തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസും അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട വിവാദങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് അവതരിപ്പിക്കവെയാണ് പാർട്ടിയുടെ വീഴ്ചകൾ അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ പത്മകുമാറിനെ തുടക്കത്തിൽ തന്നെ മാറ്റിനിർത്തിയിരുന്നുവെങ്കിലും ആരോപണം ഉയർന്ന ഉടൻ നടപടി സ്വീകരിച്ചില്ലെന്ന പ്രചാരണം ജനങ്ങൾക്കിടയിൽ ശക്തമായി. ഇത് തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചതായി എം.വി. ഗോവിന്ദൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് തോൽവി മുൻകൂട്ടി കാണാൻ പാർട്ടിക്ക് സാധിച്ചില്ലെന്നും അത് സ്വയംവിമർശനമായി അംഗീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ പൊതുചിന്താമണ്ഡലത്തിൽ വലതുപക്ഷ സ്വാധീനം വ്യാപിച്ചുവെന്നും ചില പരമ്പരാഗത തൊഴിലാളി മേഖലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയാതിരുന്നതും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചുവെന്നും അദ്ദേഹം വിലയിരുത്തി.
സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള ശ്രമങ്ങൾക്ക് യുഡിഎഫ് സർക്കാർ കൂട്ടുനിൽക്കുകയാണെന്ന് ആരോപിച്ച എം.വി. ഗോവിന്ദൻ, ഇതിലൂടെ യുഡിഎഫ്-ബിജെപി ധാരണയാണ് വ്യക്തമാകുന്നതെന്നും പറഞ്ഞു. എസ്ഐആറുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഉണ്ടായ ആശങ്ക മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, കോൺഗ്രസ് കൂട്ടുകെട്ട് ഫലപ്രദമായി ഉപയോഗിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ഈ സാഹചര്യം ന്യൂനപക്ഷ വിഭാഗങ്ങളിൽ ഇടതുപക്ഷത്തിനുണ്ടായിരുന്ന പിന്തുണ കുറയാൻ കാരണമായെന്നും, തെരഞ്ഞെടുപ്പിൽ മതത്തെ ഉപയോഗിച്ച് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ മുസ്ലിം ലീഗ് ശ്രമിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. ഇതിന്റെ പ്രത്യാഘാതം കേരള രാഷ്ട്രീയത്തിൽ ദീർഘകാലം നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് ജനങ്ങൾക്ക് മുന്നിൽ വലിയ വാഗ്ദാനങ്ങൾ മുന്നോട്ടുവെച്ചുവെന്നും പിന്നീട് അവയുടെ യാഥാർഥ്യം പുറത്തുവരികയാണെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു. കോൺഗ്രസും ബിജെപിയും വൻതോതിൽ പണം ചെലവഴിച്ചുവെന്നും ചില പ്രദേശങ്ങളിൽ വായ്പകൾ അടച്ചുകൊടുക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടന്നുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
ഇടതു സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കുന്നതിൽ സംഘടനയ്ക്ക് പോരായ്മ ഉണ്ടായിരുന്നുവെന്നും മാധ്യമങ്ങളുടെ കള്ളപ്രചാരണമെന്ന് സിപിഐഎം വിശേഷിപ്പിക്കുന്ന കാര്യങ്ങളെ പ്രതിരോധിക്കാൻ പാർട്ടിക്ക് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലും എം.വി. ഗോവിന്ദൻ പങ്കുവെച്ചു. കണ്ണൂർ ജില്ലാ കമ്മിറ്റി തന്നെ ഇത് സ്വയംവിമർശനമായി ഉന്നയിച്ചിട്ടുണ്ടെന്നും സംസ്ഥാന കമ്മിറ്റി അത് അംഗീകരിച്ചതായും അദ്ദേഹം അറിയിച്ചു.
വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശങ്ങളെ പാർട്ടി തള്ളിക്കളഞ്ഞതാണെന്നും അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പസംഗമം സർക്കാർ സംഘടിപ്പിച്ചതാണെന്ന പ്രചാരണം ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും, ചടങ്ങിൽ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് തെറ്റായ നടപടിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ വിവിധ തലങ്ങളിൽ വ്യാപകമായ ചർച്ചകൾക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് തയ്യാറാക്കിയതെന്നും, വീഴ്ചകൾ തിരുത്തുന്നതിനായി ജനങ്ങളുടെ അഭിപ്രായം നേരിട്ട് കേൾക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. വാട്സ്ആപ്പ്, ഇ-മെയിൽ എന്നിവ വഴിയും അഭിപ്രായങ്ങൾ സ്വീകരിക്കുമെന്നും മാധ്യമപ്രവർത്തകരുടെ അഭിപ്രായങ്ങളും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
