മലപ്പുറം: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിവാദത്തിൽ പരോക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനങ്ങളിൽ കൂടുതൽ ഔചിത്യം പാലിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് നടന്ന 29-ാമത് ഇ.എം.എസ് ലോകം ദേശീയ സെമിനാറിന്റെ സമാപന സമ്മേളനത്തിലെ ഓപ്പൺ ഫോറത്തിൽ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയായിരുന്നു എം.എ. ബേബിയുടെ പ്രതികരണം. തദ്ദേശ തിരഞ്ഞെടുപ്പിൽ കുടുംബാംഗങ്ങൾ മത്സരിച്ച പല സ്ഥലങ്ങളിലും ജനങ്ങൾ അവരെ തോൽപ്പിച്ചതായി പാർട്ടി തന്നെ വിലയിരുത്തിയിട്ടുണ്ടെന്നും, അത്തരമൊരു അനുഭവം ഉണ്ടായിട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ സമാന സാഹചര്യം ആവർത്തിച്ചത് എന്തുകൊണ്ടാണെന്നുമായിരുന്നു പ്രവർത്തകന്റെ ചോദ്യം.
ഇതിന് മറുപടിയായി പാർട്ടിയിലെ ഒരാളുടെ മകളോ മകനോ ഭാര്യയോ ഭർത്താവോ സഹോദരനോ സഹോദരിയോ ആണെന്നത് മാത്രം ഒരാളെ സ്ഥാനാർഥിയാകുന്നതിൽ നിന്ന് തടയാനുള്ള കാരണമല്ലെന്ന് എം.എ. ബേബി പറഞ്ഞു. പലർക്കും സ്വന്തം രാഷ്ട്രീയ പ്രവർത്തനത്തിന്റെയും കഴിവിന്റെയും അടിസ്ഥാനത്തിൽ സ്ഥാനാർഥിത്വത്തിന് അർഹത ലഭിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, അത്തരം സ്ഥാനാർഥിത്വങ്ങൾ മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും വലിയ വിവാദമാക്കി ഉയർത്തിക്കാട്ടാൻ സാധ്യതയുണ്ടെന്ന കാര്യം നേതൃത്വം തിരിച്ചറിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്ക് അനാവശ്യ വിവാദം ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ട നേതാവ് തന്നെ ഔചിത്യം കാണിക്കണമെന്നും എം.എ. ബേബി പറഞ്ഞു.
“എന്നുമായി ബന്ധപ്പെട്ട ഒരാളുടെ സ്ഥാനാർഥിത്വം വിവാദമാകാൻ സാധ്യതയുണ്ടെങ്കിൽ, മറ്റൊരാളെ പരിഗണിക്കാമെന്ന നിലപാട് സ്വീകരിക്കാൻ ഞാൻ തന്നെ മുൻകൈ എടുക്കണം. അത്തരമൊരു രാഷ്ട്രീയ ജാഗ്രതയും ഉത്തരവാദിത്വവും ആവശ്യമാണ്,” അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യുഡിഎഫ് സർക്കാരിൽ നേരിട്ടുള്ള കുടുംബബന്ധമുള്ള നിരവധി പേർ അധികാര സ്ഥാനങ്ങളിലെത്തിയിട്ടുണ്ടെങ്കിലും അതൊന്നും വലിയ ചർച്ചയാകുന്നില്ലെന്നും എം.എ. ബേബി ആരോപിച്ചു. കോൺഗ്രസിനും യുഡിഎഫിനും ഒരു മാനദണ്ഡവും സിപിഎമ്മിന് മറ്റൊരു മാനദണ്ഡവുമാണ് ചില മാധ്യമങ്ങൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
സിപിഎമ്മിനെതിരെ ഇത്തരത്തിലുള്ള പ്രചാരണങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി മനസിലാക്കി കൂടുതൽ ജാഗ്രതയും കരുതലും പാർട്ടി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെ ഒരു സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ആവശ്യമായ ശ്രദ്ധ ഉണ്ടായില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ സ്വയംവിമർശനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുണ്ടെന്നും എം.എ. ബേബി വ്യക്തമാക്കി.
തളിപ്പറമ്പിൽ പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു എം.എ. ബേബിയുടെ ഈ പ്രതികരണം. പേരെടുത്ത് പറയാതെയായിരുന്നെങ്കിലും സ്ഥാനാർഥി നിർണയത്തിൽ ഔചിത്യം പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
