മുന്‍ റിപ്പബ്ലിക്കന്‍ നേതാവ് നാന്‍സി കാസെബോം അന്തരിച്ചു

AUGUST 22, 2026, 7:16 PM

വാഷിംഗ്ടണ്‍: അമേരിക്കന്‍ പാര്‍ലമെന്റിലെ ചരിത്ര വനിതയും മുന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്ററുമായിരുന്ന നാന്‍സി കാസെബോം ബേക്കര്‍ (94) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യമെന്ന് മകന്‍ ബില്‍ കാസെബോം അറിയിച്ചു.

യു.എസ് സെനറ്റില്‍ ഭര്‍ത്താവിന്റെ രാഷ്ട്രീയ പാരമ്പര്യമോ തണലോ ഇല്ലാതെ സ്വന്തമായി മത്സരിച്ച് ജയിച്ചെത്തിയ ആദ്യ വനിതയെന്ന ചരിത്രനേട്ടത്തിന് ഉടമയാണ് നാന്‍സി. കാന്‍സാസ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് 1978 മുതല്‍ 1997 വരെ തുടര്‍ച്ചയായി 18 വര്‍ഷം അവര്‍ സെനറ്ററായി സേവനമനുഷ്ഠിച്ചു. കക്ഷിരാഷ്ട്രീയത്തിന് അപ്പുറം സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്ന സ്വതന്ത്ര ചിന്താഗതിക്കാരിയായ ജനപ്രതിനിധിയായാണ് നാന്‍സി അറിയപ്പെട്ടിരുന്നത്.

1936 ലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും കാന്‍സാസ് ഗവര്‍ണറുമായിരുന്ന ആല്‍ഫ് ലാന്‍ഡന്റെ മകളാണ് നാന്‍സി. പാര്‍ട്ടി നിലപാടുകളോട് വിയോജിപ്പുണ്ടെങ്കില്‍ അത് തുറന്നുപറയാന്‍ മടിക്കാത്ത മിതവാദി നേതാവായിരുന്നു അവര്‍. 1996 ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്റര്‍ ടെഡ് കെന്നഡിയുമായി ചേര്‍ന്ന് അവര്‍ കൊണ്ടുവന്ന ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം അമേരിക്കന്‍ രാഷ്ട്രീയത്തിലെ അപൂര്‍വ്വമായ ഉഭയകക്ഷി സഹകരണത്തിന് ഉദാഹരണമാണ്. കൂടാതെ അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ കൊണ്ടുവന്ന തോക്ക് നിരോധന നിയമത്തെ പിന്തുണച്ചതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിയിലെ തീവ്രനിലപാടുകാരില്‍ നിന്ന് വലിയ എതിര്‍പ്പുകളും അവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

ജനപ്രീതിയില്‍ മുന്നിലായിരുന്ന നാന്‍സി 1984 ലും 1990 ലും വന്‍ ഭൂരിപക്ഷത്തോടെയാണ് കാന്‍സാസില്‍ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പ് 1996 ല്‍ മുന്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഹൊവാര്‍ഡ് ബേക്കറെ അവര്‍ വിവാഹം കഴിച്ചു. ഇരുവരും മുന്‍പ് സെനറ്റര്‍മാരായിരുന്നതിനാല്‍, യു.എസ് സെനറ്റ് ചരിത്രത്തില്‍ രണ്ട് സെനറ്റര്‍മാര്‍ തമ്മില്‍ നടന്ന ആദ്യ വിവാഹമായിരുന്നു അത്.

ഔദ്യോഗിക രാഷ്ട്രീയ ജീവിതത്തിന് ശേഷവും നാന്‍സി പൊതുരംഗത്ത് സജീവമായിരുന്നു. പിന്നീട് പാര്‍ട്ടി നിലപാടുകളോട് കൂടുതല്‍ വിയോജിച്ച അവര്‍ ഡെമോക്രാറ്റിക് ഗവര്‍ണര്‍ ലോറ കെല്ലി ഉള്‍പ്പെടെയുള്ള എതിര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചു. 2021 ജനുവരി 6 ന് യു.എസ് ക്യാപിറ്റോളില്‍ നടന്ന ആക്രമണത്തെത്തുടര്‍ന്ന് അന്നത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് പരസ്യമായി ആവശ്യപ്പെട്ട പ്രമുഖ റിപ്പബ്ലിക്കന്‍ നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു നാന്‍സി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam