തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ സംബന്ധിച്ച നിലപാടിൽ ഗതാഗതമന്ത്രി ഗണേഷ് കുമാറിനെതിരെ സിപിഎം വടിയെടിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഇ–ബസുകൾ വാങ്ങില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനം കാര്യങ്ങൾ പഠിക്കാതെയായിരുന്നുവെന്നാണ് കണക്കുകൾ പറയുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എംഎല്‍എ വി കെ പ്രശാന്തും മേയർ ആര്യ രാജേന്ദ്രനും ഇലക്ട്രിക് ബസുകൾ നിലനിർത്തണമെന്ന അഭിപ്രായമാണ് മുന്നോട്ടുവച്ചത്. കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ ബുധനാഴ്ച ഇലക്ട്രിക് ബസുകളുടെ വരുമാനം സംബന്ധിച്ചുള്ള റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്
ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണെന്ന ഗണേഷ്കുമാറിന്റെ വാദം ശരിയല്ലെന്നാണ് കെഎസ്ആർടിസിയുടെ വാർഷിക റിപ്പോർട്ട് പറയുന്നത്. ഇ–ബസുകൾക്ക് കിലോമീറ്ററിനു ശരാശരി 8.21 രൂപ ലാഭമുണ്ടെന്നും ജൂലൈയിൽ ഇത് 13.46 രൂപ വരെയായി ഉയർന്നിരുന്നുതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2023 ഏപ്രിൽ മുതൽ ഡിസംബർ വരെയായി 2.88 കോടി രൂപ ലാഭം കിട്ടി. ഈ കണക്കാകും കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ (സിഎംഡി) ബിജു പ്രഭാകർ നൽകുന്ന റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയെന്നാണു സൂചന.
സിറ്റി സർക്കുലർ സർവീസിന് ഇനി ഡീസൽ ബസുകളേ വാങ്ങൂ എന്ന തീരുമാനവും തിരുത്തേണ്ടിവരും. സ്മാർട് സിറ്റി, കിഫ്ബി പദ്ധതികൾ വഴി ലഭിക്കാനിരുന്ന 45 ഇ–ബസുകൾക്കു പകരം ഡീസൽ ബസുകൾ വേണമെന്നാവശ്യപ്പെട്ട് കത്തു നൽകാൻ സിഎംഡി നിർദേശം നൽകിയിരുന്നു. എന്നാൽ, സ്മാർട് സിറ്റി ഫണ്ട് ഉപയോഗിച്ച് ഡീസൽ ബസ് വാങ്ങാനാകില്ല. ഇ–ബസ് വാങ്ങുകയോ അല്ലെങ്കിൽ ഫണ്ട് വേണ്ടെന്നു വയ്ക്കുകയോ ആണു മാർഗം.
950 ഇ–ബസുകൾ ലഭിക്കുന്ന പ്രധാനമന്ത്രി ഇ–സേവ ബസ് പദ്ധതിയിലും കേരളം നിലപാട് അറിയിച്ചിട്ടില്ല. ബസും ഡ്രൈവറും കേന്ദ്രം സംസ്ഥാനങ്ങൾക്കു ലഭ്യമാക്കുന്ന പദ്ധതിയാണത്. ലാഭവിഹിതം കേന്ദ്രത്തിനും നൽകണം. ഈ ബസുകളെത്തിയാൽ ഇന്ധനച്ചെലവിൽ മാസം 15 കോടിയെങ്കിലും ലാഭിക്കാമെന്നാണ് കെഎസ്ആർടിസിയുടെ തന്നെ റിപ്പോർട്ട്.
ഇലക്ട്രിക് ബസ് വാങ്ങില്ലെന്നും ഇലക്ട്രിക് സിറ്റി ബസ് സർവ്വീസ് നഷ്ടമാണെന്നുമുള്ള ഗണേഷിന്‍റെ പ്രസ്താവനക്കെതിരെ വലിയ വിമർശനമാണ് പൊതുവേ ഉയരുന്നത്. വട്ടിയൂർക്കാവ് എം എൽ എ വി കെ പ്രശാന്ത് തുടങ്ങിവച്ച വിമർശനം സി പി എം സംസ്ഥാന സെക്രട്ടറി വരെ ഏറ്റെടുത്തതോടെ മന്ത്രി പ്രതിസന്ധിയിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്