തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസ് പര്‍ച്ചേസിലെ വില വ്യത്യാസവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുന്‍ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ നടത്തിയ വിശദീകരണങ്ങള്‍ തള്ളി ഔദ്യോഗിക രേഖകള്‍ പുറത്ത്. ജി.എസ്.ടി നിരക്കിലെ കുറവും ബസുകളുടെ മോഡലുകളിലെ വ്യത്യാസവുമാണ് വില വ്യത്യാസത്തിന് കാരണമെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രധാന വാദം. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക പരിവാഹന്‍ സൈറ്റിലെ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ വാദങ്ങളെല്ലാം അപ്രസക്തമാകുകയാണെന്ന് വ്യക്തമാകുന്നു.
ഒരേ ദിവസം ഒരേ മോഡല്‍ ബസുകള്‍ രണ്ട് വ്യത്യസ്ത വില നല്‍കി വാങ്ങിയതിലെ പൊരുത്തക്കേടുകളാണ് പുതിയ വിവാദത്തിന് വഴിതെളിച്ചത്. കെ.എസ്.ആര്‍.ടി.സി ഒരേ വണ്ടി തന്നെ 27 ലക്ഷം രൂപയ്ക്കും 30 ലക്ഷം രൂപയ്ക്കും വാങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ കണക്കുകള്‍ വ്യാജമാണെന്നും തങ്ങള്‍ ഏകദേശം 21.50 ലക്ഷം രൂപയ്ക്കാണ് വണ്ടികള്‍ വാങ്ങിയതെന്നും ഗണേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടത്. അതേസമയം പരിവാഹന്‍ സൈറ്റിലെ വിവരങ്ങള്‍ പ്രകാരം ഒരേ ദിവസം പല വിലയ്ക്കാണ് ഈ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജി.എസ്.ടി വാദവും പൊളിയുന്നു
കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി നിരക്ക് 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറച്ചതാണ് വില വ്യത്യാസത്തിന് കാരണമെന്നായിരുന്നു മുന്‍ മന്ത്രിയുടെ മറ്റൊരു വിശദീകരണം. പുതിയ ജി.എസ്.ടി സ്ലാബ് നിലവില്‍ വന്നത് 2025 സെപ്റ്റംബര്‍ 22 നാണ്. ഇതിനു മുന്‍പ്, ജൂലൈ 11-ന് വാങ്ങിയ വാഹനങ്ങള്‍ക്കും 18 ശതമാനം ജി.എസ്.ടി മാത്രമാണ് ഈടാക്കിയിട്ടുള്ളതെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. ഇതോടെ ജി.എസ്.ടി മാറ്റമാണ് വില വ്യത്യാസത്തിന് കാരണമെന്ന വാദം അസ്ഥാനത്താവുകയാണ്.
ബസുകളിലെ സസ്‌പെന്‍ഷന്‍ സംവിധാനത്തിലുള്ള വ്യത്യാസമാണ് വിലയിലെ മാറ്റത്തിന് കാരണമെന്ന വാദവും ഗണേഷ് കുമാര്‍ ഉയര്‍ത്തിയിരുന്നു. എയര്‍ സസ്‌പെന്‍ഷനുള്ള സൂപ്പര്‍ ഫാസ്റ്റുകളും സ്പ്രിങ് സസ്‌പെന്‍ഷനുള്ള ഓര്‍ഡിനറി ബസുകളും തമ്മിലുള്ള വില വ്യത്യാസമാണിതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കെ.എസ്.ആര്‍.ടി.സിയുടെ ബില്ലുകള്‍ വിശദമായി പരിശോധിക്കുമ്പോള്‍ ഒരിടത്തുപോലും എയര്‍ സസ്‌പെന്‍ഷനാണോ സ്പ്രിങ് സസ്‌പെന്‍ഷനാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. എന്തുകൊണ്ട് വില കൂടി എന്നതിന് ബില്ലുകളില്‍ കൃത്യമായ വിശദീകരണമില്ലാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
'പരിവാഹന്‍' തള്ളി മുന്‍ മന്ത്രി
മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ കെ.എസ്.ആര്‍.ടി.സിയുടെ രേഖകളല്ലെന്നും പരിവാഹന്‍ സൈറ്റിലെ ഗ്രാഫിക്‌സ് വിവരങ്ങള്‍ മാത്രമാണെന്നുമാണ് ഗണേഷ് കുമാറിന്റെ ആക്ഷേപം. എന്നാല്‍ രാജ്യത്തെ മുഴുവന്‍ വാഹനങ്ങളുടെയും കൃത്യമായ വിവരങ്ങള്‍ അടങ്ങിയ കേന്ദ്ര ഗവണ്‍മെന്റിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമായ പരിവാഹനെ ഒരു മുന്‍ ഗതാഗത മന്ത്രി തന്നെ തള്ളിപ്പറയുന്നത് വിഷയത്തില്‍ നിന്ന് ഒളിച്ചോടാനാണെന്ന വിമര്‍ശനം ശക്തമാണ്.
അതേസമയം, ഈ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് താന്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന് ഗണേഷ് കുമാര്‍ വെല്ലുവിളിച്ചിട്ടുണ്ട്. കേസ് സി.ബി.ഐ വേണമെങ്കിലും അന്വേഷിക്കട്ടെയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
