തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജനുവരി 17ന് വിധി പറയും.
മൂന്ന് ദിവസങ്ങളിലായി നടന്ന വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് വിധി പറയാനായി കേസ് മാറ്റിയത്. ഗ്രീഷ്മ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വാദിച്ചു. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരൻ നായരും തെളിവി നശിപ്പിച്ച കുറ്റം തെളിഞ്ഞതായും പ്രോസിക്യൂട്ടർ പറഞ്ഞു.
പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായ സാഹചര്യത്തിലാണ് വിധി പറയുന്നത്. കാമുകനായ ഷാരോൺ രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രണയബന്ധത്തിൽ നിന്ന് ഷാരോൺ പിന്മാറാത്തതിനെ തുടർന്നാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഗ്രീഷ്മയ്ക്കെതിരെ പ്രോസിക്യൂഷൻ ഡിജിറ്റൽ തെളിവുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. വിഷത്തിന്റെ പ്രവർത്തനരീതി കൊലപാതകം നടത്തിയ ദിവസം രാവിലെ ഗ്രീഷ്മ ഇന്റർനെറ്റിൽ തിരഞ്ഞിരുന്നു. ഇതാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത്.
പാരാക്വാറ്റ് എന്ന കളനാശിനിയുടെ മനുഷ്യ ശരീരത്തിലെ പ്രവർത്തനരീതിയും വിഷം അകത്ത് ചെന്നാൽ ഒരാൾ എത്ര നേരം കൊണ്ട് മരിക്കുമെന്നുമാണ് ഗ്രീഷ്മ തിരഞ്ഞത്. ഇത് ഗ്രീഷ്മയുടെ ഫോണിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതാണ് കോടതിയിൽ സമർപ്പിച്ചത്. ഇതിന് പുറമേ ഷാരോണിന്റെ ഫോണിൽ നിന്ന് കണ്ടെത്തിയ തെളിവുകളും പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.
2022 ഒക്ടോബർ 25നാണ് ഷാരോൺ മരിക്കുന്നത്. ഗ്രീഷ്മ, അമ്മ സിന്ധുവിന്റെയും അമ്മാവൻ നിർമൽകുമാറിന്റെയും സഹായത്തോടെ ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഒക്ടോബർ പതിമൂന്ന്, പതിനാല് ദിവസങ്ങളിൽ ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം ചേർത്ത് നൽകി. അവശനിലയിലായ ഷാരോണിനെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് ഷാരോൺ മരിക്കുന്നത്. പാറശ്ശാല പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്