നാളെ  സംസ്ഥാന വ്യാപകമായി സർക്കാർ ഡോക്ടർമാർ പ്രതിഷേധദിനം ആചരിക്കും

OCTOBER 8, 2025, 7:12 AM

തിരുവനന്തപുരം: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറെ  തലയ്ക്ക് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ കെ ജി എം ഒ എ അതിശക്തമായി പ്രതിഷേധിച്ചു.

 കേരളത്തിലെ സർക്കാർ ആശുപത്രികളിലെ അരക്ഷിതാവസ്ഥയും സുരക്ഷാ വീഴ്ചയും  വ്യക്തമാക്കുന്നതാണ് ഈ സംഭവം. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പാക്കുന്നതിൽ സർക്കാരും സമൂഹവും പരാജയപ്പെടുന്നു എന്നത് തികച്ചും നിരാശാജനകമാണെന്ന് കെ ജി എം ഒ എ  പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 

 തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആശുപത്രി അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ആശുപത്രികളെ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്ന് ദീർഘകാലമായി സംഘടന മുന്നോട്ടുവച്ചിട്ടുള്ള ആവശ്യം ഇതേവരെ യാഥാർത്ഥ്യമായിട്ടില്ലെന്നും സംഘടന കുറ്റപ്പെടുത്തി.

vachakam
vachakam
vachakam

ഡോക്ടർ വന്ദനാദാസിൻ്റെ ദാരുണമായ കൊലപാതകത്തിന് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിൽ ആശുപത്രികളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് കാതലായ നിർദ്ദേശങ്ങളും തീരുമാനങ്ങളും ഉണ്ടായിരുന്നു. ആശുപത്രികളുടെ സുരക്ഷാ ചുമതല സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെ ഏൽപ്പിക്കും എന്നും എല്ലാ പ്രധാന ആശുപത്രികളിലും പോലീസ് ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കും തിരക്കുള്ള സമയത്ത് അത്യാഹിത വിഭാഗങ്ങളിൽ രണ്ട് ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തും എന്നുമുള്ള വാഗ്ദാനങ്ങൾ ഇപ്പോഴും ജലരേഖയായി അവശേഷിക്കുകയാണ്. ട്രയാജ് സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച് 2021-ൽ തന്നെ സർക്കാർ ഉത്തരവ് പുറത്തിറങ്ങിയെങ്കിലും ഭൂരിഭാഗം സർക്കാർ ആശുപത്രികളിലും മാനവവിഭവശേഷിക്കുറവ് മൂലം കാര്യക്ഷമമായ ട്രയാജ് സംവിധാനം നടപ്പിലാക്കിയിട്ടില്ല.

 ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി കോഡ് ഗ്രേ  പ്രോട്ടോകോൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ഇതിന്റെ ഭാഗമായിട്ടുള്ള നിർദ്ദേശങ്ങൾ  പലയിടത്തും യാഥാർത്ഥ്യമായിട്ടില്ല.   ഇതിന്റെ ഭാഗമായി വിമുക്തഭടന്മാരെ സുരക്ഷാ ജീവനക്കാരായി നിയമിക്കുന്നതിനും ആശുപത്രികളിൽ സിസിടിവികൾ സ്ഥാപിക്കുന്നതിനുള്ള ഫണ്ടുകൾ വകയിരുത്തുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പലയിടത്തും പരാജയപ്പെടുന്നു. അതോടൊപ്പം സർക്കാർ  ആശുപത്രികളിൽ പ്രത്യേകിച്ച് അത്യാഹിത വിഭാഗങ്ങളിൽ ഉണ്ടാവുന്ന അനിയന്ത്രിതമായ തിരക്ക് പലപ്പോഴും ആശുപത്രി അക്രമങ്ങളിലേക്ക് വഴിതെളിക്കുന്നു.

 ഈ സാഹചര്യങ്ങളിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തരമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്ന് സംഘടന ശക്തമായി ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ ആശുപത്രികൾ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കുകയും, എല്ലാ പ്രധാന ആശുപത്രികളിൽ പോലീസ് ഔട്ട് പോസ്റ്റുകൾ അടിയന്തരമായി സ്ഥാപിക്കുകയും, ആശുപത്രികളുടെ സുരക്ഷാജോലിക്കായി സായുധരായ  വിമുക്തഭടന്മാരെ നിയമിക്കുകയും ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് സംഘടന ആവശ്യപ്പെടുന്നു. അതോടൊപ്പം അത്യാഹിത വിഭാഗങ്ങളിൽ ഒരേസമയം രണ്ട് ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്ന വിധത്തിൽ പ്രധാന ആശുപത്രികളിൽ ഏറ്റവും കുറഞ്ഞത് 8 ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരുടെ തസ്തികകൾ ഉടൻതന്നെ സൃഷ്ടിക്കേണ്ടതാണ്.    കോഡ് ഗ്രേ പ്രോട്ടോകോൾ നിർദ്ദേശങ്ങൾ പാലിക്കുന്നതിനായി ആവശ്യത്തിനുള്ള ഫണ്ടുകൾ വകയിരുത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകണമെന്നും സംഘടന ആവശ്യപ്പെടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam