കണ്ണൂർ: പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്നും കമ്മീഷൻ അറിയിച്ചു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴിയെടുക്കൽ പൊലീസ് തുടരുകയാണ്. കുട്ടിയെ ചികിത്സിച്ച ശിശുരോഗ വിദഗ്ധയും പ്ലാസ്റ്റിക് സർജനും ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ മൊഴി ഇതിനകം രേഖപ്പെടുത്തി. കുട്ടിയുടെ മാതാപിതാക്കളിൽ നിന്നുമുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
കുഞ്ഞിന് അനസ്‌തേഷ്യ നൽകിയ ഡോ. അഞ്ജലി പൊതുവാളിനെതിരെയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. സംഭവത്തിൽ തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പൊലീസ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയിട്ടുണ്ട്.
ചികിത്സാ പിഴവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 125 പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കളിക്കുന്നതിനിടെ വീണ് ചുണ്ടിന് പരിക്കേറ്റതിനെ തുടർന്നാണ് ഒന്നര വയസുകാരനായ ദേവാൻഷ് ശൗര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് അനസ്‌തേഷ്യ നൽകാൻ തീരുമാനിച്ചു. അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ കുട്ടി ബോധരഹിതനാകുകയും തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സ തുടരുന്നതിനിടെയാണ് കുട്ടി മരിച്ചത്.
സംഭവത്തിൽ ചികിത്സാ നടപടികളിൽ വീഴ്ചയുണ്ടായോയെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
