തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയിലെ അംഗങ്ങളെയും വകുപ്പുകളെയും കുറിച്ചുള്ള ചർച്ചകൾ യുഡിഎഫിൽ കൂടുതൽ സജീവമാകുന്നു. പ്രധാന ഘടകകക്ഷികൾ മന്ത്രിസ്ഥാനവും നിർണായക വകുപ്പുകളും ആവശ്യപ്പെട്ട് സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) രണ്ട് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ശക്തമായി മുന്നോട്ടുവച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് പാർട്ടി നേതൃത്വം. ഏഴ് എംഎൽഎമാരുള്ള പാർട്ടിയായതിനാൽ അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നു.
പ്രധാനപ്പെട്ട വകുപ്പുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മോൻസ് ജോസഫ് പ്രതികരിച്ചു. മുൻ മന്ത്രിസഭകളിൽ ധനവകുപ്പ് ഉൾപ്പെടെയുള്ള നിർണായക വകുപ്പുകൾ പാർട്ടിക്ക് ലഭിച്ചിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. “ഒരു എംഎൽഎ മാത്രം ഉള്ള പാർട്ടികൾക്ക് പോലും മന്ത്രിസ്ഥാനം ലഭിക്കുന്ന സാഹചര്യത്തിൽ കേരള കോൺഗ്രസിനെയും യോജിച്ച രീതിയിൽ പരിഗണിക്കണം,” എന്നും അദ്ദേഹം പറഞ്ഞു.
വകുപ്പുകളെച്ചൊല്ലി കടുത്ത പിടിവാശിയില്ലെങ്കിലും സ്വാധീനമുള്ള വകുപ്പുകൾ വേണമെന്ന ആവശ്യം പാർട്ടി മുന്നോട്ടുവെച്ചിട്ടുണ്ട്. ചീഫ് വിപ്പ് പദവിയെക്കുറിച്ച് ഇതുവരെ ചർച്ചയില്ലെന്നും, അത്തരം ഒരു സാധ്യതയോട് വലിയ താൽപ്പര്യമില്ലെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.
അതേസമയം, മുസ്ലിം ലീഗിന് മന്ത്രിസഭയിൽ അഞ്ച് അംഗപ്രാതിനിധ്യം ലഭിക്കാനിടയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഉണ്ടായിരുന്ന മാതൃക ആവർത്തിക്കാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നത്.
പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗിൽ നിന്ന് മന്ത്രിസഭയിൽ ഇടംപിടിക്കാനിടയുള്ള പ്രധാന പേരുകൾ. വകുപ്പുകളെക്കുറിച്ചും ഏകദേശ ധാരണകൾ രൂപപ്പെടുന്നുവെന്നാണ് വിവരം.
കുഞ്ഞാലിക്കുട്ടിക്ക് വ്യവസായ-ഐടി വകുപ്പ് ലഭിക്കാമെന്നാണു സൂചന. എൻ. ഷംസുദ്ദീനെ വിദ്യാഭ്യാസ വകുപ്പിലേക്ക് പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പി.കെ. ബഷീറിന് ന്യൂനപക്ഷ ക്ഷേമം, പ്രവാസി വകുപ്പ്, ഹജ്ജ്, വഖഫ് ബോർഡ് തുടങ്ങിയ ചുമതലകൾ ലഭിക്കാനിടയുണ്ട്. കെ.എം. ഷാജിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് നൽകുന്നതും, വി.ഇ. അബ്ദുൾ ഗഫൂറിനെ പൊതുമരാമത്ത് വകുപ്പിലേക്ക് പരിഗണിക്കുന്നതുമാണ് മുന്നണിക്കുള്ളിലെ ചർച്ചകൾ.
സത്യപ്രതിജ്ഞ അടുത്തിരിക്കെ മുന്നണിക്കുള്ളിലെ ചർച്ചകൾ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാ ഘടകകക്ഷികളെയും തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള മന്ത്രിസഭ രൂപീകരിക്കാനാണ് യുഡിഎഫ് നേതൃത്വം ശ്രമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
