തൃശൂർ: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചുകൊണ്ടുള്ള 'പ്രിയദർശിനി' പദ്ധതി നിലവിൽ വന്നതിന് പിന്നാലെ, തങ്ങൾക്കും സർക്കാർ ധനസഹായം വേണമെന്ന ആവശ്യവുമായി സ്വകാര്യ ബസ് ഉടമകൾ രംഗത്ത്.
തൃശൂരിൽ ചേർന്ന പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ യോഗത്തിന് ശേഷമാണ് ഉടമകൾ പുതിയ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്. നഷ്ടം ഒഴിവാക്കാൻ നിലവിലുള്ള സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.
ഈ സംവിധാനത്തിൽ ബസിലെ ഡ്രൈവറെ ഉടമകൾ നിയമിക്കുമെന്നും കണ്ടക്ടറെ സർക്കാർ നിയമിക്കട്ടെയെന്നും ഉടമകൾ പ്രതികരിച്ചു. കെ.എസ്.ആർ.ടി.സിക്ക് നൽകുന്നത് പോലുള്ള ധനസഹായം സ്വകാര്യ ബസുകൾക്കും അനുവദിക്കണം. ഒരു സർവീസ് നടത്തുന്നതിന് കിലോമീറ്ററിന് 55 രൂപ നിരക്കിൽ സർക്കാർ തങ്ങൾക്ക് നൽകുകയാണെങ്കിൽ അന്നേദിവസം ബസിൽ നിന്ന് ലഭിക്കുന്ന മുഴുവൻ കളക്ഷൻ തുകയും സർക്കാരിലേക്ക് അടയ്ക്കാം. വണ്ടിയുടെ മറ്റെല്ലാ ചെലവുകളും ഉടമകൾ തന്നെ വഹിക്കും.
അതല്ലെങ്കിൽ, കെ.എസ്.ആർ.ടി.സി മാതൃകയിൽ സ്വകാര്യ ബസുകളിലും വനിതകൾക്ക് സൗജന്യ യാത്ര അനുവദിക്കാൻ തയ്യാറാണ്. എന്നാൽ ഇതിനാകുന്ന തുക സർക്കാർ കൃത്യമായി നൽകണം. ഈ രണ്ട് നിർദ്ദേശങ്ങളും അംഗീകരിക്കാൻ തയ്യാറല്ലെങ്കിൽ സ്വകാര്യ ബസുകൾക്ക് പകുതി വിലയ്ക്ക് ഡീസൽ നൽകുകയോ, റോഡ് ടാക്സ് പൂർണ്ണമായും ഒഴിവാക്കി നൽകുകയോ ചെയ്യണമെന്നും ബസ് ഉടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. കെ.എസ്.ആർ.ടി.സിയിലെ പുതിയ പരിഷ്കാരം സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയിലാണ് ഉടമകൾ ഈ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
