പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ തർക്കം; സമരക്കാരുമായി ധാരണയിലെത്തിയതായി  ഹൈക്കോടതിയെ അറിയിച്ചു സർക്കാർ

JUNE 16, 2026, 1:57 AM

എറണാകുളം: ഏറെ നാളായി വിവാദമായിരുന്ന മലയിടംതുരുത്ത് പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ വിഷയത്തിൽ സമരക്കാരുമായി ധാരണയിലെത്തിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇരുപക്ഷവും ഒത്തുതീർപ്പ് കരാറിൽ ഒപ്പുവെച്ചതായും പ്രശ്നപരിഹാര നടപടികൾ അവസാനഘട്ടത്തിലാണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് സർക്കാരും സമരസമിതി പ്രതിനിധികളും തമ്മിൽ ഔദ്യോഗിക ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. വിഷയം കോടതിക്ക് പുറത്തുവെച്ച് ചർച്ചയിലൂടെ പരിഹരിക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മന്ത്രി റോജി എം. ജോൺ പ്രതികരിച്ചു.

ധാരണ പ്രകാരം പാരിയത്തുകാവ് നിവാസികൾക്ക് നിലവിലെ സ്ഥലത്തുതന്നെ അഞ്ചു സെന്റ് ഭൂമിയും ആവശ്യമായ റോഡ് സൗകര്യവും ഉറപ്പാക്കും. ഒരു വർഷത്തിനുള്ളിൽ സർക്കാർ മുൻകൈയെടുത്ത് പുതിയ വീടുകൾ നിർമിച്ച് നൽകുമെന്നും ഇതിനായി പ്രത്യേക കരാർ തയ്യാറാക്കുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

പ്രശ്നപരിഹാരത്തിനായി നടന്ന ഉന്നതതല ചർച്ചയിൽ കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന കുടുംബങ്ങൾ, ഭൂവുടമകൾ, സർക്കാർ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തിരുന്നു. ഈ ചർച്ചയിലാണ് അന്തിമ ധാരണ രൂപപ്പെട്ടത്.

പുതിയ വീടുകളുടെ നിർമാണം പൂർത്തിയാകുന്നതുവരെ നിലവിൽ താമസിക്കുന്ന വീടുകളിൽ തന്നെ കുടുംബങ്ങൾക്ക് തുടരാമെന്നും തീരുമാനമായി. സമരങ്ങളുടെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാനും ധാരണയിലെത്തി.

സമരസമിതിയും ചർച്ചയിലെ തീരുമാനങ്ങളെ സ്വാഗതം ചെയ്തു. പാരിയത്തുകാവിലെ കുടുംബങ്ങൾക്ക് അതേ പ്രദേശത്ത് തന്നെ മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഉറപ്പാക്കണമെന്നതായിരുന്നു സമരസമിതിയുടെ പ്രധാന ആവശ്യം. കുടിയൊഴിപ്പിക്കൽ നടപടികൾക്കെതിരെ പ്രദേശവാസികൾക്കൊപ്പം ശക്തമായി നിലകൊണ്ട സമരസമിതി, പുതിയ ധാരണ നടപ്പാകുന്നതിൽ സഹകരിക്കുമെന്നും അറിയിച്ചു.

vachakam
vachakam
vachakam

അതേസമയം, ധാരണയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വിഷയം തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam