കോട്ടയം: എരുമേലിയിൽ കുടുംബത്തിലെ മൂന്നു പേർ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെട്രോൾ ഒഴിച്ചു സ്വയം തീകൊളുത്തിയ വീട്ടമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മൂന്ന് പേർ മരിച്ചതെന്നാണ് വിവരം.
എരുമേലി – റാന്നി റോഡിൽ ശ്രീനിപുരം പുത്തൻപുരയ്ക്കൽ ശ്രീജ (സീതമ്മ– 48), ഭർത്താവ് സത്യപാലൻ (53), മകൾ അഞ്ജലി (29) എന്നിവരാണു മരിച്ചത്. മകൻ അഖിലേഷിന് (ഉണ്ണിക്കുട്ടൻ –25) നിസ്സാര പൊള്ളലേറ്റു. ശ്രീജ വീട്ടിലും സത്യപാലനും മകളും മെഡിക്കൽ കോളജ് ആശുപത്രിയിലുമാണു മരിച്ചത്. സത്യപാലനും അഞ്ജലിക്കും 90 ശതമാനം പൊള്ളലേറ്റിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഖിലേഷ് സംഭവത്തെക്കുറിച്ചു ഡോക്ടർമാരോടു പറഞ്ഞതിങ്ങനെ:
സത്യപാലൻ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപന ഉടമയാണ്. ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അയൽവാസിയായ യുവാവും തന്റെ സഹോദരി അഞ്ജലിയുമായി പ്രണയത്തിലായിരുന്നു. സത്യപാലനും കുടുംബവും ഈ ബന്ധത്തെ എതിർക്കുകയും മകളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
ഗൾഫിൽ നഴ്സായി ജോലി ചെയ്തിരുന്ന അഞ്ജലി കഴിഞ്ഞ ദിവസമാണു ജോലിസ്ഥലത്തുനിന്നു വീട്ടിലെത്തിയത്. തുടർന്ന് ഇവരുടെ വീട്ടിലെത്തിയ യുവാവ് അഞ്ജലിയെ വിവാഹം കഴിച്ചുതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കൾ സമ്മതിച്ചില്ല. ഇന്നലെ രാവിലെ യുവാവ് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി എത്തി. അഞ്ജലിയെക്കൂട്ടി പോകാൻ ശ്രമിച്ചെന്നും തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ തർക്കവും സംഘർഷവും ഉണ്ടായെന്നും പറയുന്നു.
യുവാവും ബന്ധുക്കളും മടങ്ങിയ ശേഷം ഉച്ചയ്ക്കു പന്ത്രണ്ടരയോടെ യുവതിയുടെ കുടുംബാംഗങ്ങൾ തമ്മിൽ വഴക്കുണ്ടായി. ഇതിനിടയിൽ താൻ ശുചിമുറിയിൽ കയറി കതകടച്ചെന്നും ആ സമയം അമ്മ പെട്രോൾ ഒഴിച്ചു സ്വയം തീകൊളുത്തിയെന്നുമാണ് അഖിലേഷ് കൊടുത്ത മൊഴി. ലൈറ്റ് ആൻഡ് സൗണ്ട് ഉപകരണങ്ങൾക്കും ജനറേറ്ററിനുമായി പെട്രോൾ വാങ്ങി വീട്ടിൽ സൂക്ഷിച്ചിരുന്നു. അഖിലേഷാണ് അച്ഛനെയും സഹോദരിയെയും വീടിനുള്ളിൽനിന്നു പുറത്തെത്തിച്ചത്. പൊള്ളലേറ്റു മരിച്ചു കിടന്ന ശ്രീജയെ കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാസേന എത്തി തീയണച്ച ശേഷമാണ് ആശുപത്രിയിലേക്കു മാറ്റിയത്. പൊലീസ് അഖിലേഷിന്റെ മൊഴി രേഖപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്