൽകിയ സമ്മാനമെന്ന് മാർ ആലഞ്ചേരിയും പ്രതികരിച്ചു.
1956 ഏപ്രിൽ 21-നാണ് മാർ റാഫേൽ തട്ടിൽ ജനിച്ചത്. തൃശൂർ സെന്റ് മേരീസ് മൈനർ സെമിനാരിയിലും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂർത്തിയാക്കിയ മാർ റാഫേൽ തട്ടിൽ, തൃശ്ശൂർ രൂപതയ്ക്കുവേണ്ടി 1980 ഡിസംബർ 21-ന് പൗരോഹിത്യം സ്വീകരിച്ചു.
അരണാട്ടുകര പള്ളിയിൽ അസിസ്റ്റന്റ് വികാരിയായും തൃശൂർ മൈനർ സെമിനാരിയിൽ ഫാദർ പ്രീഫെക്ട്, വൈസ് റെക്ടർ, പ്രെക്കുരേറ്റർ എന്നീ നിലകളിലും കൂനംമുച്ചി, ചേരുംകുഴി പള്ളികളിൽ ആക്ടിങ് വികാരിയായും സേവനം ചെയ്തിട്ടുണ്ട്. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടിയ ശേഷം രൂപതാ വൈസ് ചാൻസലർ, ചാൻസലർ, സിൻചെല്ലൂസ് എന്നീ പദവികൾ വഹിച്ചു.
2010-ൽ തൃശ്ശൂർ അതിരൂപതാ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 2014 മുതൽ ഇന്ത്യയിൽ സിറോ മലബാർ സഭയുടെ അധികാരപരിധിക്ക് പുറത്ത് നൂറോളം മിഷൻ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്തോലിക് വിസിറ്റേറ്ററായി സേവനം ചെയ്തു. 2018-ലാണ് 23 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് ദ്വീപുകളുമടങ്ങുന്ന ഷംഷാബാദ് രൂപതയുടെ മെത്രാനാകുന്നത്. ഷംഷാബാദ് രൂപതയുടെ ആദ്യ ബിഷപ്പാണ് മാർ റാഫേല്‍ തട്ടിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്