തൃശൂര്‍: നഗര മധ്യത്തിലെ ജനവാസമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന രഹസ്യ അനാശാസ്യ കേന്ദ്രത്തിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് മര്‍ദനമേറ്റു മരിച്ചു. ഒഡിഷ സ്വദേശി ധന്‍പതി നായിക് (27) ആണ് ക്രൂരമായ മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരായ ഏഴ് ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നിന്നും വെറും 350 മീറ്റര്‍ മാത്രം അകലെയുള്ള കുറുപ്പം റോഡ് കോരപ്പത്ത് ലെയ്നിലെ വാടകവീട്ടിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഫ്ലാറ്റുകളും വീടുകളും നിറഞ്ഞ ജനനിബിഡമായ ഈ പ്രദേശത്ത് കഴിഞ്ഞ ഏഴുമാസമായി ഈ കേന്ദ്രം പ്രവര്‍ത്തിച്ചുവരികയായിരുന്നു. ജൂണ്‍ 18-ന് രാത്രിയാണ് ധന്‍പതി നായിക്കും രണ്ട് സുഹൃത്തുക്കളും ഈ വീട്ടിലെത്തിയത്. തുടര്‍ന്ന് പണമിടപാടിനെച്ചൊല്ലി ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും, തര്‍ക്കം രൂക്ഷമായതോടെ കേന്ദ്രം നടത്തിപ്പുകാരായ സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന് ധന്പതിയെയും സുഹൃത്തിനെയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ബോധരഹിതനായ ധന്‍പതിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
നാട്ടുകാര്‍ക്ക് യാതൊരുവിധ സംശയവുമുണ്ടാക്കാത്ത രീതിയിലായിരുന്നു കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ഒഡിഷ, ബംഗാള്‍ സ്വദേശികളായ മൊഹന്ദി നായിക്, മസുക, റുബീന ബീഗം, നസ്രിന് അക്താര, നോബി ഹുസൈന്, മച്ചാനി ഖാതൂര്, ബിച്ചു നായിക് എന്നിവരാണ് ഈ കേന്ദ്രം നടത്തിയിരുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം. ഇടപാടുകാരെ ആരും കാണാതെ വീടിന്റെ പിന്‍വാതിലിലൂടെ മാത്രമാണ് അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ അയല്‍വാസികള്‍ക്ക് പോലും ഇവിടെ നടന്നിരുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സൂചന ലഭിച്ചിരുന്നില്ല.
കൊലപാതക വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തൃശൂര്‍ വെസ്റ്റ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. നഗരമധ്യത്തില്‍ ഇത്തരമൊരു കേന്ദ്രം മാസങ്ങളോളം പ്രവര്‍ത്തിച്ചതും ഒടുവില്‍ അത് കൊലപാതകത്തില്‍ കലാശിച്ചതും തൃശൂര്‍ നഗരത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
