കോഴിക്കോട്: നാദാപുരം മണ്ഡലത്തിൽ പി. വസന്തം സ്ഥാനാർഥിയാകുമെന്ന സാധ്യത ചർച്ചകൾക്കിടെ സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ വിമർശനവുമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചത്.
“ആകാശത്തു നിന്നും നൂലിൽ കെട്ടിയിറക്കുന്ന വസന്തം ഞങ്ങൾക്ക് വേണ്ട, മണ്ണിനെ അറിയുന്ന മനുഷ്യൻ മതി”, “സംസ്ഥാന സെക്രട്ടറിയുടെ ആത്മബന്ധുത്വമല്ല, നാദാപുരത്തിന്റെ ആത്മാവിനെ തൊട്ടറിയുന്നവരാണ് ആവശ്യം”, “എൽഡിഎഫ് വിജയം ഉറപ്പാക്കാൻ വസന്തത്തെ ഉപേക്ഷിക്കണം” എന്നിങ്ങനെ ആണ് പോസ്റ്ററുകളിൽ ഉള്ളത്. എന്നാൽ പോസ്റ്ററിൽ ഏതെങ്കിലും സംഘടനയുടെയോ വ്യക്തിയുടെയോ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ല.
ഇന്നലെ രാത്രിയോടെയാണ് നാദാപുരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. നേരത്തെ സിപിഐ ജില്ലാ സെക്രട്ടറി പി. ഗവാസ് ഉൾപ്പെടെയുള്ളവരുടെ പേരുകളും നാദാപുരം സ്ഥാനാർഥിത്വത്തിനായി ഉയർന്നിരുന്നു. കഴിഞ്ഞ മൂന്ന് ടേമുകളായി ഇ.കെ. വിജയൻ ഇവിടെ മത്സരിച്ച് വിജയിച്ച് എംഎൽഎയായിട്ടുണ്ട്. ടേം വ്യവസ്ഥ പ്രകാരം കാലാവധി പൂർത്തിയായതോടെയാണ് പുതിയ സ്ഥാനാർഥിയെ പരിഗണിക്കുന്നത്.
മഹിളാ സംഘം സംസ്ഥാന പ്രസിഡന്റും മുൻ എംഎൽഎ സത്യൻ മൊകേരിയുടെ ഭാര്യയുമാണ് പി. വസന്തം. മണ്ഡലത്തിൽ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ ശക്തമാകുന്നതിനിടെയാണ് വിവാദ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
