മലപ്പുറം: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം സ്വദേശിയുടെ മകൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ വിദ്വേഷപരമായ കമന്റ് ചെയ്തെന്ന കേസിൽ മലപ്പുറം സ്വദേശി മുഹമ്മദ് സനൂഫിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു.
കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശിയായ സനൂഫ് സൗദി അറേബ്യയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ലുക്കൗട്ട് സർക്കുലറിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
മുട്ടം പൊലീസ് ചോദ്യം ചെയ്ത ശേഷം ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചാണ് യു.എ.പി.എ വകുപ്പുകൾ ഉൾപ്പെടെയുള്ള കേസുകൾ ചുമത്തിയത്.
2025 ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന്റെ മകൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിന് താഴെ സനൂഫ് നടത്തിയ കമന്റുകളാണ് കേസിന് ആധാരം. 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ട ആക്രമണത്തെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു കമന്റുകളെന്ന് പൊലീസ് അറിയിച്ചു.
യുവമോർച്ച നേതാവ് നൽകിയ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. യു.എ.പി.എയ്ക്ക് പുറമെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചതിനും സനൂഫിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തശേഷം കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനോ ഭീകരവിരുദ്ധ സ്ക്വാഡിനോ കൈമാറാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
