'എംഎൽഎയുടെ ഭാര്യയായി  പെൻഷൻ വാങ്ങുന്നുവെന്ന് വ്യാജ പ്രചരണം';  പ്രതികരിച്ച് ശ്രീമതി ടീച്ചർ

JULY 23, 2026, 1:33 AM

 തിരുവനന്തപുരം: തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് മുതിർന്ന സിപിഐഎം നേതാവ് പി കെ ശ്രീമതി. ഏതോ എംഎൽഎയുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് ഫാമിലി പെൻഷൻ വാങ്ങുന്നുവെന്നാണ് പ്രചരണമെന്നും തന്റെ മാനത്തിന് ഇത്രയധികം കോട്ടം മുൻപ് സംഭവിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. 

 കേസ് കൊടുക്കാനുളള നടപടികൾ ആരംഭിച്ചെന്നും പി കെ ശ്രീമതി വ്യക്തമാക്കി. വൈകാരികമായാണ് ശ്രീമതി ടീച്ചർ പ്രതികരിച്ചത്. ജനം ടിവി, ഭാരത് ലൈവ്, കർമ്മ എന്നീ ചാനലുകളാണ് വാർത്ത കൊടുക്കുന്നതെന്നും ശ്രീമതി പറഞ്ഞു.

പികെ ശ്രീമതി മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ

vachakam
vachakam
vachakam

 'ഏതോ ഒരു പിആർ കൃഷ്ണൻ എന്നൊരു എംഎൽഎ ഉണ്ടത്രേ. ആ വ്യക്തിയുടെ ഭാര്യയായി അഭിനയിച്ച് എംഎൽഎയുടെ ഫാമിലി പെൻഷൻ ഞാൻ വാങ്ങുന്നു എന്നതാണ് വാർത്ത. കേട്ടാൽ വിശ്വസിച്ചുപോകുന്ന തരത്തിൽ വൾഗറായാണ് വാർത്ത അവതരിപ്പിക്കുന്നത്. 50 കൊല്ലമായി പൊതുമേഖലയിൽ ഞാനുണ്ട്. ഒരു വാക്ക് എന്നോട് എന്താണ് സംഭവം, ഇങ്ങനൊന്നുണ്ടോ എന്ന് ചോദിക്കാതെയാണ് വാർത്ത കൊടുത്തത്. പൊതുപ്രവർത്തകയെ നാറ്റിക്കാൻ, അവമതിപ്പുണ്ടാക്കുക എന്ന ദുരുദ്ദേശത്തോടെ വാർത്ത കൊടുക്കുകയാണ്': പി കെ ശ്രീമതി പറഞ്ഞു.

 'പാലക്കാട്, തൃശൂർ ഭാഗങ്ങളിൽ ഇങ്ങനൊരു എംഎൽഎയുണ്ടോ എന്ന് അന്വേഷിച്ചു. ഇല്ലെന്നാണ് അറിഞ്ഞത്. അങ്ങനൊരു എംഎൽഎയുടെ ഭാര്യയായി ഞാൻ പെൻഷൻ വാങ്ങുന്നുവെന്നാണ് പറയുന്നത്. പതിനേഴാം വയസ് മുതൽ പൊതുരംഗത്തുളള ആളാണ് ഞാൻ. എന്നെക്കുറിച്ചാണ് പണത്തിന് വേണ്ടി എന്തും ചെയ്യുന്നു എന്നൊക്കെ പറയുന്നത്. നിങ്ങൾക്കും അമ്മമാരുണ്ടല്ലോ. ഒരാളും വസ്തുതയെന്താണ് എന്ന് ചോദിച്ചില്ല. മാനനഷ്ടത്തിന് കേസ് കൊടുക്കാൻ പോവുകയാണ്. മാനത്തിന് കോട്ടം തട്ടുന്ന വിധമാണിത്. എന്റെ ഭർത്താവ് മരിച്ചു. അദ്ദേഹം അധ്യാപകനായിരുന്നു. ഞാനും അധ്യാപികയായിരുന്നു. 45 വയസ് വരെ സ്‌കൂളിൽ പഠിപ്പിച്ചു. സ്ത്രീയോടും പുരുഷനോടും ചെയ്യാൻ പാടില്ലാത്ത കാര്യമാണിത്. എന്റെ ഭർത്താവിന്റെ പെൻഷൻ എനിക്ക് കിട്ടും. അധ്യാപകനെന്ന നിലയ്ക്കുളള പെൻഷൻ.

 വേറൊരാളുടെ പെൻഷൻ തേടി പോകേണ്ട വ്യക്തിയല്ല ഞാൻ. അങ്ങനെ പണത്തിനുവേണ്ടി പോകുന്ന ആളല്ല ഞാൻ. എന്റെ കുടുംബത്തിൽ എല്ലാവരും അധ്യാപകരാണ്. ആ പണം വെച്ച് സുഖമായി ജീവിക്കാൻ കഴിയും. അങ്ങനുളള എന്നെ ഏതോ എംഎൽഎയുടെ ഭാര്യയായി നടിച്ച് പെൻഷൻ വാങ്ങുന്നു എന്ന് വിവരാവകാശ രേഖ കിട്ടിയെന്നാണ് പറയുന്നത്. എന്നോട് ഒരു വാക്ക് ചോദിക്കാമായിരുന്നു. വസ്തുത എന്താണെന്ന്. ഇന്നുവരെ ഒരു പൈസയുടെ അഴിമതി ആരോപണം ഉന്നയിക്കാൻ ഇടകൊടുക്കാത്ത ആളാണ് ഞാൻ. പൊതുപ്രവർത്തകയായ എന്നെ അപമാനിക്കുകയായിരുന്നു അവർ ഇതുവഴി ലക്ഷ്യമിട്ടത്', പി കെ ശ്രീമതി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam