'എനിക്ക് കഴിക്കാനല്ലേ അറിയൂ, വാങ്ങാനറിയില്ലല്ലോ'; മില്‍മ പരസ്യം  ഷാഫിയെ പരിഹസിച്ചെന്ന് ആരോപണം, ഒടുവില്‍ പിന്‍വലിച്ചു 

OCTOBER 16, 2025, 8:35 PM

തിരുവനന്തപുരം: മൂക്കിന് മുകളില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച ആളെ പരസ്യത്തില്‍ കാണിച്ച് മില്‍മ. ഒടുവില്‍ പിന്‍വലിച്ചു. പൊലീസ് മര്‍ദനത്തില്‍ വടകര എംപി ഷാഫി പറമ്പിലിന്റെ മൂക്കു പൊട്ടിയതു വിവാദമായിരിക്കെയാണ് മില്‍മയുടെ പരസ്യം പുറത്തുവന്നത്.

ഷാഫിയോടു സാമ്യമുള്ള രൂപം കാരിക്കേച്ചറാക്കി മില്‍മ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കാര്‍ഡാണ് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ സമൂഹമാധ്യമ പേജില്‍ വന്ന കാര്‍ഡാണ് കോണ്‍ഗ്രസ് അനുഭാവികളുടെ പ്രതിഷേധത്തിന് കാരണമായത്.

മൂക്കിനു മുകളില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച ആളാണ് പരസ്യത്തില്‍ ഉള്ളത്. 'എനിക്കു കഴിക്കാനല്ലേ അറിയൂ, വാങ്ങാനറിയില്ലല്ലോ തൊരപ്പന്‍ കൊച്ചുണ്ണി' എന്നാണ് മില്‍മ ഐസ്‌ക്രീം പിടിച്ചു നില്‍ക്കുന്നയാളുള്ള പരസ്യത്തിലെ വാചകം. 'സിഐഡി മൂസ' സിനിമയില്‍ ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച കഥാപാത്രമാണ് തൊരപ്പന്‍ കൊച്ചുണ്ണി. 'എനിക്ക് എഴുതാനല്ലേ അറിയൂ, വായിക്കാന്‍ അറിയില്ലല്ലോ' എന്ന ഡയലോഗ് സിനിമയില്‍ ഈ കഥാപാത്രം പറയുന്നുമുണ്ട്.

ഷാഫിയെ പരിഹസിക്കാനുദ്ദേശിച്ചാണ് മില്‍മയുടെ പരസ്യമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായി. എന്നാല്‍, ആരെയും അപമാനിക്കാനല്ല കാര്‍ഡ് പ്രചരിപ്പിച്ചതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പ്രതികരിച്ചു. മില്‍മയുടെ സമൂഹമാധ്യമ ടീമാണ് ഇക്കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ആരെയും രാഷ്ട്രീയമായി ആക്രമിക്കാന്‍ മില്‍മയ്ക്ക് താല്‍പര്യമില്ല. ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നല്ല പരസ്യ വാചകങ്ങള്‍ നല്‍കാറുണ്ട്. അതിനപ്പുറമൊന്നും ഉദ്ദേശിച്ചിട്ടില്ലെന്നും മണി വ്യക്തമാക്കി.

ബിജെപി നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചിനിടെ പൊലീസ് ബാരിക്കേഡ് മറികടന്നുപോകാന്‍ കഴിയാതെ അവരുമായി തര്‍ക്കിച്ച വിദ്യാര്‍ഥിയെ കാരിക്കേച്ചറാക്കി കഴിഞ്ഞ ദിവസം മില്‍മ പരസ്യം ചെയ്തിരുന്നു. 'ഡാ മോനേ ഒന്നു കൂളായിക്കേ നീ' എന്ന വാചകത്തോടെയായിരുന്നു ലെസിയുടെ പരസ്യം. കുട്ടിയുടെ പിതാവ് മില്‍മ അധികൃതര്‍ക്കു പരാതി നല്‍കിയതോടെ പരസ്യം പിന്‍വലിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam