പത്തനംതിട്ടയിലെ 13-കാരിയുടെ വ്യാജ പീഡനപരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പൊലീസ് കസ്റ്റഡിയിൽ മർദിച്ചെന്ന് ആരോപിച്ച് മറ്റൊരു യുവാവും രംഗത്തെത്തി. കേസിൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത 21-കാരനാണ്, പൊലീസ് തന്നെ സ്റ്റേഷനടുത്തുള്ള ഗോഡൗൺ പോലുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി മർദിച്ചെന്ന് വെളിപ്പെടുത്തിയത്.
യുവാവ് പറയുന്നതനുസരിച്ച്, രണ്ട് പെൺകുട്ടികളുടെ ഫോട്ടോ കാണിച്ച് അവരെ അറിയുമോയെന്ന് പൊലീസ് ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞിട്ടും, താനും സഹോദരനും ചേർന്ന് പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് പൊലീസ് ആരോപിച്ചത്. സംഭവദിവസം താൻ തമിഴ്നാട്ടിലായിരുന്നുവെന്ന് അറിയിച്ചെങ്കിലും, മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി ഫോൺ പരിശോധിക്കുകയും തുടർന്ന് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മർദിക്കുകയും ചെയ്തുവെന്നാണ് യുവാവിന്റെ ആരോപണം.
ഇതിനിടെ, കസ്റ്റഡിയിൽ മർദിച്ചെന്ന 20-കാരന്റെ പരാതിയിലും അന്വേഷണം ആരംഭിച്ചു. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അനീഷ കെ.ജി.യുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പരാതിക്കാരുടെയും 21-കാരന്റെയും മൊഴികൾ രേഖപ്പെടുത്തുകയും, കേസുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും.
20-കാരൻ ആഭ്യന്തരമന്ത്രിക്ക് നൽകിയ പരാതിയിൽ, കൂടൽ എസ്.ഐ. ജയമോഹനും സംഘവും നിയമവിരുദ്ധമായി കസ്റ്റഡിയിൽ എടുത്ത് ക്രൂരമായി മർദിച്ചുവെന്നാണ് ആരോപണം. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് അറിയിച്ചിട്ടും പൊലീസ് മർദനം തുടർന്നുവെന്നും, ലാത്തി ഉപയോഗിച്ച് അടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
അതേസമയം, പത്തനംതിട്ടയിലെ 13-കാരിയുടെ പീഡനപരാതി വ്യാജമാണെന്ന് പൊലീസ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. സഹപാഠികൾ തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി നൽകി. ഒരു സഹപാഠിയോടുണ്ടായിരുന്ന പ്രണയം നിരസിക്കപ്പെട്ടതിലെ നിരാശയിലാണ് വ്യാജപരാതി നൽകിയതെന്നും പെൺകുട്ടി സമ്മതിച്ചു. വൈദ്യപരിശോധനയിലും പീഡനത്തിന്റെ യാതൊരു തെളിവും കണ്ടെത്തിയിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
