ദില്ലി: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യക്തിപരമായ വിദ്വേഷമൊന്നുമില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേരളത്തിൽ പിണറായി വിജയനെതിരെ നടത്തിയ വിമർശനങ്ങൾ സംസ്ഥാന കോൺഗ്രസ് ഘടകം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും അദ്ദേഹം ഇന്ത്യ സഖ്യ യോഗത്തിൽ വിശദീകരിച്ചു.
ഇന്ത്യ സഖ്യ യോഗത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. എല്ലാ വിമർശനങ്ങളെയും പുഞ്ചിരിയോടെ സ്വാഗതം ചെയ്യുന്നുവെന്നും അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി വിജയനുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഡിഎംകെയോടുള്ള കോൺഗ്രസിന്റെ സമീപനത്തിലും ഇടതുപക്ഷവും ചില പ്രാദേശിക പാർട്ടികളും യോഗത്തിൽ ശക്തമായ വിമർശനം ഉന്നയിച്ചു. സിപിഎമ്മുമായുള്ള അഭിപ്രായഭിന്നതകൾ ചർച്ചയിലൂടെ പരിഹരിക്കാൻ തയ്യാറാണെന്നും പ്രത്യേക ചർച്ചകൾ നടത്താമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.
ഇതിനിടെ, ഡിഎംകെയെ വീണ്ടും ഇന്ത്യ സഖ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നു. ഡിഎംകെ മുന്നണി വിടുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മമത ബാനർജിയും അഖിലേഷ് യാദവും ഉൾപ്പെടെയുള്ള നേതാക്കൾ അഭിപ്രായപ്പെട്ടു. കോൺഗ്രസ് നേതൃത്വം ചർച്ച നടത്തി ഡിഎംകെയെ തിരിച്ചെത്തിക്കാൻ ശ്രമിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, പല സംസ്ഥാനങ്ങളിലും സീറ്റുകൾ നേടിയെടുക്കുന്നുണ്ടെങ്കിലും വിജയത്തിലേക്ക് അത് മാറ്റാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് അഖിലേഷ് യാദവും തേജസ്വി യാദവും വിമർശിച്ചതായും റിപ്പോർട്ടുകളുണ്ട്.
സിപിഎം നേതാവ് ജോൺ ബ്രിട്ടാസും സിപിഐ നേതാവ് ഡി. രാജയും പിണറായി വിജയനെതിരായ ചില പ്രസ്താവനകൾ ഖേദകരമാണെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടതായി വിവരം. ഇതിന് മറുപടിയായി, സിപിഎമ്മുമായി നേരിട്ട് ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ തയാറാണെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
