തൃശൂര്‍: തൃശൂര്‍ പൂരത്തിന് 20ന് കൊടിയേറും. പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി ക്ഷേത്രവും പാറമേക്കാവ് ക്ഷേത്രവും ഉള്‍പ്പെടെ എട്ട് ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുന്നത്.
തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11നും 11.30നും ഇടയ്ക്കാണ് കൊടിയേറ്റം. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ കെട്ടി ദേശക്കാര്‍ ചേര്‍ന്ന് ഉയര്‍ത്തുന്നതാണ് ചടങ്ങ്. കൊടിമരത്തിനായുള്ള കവുങ്ങ് പാട്ടുരായ്ക്കല്‍ ജംക്ഷനില്‍ നിന്ന് ക്ഷേത്രത്തിലേക്ക് ആഘോഷപൂര്‍വം എത്തിക്കും. തുടര്‍ന്ന് പാരമ്പര്യ അവകാശികളായ ആശാരി കുടുംബാംഗങ്ങള്‍ കവുങ്ങ് ചെത്തി മിനുക്കി കൊടിമരം തയ്യാറാക്കും.
കൊടിയേറ്റത്തിന് ശേഷം ഉച്ചയ്ക്ക് 3ന് പൂരം പുറപ്പാട് നടക്കും. ഒരാനപ്പുറത്തെ എഴുന്നള്ളിപ്പ് ഷൊര്‍ണൂര്‍ റോഡ് വഴി നായ്ക്കനാലിലെത്തും. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. തുടര്‍ന്ന് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് പുറപ്പാട് നടക്കും. അവിടെ മേളം കലാശിച്ച ശേഷം ആറാട്ടും തിരിച്ചെഴുന്നള്ളത്തും നടക്കും.
പാറമേക്കാവ് ക്ഷേത്രത്തില്‍ 11.30നാണ് കൊടിയേറ്റം. വലിയപാണിക്ക് ശേഷം ഭഗവതിയെ സാക്ഷിയാക്കി ദേശക്കാര്‍ കൊടി ഉയര്‍ത്തും. സിംഹമുദ്രയുള്ള കൊടിക്കൂറ കെട്ടിയാണ് കൊടിമരം ഉയര്‍ത്തുക. തുടര്‍ന്ന് അഞ്ചാനകളുടെ അകമ്പടിയോടെ എഴുന്നള്ളിപ്പും ആറാട്ടും നടക്കും.
കണിമംഗലം ശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാര്‍ത്യായനി ക്ഷേത്രം, പനമുക്കുംപ്പിള്ളി ശാസ്താ ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലുമാണ് 20ന് കൊടിയേറുന്നത്.
ഈ വര്‍ഷത്തെ തൃശൂര്‍ പൂരം ഏപ്രില്‍ 26നാണ്. ഏപ്രില്‍ 24ന് ആനച്ചമയ പ്രദര്‍ശനം ആരംഭിക്കും. അതേ ദിവസം രാത്രി 7ന് സാംപിള്‍ വെടിക്കെട്ടും നടക്കും. 25ന് പൂരം വിളംബരം ചടങ്ങ് നടക്കും.
ഏപ്രില്‍ 26ന് രാവിലെ ഘടക ക്ഷേത്രങ്ങളുടെ പൂരം വരവ്, മഠത്തില്‍വരവ് പഞ്ചവാദ്യം, ഇലഞ്ഞിത്തറ മേളം, കുടമാറ്റം എന്നിവയും പുലര്‍ച്ചെ പ്രധാന വെടിക്കെട്ടും നടക്കും. 27ന് പകല്‍പൂരവും തുടര്‍ന്ന് ഉപചാരചൊല്ലലും നടത്തി രാത്രി ആറാട്ടോടെ പൂരം സമാപിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
